തിരുവനന്തപുരം: ഒരിക്കലെങ്കിലും ബാലഭാസ്‌കറിന്റെ വയലിൻ വായന നേരിട്ട് കണ്ടിട്ടുള്ളവർക്ക് അയാളെ മറക്കാൻ കഴിയില്ല. മാന്ത്രികത എന്നത് അക്ഷരം തെറ്റാതെ തന്നെ പറയാം ബാലഭാസ്‌കറിന്റെ വൈദഗ്ധ്യത്തെ കുറിച്ച് വയലിനിൽ അയാളുടെ വിരലുകൾ സ്പർശിക്കുമ്പോൾ തന്നെ കാഴ്‌ച്ചക്കാരൻ മറ്റൊരു ലോകത്തേക്ക് എത്തും എന്ന് പറഞ്ഞാൽ അതിന് ആലങ്കാരികത തീരെ ഉണ്ടാകില്ല. മെലഡികളും ക്ലാസിക്കുകളും മുതൽ അടിച്ച് പൊളി ഗാനങ്ങൾ വരെ തന്റെ വിരലുകൾ കൊണ്ട് അവിസ്മരണീയമാക്കിയ പ്രതിഭാസമായിരുന്നു ബാലു. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്യയുമൊത്ത് ചേർന്ന് സംഘടിപ്പിക്കുന്ന ഫ്യൂഷൻ പരിപാടികൾ മലയാളികൾക്ക് സമ്മാനിച്ചത് ലോകോത്തര നിലവാരമുള്ള പരിപാടികളാണ്.

സ്റ്റീഫൻ ദേവസ്യയും ബാലഭാസ്‌കറും ചേർന്ന് കീബോർഡും വയലിനും ഉപയോഗിച്ച് ഒരുമിച്ച് ഫ്യൂഷൻ കച്ചേരികൾ അവതരിപ്പിച്ചത് നിരവധി വേദികളിലാണ്. ഇരുവരും ഒരുമിച്ചുള്ള പരിപാടികൾ പ്രേഷകന് സമ്മാനിച്ചത് അന്താരാഷ്ട്ര നിലവാരമുള്ള സംഗീത വിരുന്ന് തന്നെയാണ്. യുവാക്കൾ മുതൽ പ്രായമുള്ളവർ വരെ ബാലയുടെ ആരാധകരാണ്. ഐസിങ് ഇൻ ദ കേക്ക് എന്ന മട്ടിലാണ് പിന്നീട് ബാലയും സ്റ്റീഫനും ഒരുമിച്ചത്. ഇരുവരും ഒരുമിച്ച് അണിനിരന്ന വേദികൾ സംഗീത പ്രേമികൾക്ക് മറക്കാൻ കഴിയാത്ത അനുഭവങ്ങൾ തന്നെയാണ് സമ്മാനിച്ചിട്ടുള്ളത്.

കീബോർഡിലെ മാന്ത്രികനും വയലിനിലെ പ്രതിഭാസവും ഒരുമിച്ച് നാട്ടിലും വിദേശത്തും അവതരിപ്പിച്ചത് നിരവധി പരിപാടികളാണ്. ഇരുവരും ഒരുമിച്ചുള്ള പരിപാടിയെന്ന അറിഞ്ഞാൽ പിന്നെ നിമിഷങ്ങൾക്കുള്ളിലാണ് ടിക്കറ്റുകൾ വിറ്റ് തീരുക. അത്രയ്ക്ക് ആരാധകരുടെ മനസ്സിൽ സ്ഥാനം നേടി കലാകാരന്മാരാണ് ഇരുവരും. അതിൽ ഇനി ബാലു എന്ന ബാലഭാസ്‌കർ ഇല്ലെന്ന സത്യം ഉൾക്കൊള്ളാൻ സംഗീത ലോകത്തിന് ഒരുപാട് സമയം വേണ്ടിവരും.

ഇനിയും ഒരുപാട് കാലം നമ്മളെ പ്രണയത്തിലാക്കാൻ പോന്ന മെലഡികൾ അവതരിപ്പിച്ചും ഇമോഷണലാക്കുന്ന സെന്റിമെന്റൽ ഗാനങ്ങൾ അവതരിപ്പിച്ചും വയലിൻ സംഗീത വിരുന്നുകൾ ഒരുക്കാൻ കഴിയുമായിരുന്ന ആ അതുല്യ പ്രതിഭയുടെ മരണം തീർക്കുന്നത് ഒരുകാലത്തും നികത്താൻ കഴിയാത്ത വിടവ് തന്നെയാണ്. സ്റ്റീഫൻ ദേവസ്യക്ക് പുറമെ ശിവമണിയെപോലെയുള്ള പ്രതിഭകളുമൊത്തായിരുന്നു ബാലുവിന്റെ ഫ്യൂഷൻ പരിപാടികൾ. ഇന്ത്യൻ സംഗീതത്തിലെ ഓസ്‌കാർ ജേതാവ് എ ആർ റഹ്മാനെ പോലും ഞെട്ടിച്ച പ്രതിഭയാണ് ബാലു.

തിരുവനന്തപുരത്തെ സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ സികെ ഉണ്ണി, ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്‌കറിന് വഴികാട്ടിയായത് അമ്മാവൻ ബി ശശികുമാറായിരുന്നു. പന്ത്രണ്ടാം വയസ്സിൽ ആദ്യകച്ചേരി.പിന്നീട് കലാമേളകളിൽ മിന്നുംതാരമായ കൗമാരക്കാരനെ തേടി മംഗല്യപ്പലക്ക് എന്ന സിനിമയിൽ പാട്ടുകളൊരുക്കാൻ ക്ഷണം എത്തുമ്പോൾ വയസ് വെറും 17.

മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകൻ. ഈസ്റ്റ് കോസ്റ്റുമായി കൈകോർത്ത് ഹിറ്റ് റൊമാന്റിക് ആൽബങ്ങൾ. വെള്ളിത്തിരയിൽ നല്ല തുടക്കം കിട്ടിയെങ്കിലും സിനിമയുടെ ഗ്ലാമറിന് പിന്നാലെയായിരുന്നില്ല ബാലഭാസ്‌കറിന്റെ യാത്ര. വയലിനിലെ അനന്തസാധ്യതകളെ കുറിച്ചായിരുന്നു എന്നും ചിന്ത. കർണാടക സംഗീതത്തെ അടുത്തറിയാൻ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് സംസ്‌കൃതത്തിൽ എംഎ എടുത്തു. കോളേജ് സുഹൃത്തുക്കളുമായി ചേർന്ന് ബാൻഡ് രൂപീകരിച്ചു. പരമ്പരാഗതശൈലി കൈവിടാതെ പാശ്ചാത്യസംഗീതത്തെയും ഒപ്പം നിർത്തിയായിരുന്നു പരീക്ഷണം.

ഗാനഗന്ധർവ്വൻ കെജെ യേശുദാസ്, കെഎസ് ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി തുടങ്ങിയ പ്രമുഖർക്കൊപ്പം കലാവിരുന്ന്. ഇന്ത്യക്കകത്തും പുറത്തുമായി അനേകം സ്റ്റേജ് ഷോകൾ. ബാലലീലയെന്ന ബാൻഡുമായി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ ആണ് അപ്രതീക്ഷിത ദുരന്തം. 15 വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകൾ തേജസ്വിക്ക് പിന്നാലെ ബാലുവും മടങ്ങുകയാണ്.