കൊല്ലം: വീടുകളിൽ കൂലിവേലയ്ക്ക് പോകുന്നതിനിടയിലാണ് ഇരവിപുരത്ത് അറസ്റ്റിലായ മന്ത്രവാദി താന്നി ക്ഷേത്രത്തിനു സമീപം ആലുവിള വീട്ടിൽ ബലഭദ്രൻ (63) ആളുകളെ മന്ത്രവാദം നടത്തി ഫലം കിട്ടുമെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കിയിരുന്നതെന്ന് പൊലീസിന് മൊഴി നൽകി. ഇസ്ലാം മത വിശ്വാസികളായ സ്ത്രീകളെയാണ് ഇയാൾ കൂടുതലായി വലയിൽ വീഴ്‌ത്തി മന്ത്രവാദം നടത്തി പണം തട്ടിയെടുത്തിരുന്നത്. ഇപ്പോഴത്തെ കഷ്ട്പ്പാടുകളെല്ലാം മാറി സൗഭാഗ്യത്തോടെ ജീവിക്കാൻ കഴിയുമെന്നും മകനോ മകൾക്കോ നല്ല വിവാഹം നടക്കുമെന്നുമൊക്കെ പറഞ്ഞ് വീട്ടിലെത്തിച്ചായിരുന്നു മന്ത്രവാദം നടത്തിയിരുന്നത്.

വീടുകളിൽ പറമ്പ് കിളക്കാനും കൃഷിപ്പണിക്കുമാണ് ഇയാൾ പോയിരുന്നത്. അവിടെയുള്ള സ്ത്രീകളുമായി ചങ്ങാത്തത്തിലാവുകയും മന്ത്രവാദിയാണെന്ന് പരിചയപ്പെടുത്തുകയും ചെയ്യും. സ്ത്രീകളുടെ വിഷമങ്ങൾ കേട്ടിരുന്ന ശേഷം പ്രതിവിധികൾ ചെയ്താൽ എല്ലാം മാറും എന്ന് വിശ്വസിപ്പിക്കും. കണ്ണടച്ച് കുറച്ചു നേരം ഇരുന്ന് എന്തൊക്കെയോ ഉരുവിട്ടതിന് ശേഷം വീട്ടിൽ വലിയ ദോഷങ്ങൾ ഉണ്ടെന്ന് അകക്കണ്ണിൽ കാണുന്നുണ്ട് എന്ന് പറയും.

വലിയ അപകടം വരാൻ സാധ്യതയുണ്ടെന്നും എത്രയും വേഗം ചില പൂജകൾ ചെയ്യണമെന്നും അറിയിക്കും. ഇതോടെ സ്ത്രീകൾ അങ്കലാപ്പിലാകും. വരാൻ പോകുന്ന അപകടത്തിന്റെ കാര്യമോർത്ത് ബലഭദ്രനെ സമീപിച്ച് പ്രതിവിധികൾ ചെയ്യാൻ ആവശ്യപ്പെടും. ഇങ്ങനെയാണ് ഇയാൾ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്. തട്ടിപ്പാണെന്ന് മനസ്സിലാകുമ്പോഴേക്കും പണം കുറേ നഷ്ടപ്പെട്ടിട്ടുണ്ടാവും. മാനഹാനി ഭയന്ന് ആരും പരാതി നൽകാനും തയ്യാറാവില്ല. ഒടുവിൽ മന്ത്രവാദം നടത്തി ഫലം കാണാതെ വന്ന ദമ്പതികൾ പണം തിരികെ ചോദിച്ചെത്തിയപ്പോൾ കത്തി കുത്തി അക്രമിച്ച സംഭവം പുറത്തറിഞ്ഞതോടെയാണ് ഇയാൾക്കെതിരെ പലരും പരാതിയുന്നയിച്ചെത്തി തുടങ്ങിയത്.

വീട്ടിലെ പൂജാ മുറിയിൽ ജപിച്ച് നൽകുന്ന തകിടുകളാണ് കാര്യ സാധ്യത്തിനെന്ന പേരിൽ നൽകിയിരുന്നത്. ഹോമങ്ങളൊക്കെ നടത്തി വൻതുകകൾ വാങ്ങിയാണ് അന്ധവിശ്വാസികളായവരെ കബളിപ്പിച്ചിരുന്നത്. പ്രത്യേക മന്ത്രം ജപിച്ച് കിണ്ടിയിലെ വെള്ളം നൽകുകയും ഭസ്മം വീട്ടിൽ കൊണ്ടു പോയി പ്രത്യേകം സൂക്ഷിക്കാനും നൽകിയിരുന്നു. പണം കുമിഞ്ഞുകൂടാനായി തകിടും കൂടും നൽകി പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കാൻ പറയും. ഇത്തരത്തിൽ വിവധ ആവിശ്യങ്ങൾക്കായി എത്തിയവരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത് സുഖ ജീവിതം നയിക്കുകയായിരുന്നു. അഞ്ചിലധികം ഭാര്യമാർ ഇയാൾക്ക് വിവിധ സ്ഥലങ്ങളിലായി ഉണ്ട്. അവിടെയൊക്കെ പോയി മന്ത്രവാദം നടത്തുകയും ചെയ്തിരുന്നു. പ്രത്യേക ഷെഡ് നിർമ്മിച്ച് അവിടെയാണ് മന്ത്രവാദം നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസമാണ് ബലഭദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മാർച്ച് 29 നാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണത്തിനിരയായവർ ബലഭദ്രനെ സമീപിച്ചത്. പലവിധ പൂജകളും മന്ത്രവാദവും നടത്തി ബാധ ഒഴിപ്പിക്കുന്നതിനായി പലപ്പോഴായി ഇയാൾ ഇവരിൽ നിന്നും ഒരു ലക്ഷം കൈപ്പറ്റിയിരുന്നു. ബാധ മാറാൻ വീട്ടിൽ കുഴിച്ചിടാനെന്നു പറഞ്ഞ് തകിടും കൂടും നൽകുകയും ചെയ്തു. ബലഭദ്രന്റെ നിർദ്ദേശമനുസരിച്ച് തകിടും കൂടും വീട്ടിൽ കുഴിച്ചിട്ടെങ്കിലും ബാധമാറിയില്ലെന്ന് പറഞ്ഞ് പണം നൽകിയ പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്പതികൾ താന്നിയിലെ മന്ത്രവാദിയുടെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടു. ഒരു പൂജ കൂടി ചെയ്തുവെങ്കിൽ മാത്രമേ ബാധ മാറൂ എന്നു പറഞ്ഞ് യുവതിയെ മാത്രം പൂജാമുറിയിലേക്ക് വിളിച്ചു കയറ്റി. അവിടെ വച്ചാണ് യുവതിയോട് എന്റെ വിയർപ്പും നിന്റെ വിയർപ്പും ഒന്നിച്ചെങ്കിൽ മാത്രമേ ഫലം ഉണ്ടാകൂ എന്ന് പറയുകയും യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചതും.

പേടിച്ചു പോയ യുവതി പൂജാ മുറിയിൽ നിന്നും ഇറങ്ങിയോടി പുറത്ത് കാത്തുനിന്ന ഭർത്താവിനോടും മാതാവിനോടും വിവരം പറഞ്ഞു. ഇതോടെ ബലഭദ്രനുമായി ഇവർ വാക്കു തർക്കവും കയ്യാങ്കളിയുമായി. ഇതിനിടയിലാണ് കയ്യിൽ കരുതിയ കത്തിയെടുത്ത് ബലഭദ്രൻ കുത്തിയത്. യുവതിയുടെ മാതാവ് കുത്തേറ്റു ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാൾ വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് എത്തിയപ്പോഴേക്കും മാവേലിക്കരയിലേക്കു കടന്നു. ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഇയാൾ ഇതു മുതലെടുത്താണ് ഒളിവിൽ കഴിഞ്ഞിരുന്നത്.

മാവേലിക്കര കൊല്ലകടവ് ഭാഗത്തുനിന്ന് ഇരവിപുരം ഇൻസ്പെക്ടർ പി.എസ്. ധർമജിത്ത്, എസ്ഐമാരായ ദീപു, സൂരജ്, സുതൻ, സന്തോഷ്, അജിത് കുമാർ, എഎസ്ഐ ഷിബു പീറ്റർ, സിപിഒ വൈശാഖ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. പല അവധികൾ പറഞ്ഞ ശേഷം മാർച്ച് 29 ന് പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഇവരെ വീട്ടിലേക്കു വിളിച്ചു വരുത്തി ആക്രമിച്ചുവെന്നാണ് കേസ്. നേരത്തേ തട്ടിപ്പിനിരയായ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.