കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി തള്ളിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു ബാലചന്ദ്ര കുമാർ. താൻ പ്രതീക്ഷിച്ച വിധിയാണ് ഉണ്ടായതെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു.

പുറത്തു കേട്ട ശബ്ദരേഖകകൾ ഒരു ടീസർ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂർ ദൈർഘ്യമുള്ളത് അടക്കം 27 ഓഡിയോ ക്ലിപ്പുകൾ അടക്കമുണ്ട്. താൻ നൽകിയ തെളിവുകൾ കോടതി സ്വീകരിച്ചു. വിധിയിലൂടെ തിരിച്ചുകിട്ടിയത് തന്റെ വിശ്വാസ്യതയാണെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. ജനങ്ങൾ കേൾക്കാത്ത തെളിവുകൾ പൊലീസിന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിധിയെ സ്വാഗതം ചെയ്യുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കി. പ്രതീക്ഷിച്ച വിധി തന്നെയാണ് ഉണ്ടായതെന്നും ക്രൈംബ്രാഞ്ച്് ഉദ്യോഗസ്ഥർ പ്രതികരിച്ചു. സായ് ശങ്കറിൽ നിന്നും ലഭിച്ച ഡിജിറ്റൽ രേഖകൾ അടക്കം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. വധ ഗൂഢാലോചനക്കേസ് റദ്ദാക്കിയില്ലെങ്കിൽ കേസ് സിബിഐക്ക് നൽകണമെന്ന് ഹരജിയിൽ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും കോടതി അംഗീകരിച്ചില്ല.

ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.ഡിവൈഎസ്‌പി ബൈജു കെ പൗലോസും ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി കെ എസ് സുദർശനും ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പൾസർ സുനിയെയും അപായപ്പെടുത്താൻ ദിലീപ് പദ്ധതിയിട്ടു എന്നതാണ് കേസ്.

ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത്. സംഭവവുമായി ബന്ധപ്പെട്ട് ദിലീപും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലുള്ള ശബ്ദരേഖയും പുറത്തു വന്നിരുന്നു. ദേഹത്ത് കൈവെച്ചവരെ കൊല്ലണമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയിൽ കേൾക്കാമായിരുന്നു.എന്നാൽ കൊലപാതക ഗൂഢാലോചനക്കുറ്റത്തിൽ തന്നെ പ്രതി ചേർക്കാനാവില്ലെന്നായിരുന്നു ദിലീപിന്റെ ഇതുവരെയുള്ള വാദം. ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷിയാണ്.

പൊതുബോധം അനുകൂലമാക്കാൻ ഗൂഢാലോചന നടത്തിയാണ് ബാലചന്ദ്രകുമാറിന്റെ അഭിമുഖം മാധ്യമങ്ങൾക്ക് നൽകിയത്. ഇതുവരെയും ഉദ്യോഗസ്ഥർക്കെതിരെ ഒരു അപായ ശ്രമവും ഉണ്ടായതായി പരാതിയിലില്ല. ഇതെങ്ങനെ ഗൂഢാലോചനയാവും. പൊലീസുദ്യോഗസ്ഥർക്ക് ഇത്ര പേടിയാണോ. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്നും പ്രതിഭാഗം ചോദിച്ചത്.