കൊച്ചി: മലയാളത്തിന് ശ്രദ്ധേയങ്ങളായ നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്രമേനോൻ.തന്റെ സിനിമയുടെ സംവിധാനത്തിന് അപ്പുറം വിവിധ മേഖലകളിൽ ശ്രദ്ധപതിപ്പിച്ചതുകൊണ്ട് തന്നെ സംവിധായകൻ അല്ലെങ്കിൽ നടൻ എന്നിങ്ങനെ ഒറ്റ ലേബലിൽ അദ്ദേഹത്തെ ഒതുക്കി നിർത്താനും പാടാണ്.അർഹതയ്ക്കുള്ള അംഗീകാരമായി അദ്ദേഹത്തിന് ദേശിയ അവാർഡ നേടിക്കൊടുത്ത ചിത്രമാണ് സമാന്തരങ്ങൾ.ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദത്തിന് തിരികൊളുത്തിയപ്പോൾ തനിക്ക് ദേശീയ അവാർഡ് ലഭിച്ച സമയത്തെ അനുഭവം ഓർത്തെടുക്കുകയാണ് ബാലചന്ദ്രമേനോൻ.

ഏതൊരു സിനിമ ആസ്വാദകനും ആശ്ചര്യത്തോടെ കേട്ടിരിക്കുന്ന കഥകളാണ് അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലെ ഫിൽമി ഫ്രൈഡേയ്സ് എന്ന പരിപാടിയിലൂടെയായിരുന്നു പ്രതികരണം.'വി.എൻ.വിയുടെ ബാനറിൽ ഞാൻ തന്നെ നിർമ്മിച്ച സമാന്തരങ്ങൾ എന്ന ചിത്രത്തിനായിരുന്നു എനിക്ക് ദേശീയ അവാർഡ് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും നല്ല കുടുംബക്ഷേമ ചിത്രത്തിനുള്ള അവാർഡും സമാന്തരങ്ങൾ സ്വന്തമാക്കി. അതിൽ എനിക്ക് അഭിമാനമുണ്ട്. ഞാൻ ഇത്രയും കാലം കൈകാര്യം ചെയ്തത് കുടുംബചിത്രങ്ങളാണ്. അതുകൊണ്ട് തന്നെ കുടുംബ ചിത്രത്തെ ആധാരമാക്കിയുള്ള അവാർഡ് എന്ന് പറയുമ്പോൾ അതിന് പതിന്മടങ്ങ് വിലയാണ്.

ചിത്രത്തിന്റെ പ്രിവ്യു ചിത്രാഞ്ജലിയിൽ നടക്കുന്ന സമയത്ത് ജഗതിയും മുകേഷുമൊക്കെ അവിടെ ഉണ്ടായിരുന്നു. ഒരു സ്റ്റേറ്റ് അവാർഡ് മണക്കുന്നല്ലോയെന്ന് ജഗതി. സെന്റട്രൽ അവാർഡ് ആയാൽ പുളിക്കുവോ എന്ന് ഞാൻ ചോദിച്ചു. ചിത്രത്തിന് മൂന്ന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞാൻ ഭാര്യയോട് പറഞ്ഞിട്ടുണ്ട്. അഭിനയിച്ച താരങ്ങളുടെ സഹകരണം കൊണ്ടാണ് സമാന്തരങ്ങൾ നന്നായത്. എനിക്കും സുരേഷ് ഗോപിക്കുമാണ് മികച്ച നടനുള്ള അവാർഡ്.

സീനിയോരിറ്റി അനുസരിച്ചായാലും അക്ഷരമാലാ ക്രമത്തിലായാലും ആദ്യം വേദിയിൽ കയറേണ്ടത് ഞാനായിരുന്നു. എന്നാൽ അവർ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെയാണ്. മീഡിയ ഒക്കെ ഉണ്ടായിരുന്നു. അതിനാൽ പ്രശ്‌നം ആക്കണ്ട എന്ന് കരുതി ഞാൻ രണ്ടാമത് കയറാമെന്ന് വിചാരിച്ചു. ഞാൻ ഇക്കാര്യം സുരേഷ് ഗോപിയെ പിന്നീട് അറിയിച്ചിരുന്നു.അവാർഡിന്റെ ജൂറി യോഗത്തിൽ എനിക്കായിരുന്നു മികച്ച നടനും സംവിധായകനുമുള്ള അവാർഡ് നൽകാമെന്ന് തീരുമാനിച്ചിരുന്നതെന്ന് പിന്നീട് അറിഞ്ഞു.

എന്നാൽ ജൂറിയിലെ ഒരു മലയാളിയാണ് ചർച്ചകൾ വഴി മാറ്റിയത്. അത് അറിഞ്ഞപ്പോൾ എനിക്ക് വിഷമമായി. മികച്ച ചിത്രം ഉൾപ്പടെ മൂന്ന് അവാർഡുകൾ കിട്ടുന്നതിലൂടെ ഇന്ത്യൻ സിനിമയിലെ ഇതിഹാസമായി ഞാൻ മാറേണ്ട സാഹചര്യം ഇല്ലാതാക്കിയത് ആ മലയാളിയാണ്. ഇതിനെക്കാളും വലിയ കോമഡി കേന്ദ്രത്തിൽ ബെസ്റ്റ് ആക്ടറായ ഞാൻ കേരളത്തിൽ ബെസ്റ്റ് ആക്ടർ അല്ലാതെയായി എന്നതാണ്. സമാന്തരങ്ങളിൽ പത്ത് ഡിപ്പാർട്ട്മെന്റുകളാണ് ഞാൻ കൈകാര്യം ചെയ്തത്'- ബാലചന്ദ്ര മേനോൻ പറഞ്ഞു.