കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് ആരോപണം വ്യാജമാണെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ റിപ്പോർട്ട് നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ബലാത്സംഗം ആരോപണത്തിന് തെളിവില്ല. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. കള്ളപരാതിയിൽ ദിലീപിനെതിരെ പുതിയ കേസെടുക്കാനുള്ള സാധ്യതയും പൊലീസ് നോക്കുന്നുണ്ട്.

ദിലീപിന്റെ മുൻ മാനേജറും ഓൺലൈൻ മീഡിയ പ്രവർത്തകർക്കും എതിരെയാണ് പൊലീസ് റിപ്പോർട്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരാണെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിക്ക് പണം നൽകിയെന്നും ഇതിൽ പറയുന്നു. പൊലീസിനെയും കോടതിയെയും കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്. പൊലീസ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തു വന്നിട്ടുണ്ട്. നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസിൽ നിർണായക ഘട്ടത്തിൽ നിൽക്കെയാണ് സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കേസ് വന്നത്. എറണാകുളത്തെ വീട്ടിൽ വെച്ചും മറ്റ് പല സ്ഥലത്ത് വെച്ചും പീഡിപ്പിച്ചെന്നും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. എളമക്കര പൊലീസ് കേസെടുത്തി. ഡിജിപി നിർദ്ദേശത്തെ തുടർന്ന് ഹൈടെക് സെൽ എസ് പിക്ക് അന്വേഷണ ചുമതല നൽകി. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ അടക്കം തെറ്റായിരുന്നു. 58കാരിയായ പരാതിക്കാരി 44 വയസാണെന്നാണ് പരാതിയിൽ പറഞ്ഞത്. വിവാഹം അടക്കമുള്ള കാര്യങ്ങൾ തെറ്റായാണ് രേഖപ്പെടുത്തിയത്. പരാതിക്കാരി ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന മുറി പോലും കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റഫർ റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ പൊലീസ് വ്യാജ പരാതിക്കെതിരെ കേസെടുത്തേക്കും. തിരുവനന്തപുരത്തെ ഓൺലൈൻ മാധ്യമ പ്രവർത്തകയ്‌ക്കെതിരെയാണ് കുറ്റപ്പെടുത്തൽ എന്നാണ് പുറത്തു വരുന്ന സൂചന.

അഞ്ചോളം ഓൺലൈൻ മാധ്യമ പ്രവർത്തകർ പരാതിക്കാരിയെ മൊഴി പഠിപ്പിച്ചെന്നാണ് മറ്റൊരു കണ്ടെത്തൽ. ദിലീപിന്റെ മുൻ മാനേജർ വ്യാസൻ എടവനക്കാടിനെതിരെയും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. ഇവർക്ക് ഇതിന് പണം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതി വന്നത് മുതൽ പരാതിക്കാരിയെ കൊച്ചിയിലെ അവരുടെ സ്ഥാപനത്തിൽ എത്തി കണ്ടവരുടെ അടക്കം പേര് വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. പരാതിക്കാരിക്ക് സമൻസ് കൊടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്. ഇവർ ഒളിവിലാണെന്നാണ് കരുതുന്നത്. ഇവർക്കെതിരെ കോടതിക്ക് ആവശ്യമെങ്കിൽ നടപടിക്ക് നിർദ്ദേശം നൽകാവുന്നതാണ്. ഇതിനൊപ്പം ബാലചന്ദ്രകുമാർ പരാതി നൽകിയാലും വ്യാജ പരാതിയിലെ ഗൂഢാലോചനയിൽ പൊലീസ് കേസെടുക്കും.

ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു - ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ഇടവനത്തോട് വ്യാസൻ, സംവിധായകൻ ശാന്തിവിള ദിനേശ്, തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ചാനൽ ഉടമ ജസ്റ്റിൻ ഡൊണാൾഡ് എന്നിവർക്കും പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പീഡനം നടന്നതായി യുവതി പറഞ്ഞ വീട്ടിൽ ജസ്റ്റിൻ ഡൊണാൾഡും ദിലീപിന്റെ സുഹൃത്തായ മറ്റൊരു സിനിമ പ്രവർത്തകനും സന്ദർശിച്ചതായും റിപ്പോർട്ടിലുണ്ട്. അതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇങ്ങനെ ഗുരുതരമായ വെളിപ്പെടുത്താണ് റിപ്പോർട്ടർ ടിവി നടത്തുന്നത്. 

പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടും സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനും ബാലചന്ദ്രകുമാറിനുമെതിരേ ഡിജിപിക്ക് പരാതിയുമായി യുവതി നേരത്തെ രംഗത്തു വന്നിരുന്നു. പൊലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. പത്ത് വർഷം മുമ്പ് ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതി.

ജോലി വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. ഇതിൽ പൊലീസ് ബാലചന്ദ്രകുമാറിനെതിരേ കേസ് രജിസ്റ്റർ ചെയ്തതുമാണ്. ഈ കേസാണ് എഴുതി തള്ളാൻ പൊലീസ് നോട്ടീസ് നൽകിയത്.