- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരാളെ എങ്ങനെ കൊല്ലണമെന്ന് വരെ ദിലീപ് പറയുന്നതിന്റെ ഓഡിയോ എന്റെ കൈവശമുണ്ട്; കൊല്ലുമ്പോൾ തെളിവില്ലാതെ ഏത് രീതിയിൽ കൊല്ലണമെന്നാണ് സഹോദരൻ അനൂപിനോട് ദിലീപ് പറയുന്നത്'; ശാപ വാക്കുകളാണോ എന്ന് ഓഡിയോ പുറത്തുവരുമ്പോൾ മനസിലാകും എന്ന് ബാലചന്ദ്രകുമാർ
കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ കൊല്ലണമെന്ന ഓഡിയോ രേഖ തന്റെ കൈയിലുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. അനൂപിന് കൊടുക്കുന്ന നിർദ്ദേശം ദിലീപിന്റെ ശബ്ദത്തിൽ തന്റെ കൈയിലുണ്ട്. അത് പുറത്ത് വന്നാൽ ശാപവാക്കുകളാണോയെന്ന് വ്യക്തമാകും. വരുന്ന മണിക്കൂറുകളിൽ അത് അറിയാമെന്നും ബാലചന്ദ്രകുമാർ.
അന്വേഷണ സംഘവുമായി ഗൂഢാലോചന നടത്തിയെന്നതുൾപ്പെടെ തനിക്കെതിരെ ദിലീപ് ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ പുറത്ത് വിടണം. താൻ ഹാജരാക്കേണ്ട തെളിവുകളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ശബ്ദരേഖയിൽ കൃത്രിമം കാണിച്ചിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമാകും. താനുമായുള്ള സംഭാഷണം പുറത്ത് വിടണം. താനും ദിലീപുമായി വിഷമങ്ങളെല്ലാം പരസ്പരം പറയാറുണ്ട്. താൻ ആവശ്യപ്പെട്ട കാര്യം പറ്റില്ലെന്ന് പറഞ്ഞാൽ മാത്രമല്ലേ ദിലീപിനോട് വൈരാഗ്യം ഉണ്ടാകുകയുള്ളുവെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
ബാലചന്ദ്രകുമാർ പറഞ്ഞത്: 'തന്റേത് ശാപ വാക്കെന്നാണ് ദിലീപ് പറയുന്നത്. ഒരാളെ എങ്ങനെ കൊല്ലണമെന്ന് വരെ ദിലീപ് പറയുന്നതിന്റെ ഓഡിയോ എന്റെ കൈവശമുണ്ട്. ഒരാളെ കൊല്ലുമ്പോൾ തെളിവില്ലാതെ ഏത് രീതിയിൽ കൊല്ലണമെന്നാണ് ദിലീപ് പറയുന്നത്. സഹോദരൻ അനൂപിനോടാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ ഓഡിയോ ഞാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. അത് നിങ്ങൾ കേൾക്കാത്തതുകൊണ്ടാണ് പറഞ്ഞത് ശാപ വാക്കുകളാണെന്ന് പറയുന്നത്. ദിലീപിന്റേത് ശാപ വാക്കുകളാണോയെന്ന് ഓഡിയോ പുറത്തുവരുമ്പോൾ മനസിലാകും.''
താൻ അന്വേഷണ ഉദ്യോഗസ്ഥരുമായി നേരത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിന് ദിലീപ് തെളിവുകൾ ഹാജരാക്കണമെന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടു. പരാതി നൽകിയ ശേഷം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഞാൻ ബന്ധപ്പെട്ടത്. താൻ എന്തെല്ലാം തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്ന് പോലും രാമൻ പിള്ളയ്ക്ക് അറിയില്ല. ഹാജരാക്കേണ്ട ഡിവൈസുകളെല്ലാം കൃത്യസമയത്ത് കൈമാറിയിട്ടുണ്ട്. അതൊന്നും അറിയാത്തതുകൊണ്ടാണ് ടാബിന്റെയും ലാപ്പിന്റെയും കാര്യങ്ങൾ പറഞ്ഞു കൊണ്ട് ദിലീപ് നടക്കുന്നത്. വ്യാജ ആരോപണങ്ങളിലൂടെ ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെത്തേക്ക് മാറ്റി. നാളെ ഉച്ച 1.45ലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പ്രോസിക്യൂഷൻ വാദങ്ങൾ നാളെ നടക്കും.
വാദങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഇരുഭാഗത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഇങ്ങനെ നീട്ടി കൊണ്ടുപോകാൻ കഴിയില്ലെന്നും നാളെയെങ്കിലും തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. ഇന്ന് രണ്ടു മണിക്കൂറോളം നീണ്ട വാദങ്ങളാണ് ദിലീപിന് വേണ്ടി ഹാജരായ രാമൻ പിള്ള നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ദിലീപ്.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് 'നിങ്ങൾ അനുഭവിക്കും' എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു. കേസുമായി ബന്ധപ്പെട്ട 161 മൊഴികൾ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു.ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ എഡിജിപി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാർ പറയാത്ത പല കാര്യങ്ങളും എഫ്ഐആറിൽ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല, സംഭാഷണം റെക്കോർഡ് ചെയ്തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാർ ഇതുവരെ ഹാജരാക്കിയിട്ടില്ല. ടാബ് പ്രവർത്തിക്കുന്നില്ലെന്നും വിവരങ്ങൾ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാർ ഇപ്പോൾ പറയുന്നത്. ഒടുവിൽ പൊലീസിന് കൈമാറിയ പെൻ ഡ്രൈവിൽ ഉള്ളത് മുറി സംഭാഷണങ്ങൾ മാത്രമാണെന്നും സംഭാഷണങ്ങളിൽ ഭൂരിഭാഗവും മുറിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാദിച്ചു.
നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു. പല കാര്യങ്ങൾ പറഞ്ഞതിൽ നിന്നും അടർത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനിൽക്കില്ല. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയർത്തിയിട്ടുള്ളത്. വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭർത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ദിലീപ് ചോദിച്ചു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ താൻ കണ്ടു എന്ന വാദം തെറ്റാണ്. ഭാര്യയും അമ്മയും ഉള്ളപ്പോൾ വീട്ടിലിരുന്ന് ദൃശ്യങ്ങൾ കണ്ടു എന്നത് വസ്തുതാ വിരുദ്ധം. ഇതിന് പിന്നിൽ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ്. ബാലചന്ദ്രകുമാറിന്റെ ഭാവനയിൽ വിരിഞ്ഞ കാര്യങ്ങളാണ് തനിക്കെതിരെ ഉയർന്നിരിക്കുന്നത്. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേഷൻ പരിധിയിൽ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാൻ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും ദിലീപ് ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ