- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലം മുതലേ നല്ല ശീലമാണ്; അതു ഞാൻ സഹിച്ചോളാം; ഇത്തരം സന്ദർഭങ്ങളിൽ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്; എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ; അതു നിങ്ങളെ ബാധിക്കരുത്'; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ബാലചന്ദ്രൻ ചുള്ളിക്കാട്
കോഴിക്കോട്: രണ്ടുവർഷം മുമ്പ് മാതൃഭൂമി സാഹിത്യോൽസവവത്തിലെ ഒരു ചോദ്യത്തിന് മറുപടി പറഞ്ഞതിന്റെ പേരിൽ തനിക്കുനേരെ നടക്കുന്ന സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. ഇത് താൻ സഹിച്ചോളാമെന്നും നിങ്ങളുടെ വിലയേറിയ സമയം ഇതിനായി പാഴാക്കരുതെന്നുമാണ് ചുള്ളിക്കാട് പ്രതികരിക്കുന്നത്. തന്റെ സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്താമാക്കിയത്.
ചുള്ളിക്കാട് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് അദ്ദേഹത്തിൽ അഹങ്കാരവും ജാഡയും ആരോപിച്ചാണ് പ്രചാരണം നടക്കുന്നത്. താൻ കഴിഞ്ഞ ആഴ്ചയും എഴുതിയ കവിതകൾ വായിക്കാതെ ഇപ്പോൾ ഒന്നും എഴുതുന്നില്ലല്ലോ, സിനിമയുടെ കപടലോകത്തുനിന്ന് കവിതയിലേക്ക് മടങ്ങിവന്നുകുടെ തുടങ്ങിയ ചോദ്യങ്ങൾക്കാണ് ചുട്ട മറുപടി ചുള്ളിക്കാട് കൊടുക്കുന്നത്. ഇതിൽ എവിടെയും അദ്ദേഹം ചോദ്യ കർത്താക്കളെ ആക്ഷേപിക്കുന്നില്ല. എന്റെ ജീവിതം എന്റെ സ്വാതന്ത്ര്യമാണെന്നും, ഒന്നും വായിക്കാതെ വെറുതെ വാചകമടിക്കുകയും ചെയ്യുന്ന മലയാളിയുടെ പൊതുനിലപാടിനെയുമാണ് സിനിമാ- സീരിയൽ നടൻ കൂടിയായ ചുള്ളിക്കാട് വിമർശിക്കുന്നത്. പക്ഷേ ഇത് മനസ്സിലാക്കാതെ ചുള്ളിക്കാട് ചോദ്യകർത്താക്കളെ അപമാനിച്ചുവെന്ന രീതിയിലാണ് സൈബർ ലോകത്ത് പ്രചാരണം നടക്കുന്നത്. അതേസമയം അശോകൻ ചരുവിൽ, സുധാമേനോൻ തുടങ്ങിയ നിരവധി എഴുത്തുകാരും സോഷ്യൽമീഡിയ ആക്റ്റീവിസ്റ്റുകളും ചുള്ളിക്കാടിനെ അനുകൂലിച്ച് രംഗത്ത് എത്തിയിട്ടുണ്ട്
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രതികരണം ഇങ്ങനെ
സുഹൃത്തുക്കളേ,
രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോൽസവത്തിൽ ഒരാളോട് ഞാൻ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ പകർച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കു. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാൻ സഹിച്ചോളാം. എന്റെ പേരിൽ നിങ്ങളുടെമേൽ ചെളി തെറിക്കരുത്.
സ്നേഹപൂർവ്വം
ബാലൻ.
ഈ സംഭവത്തിൽ എഴുത്തുകാരി സുധാമേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഉത്തുംഗമായ ഗിരിശിഖരത്തിനെ
വക്രനഖങ്ങളാലള്ളിപ്പിടിച്ചവൻ
തീക്ഷ്ണ മാർത്താണ്ഡ സമീപസ്ഥനായ്,
ആർക്കും എത്താൻ കഴിയാത്തൊരേകാന്തഭൂമിയിൽ
നിൽക്കയാണിന്ദ്രനീലാകാശമദ്ധ്യത്തിൽ.
ആ ഗൃദ്ധ്രദൃഷ്ടിയേറ്റത്യഗാധത്തിലെ
ഘോരസമുദ്രം ഭയന്നു ചുളിയുന്നു.
അദ്രിപാദത്തിലിഴയുമാഴിക്കുമേൽ
വജ്രപാതംപോൽ അവൻ വന്നു വീഴുന്നു''.
ആൽഫ്രെഡ് ടെന്നിസന്റെ വിഖ്യാതമായ 'ഈഗിൾ' എന്ന കവിതക്കു ബാലചന്ദ്രൻ ചുള്ളിക്കാട് നൽകിയ അനുപമമായ വിവർത്തനമാണിത്. ഒരിക്കൽ, മകൻ കെവിന്റെ സ്‌ക്കൂൾ അസൈന്മെന്റിന്റെ ഭാഗമായി വായിച്ച ടെന്നിസന്റെ കവിതയെക്കുറിച്ച് ബാലചന്ദ്രനോട് ഫോണിൽ സൂചിപ്പിച്ച Shaji Jacob മാഷിന് ഒരു മണിക്കൂറിനുള്ളിൽ കവി ചൊല്ലിക്കൊടുത്തതാണ് മൂലകവിതപോലെ അതുല്യമായ ഈ സൃഷ്ടി. ഈഗിൾ വായിക്കാത്തവർക്കായി ടെന്നിസന്റെ സ്വന്തം വരികൾ ഇതാ:
''He clasps the crag with crooked hands; Close to the sun in lonely lands,
Ring'd with the azure world, he stands. The wrinkled sea beneath him crawls;
He watches from his mountain walls, And like a thunderbolt he falls'.
ഇനി ഭാഷാന്തരം ചെയ്ത വരികൾ ഒന്നുകൂടി വായിച്ചു നോക്കൂ. അനുപമമായ ഒരു ബാലചന്ദ്രൻ മാജിക് എന്നേ ഞാൻ പറയൂ. മലയാളത്തിലെ ഏറ്റവും മികച്ച കവി മാത്രമല്ല, അപൂർവപ്രതിഭാശാലിയായ കവിതാവിവർത്തകൻ കൂടിയാണ് അദ്ദേഹം. സംശയമുള്ളവർ ഈ അടുത്തകാലത്ത് അദ്ദേഹം ചെയ്ത ഹോമർ വിവർത്തനങ്ങൾ വായിക്കുക.
ഈ ബാലചന്ദ്രൻ ചുള്ളിക്കാടിനോടായിരുന്നു 'കവിതയിലേക്ക്' തിരിച്ചു വരാനുള്ള ചോദ്യങ്ങൾ ആസ്വാദനം പല തരത്തിലാവാം, സമ്മതിക്കുന്നു. പക്ഷെ, ആ വീഡിയോ മുഴുവൻ കണ്ടശേഷം ഒന്നേ തോന്നിയുള്ളൂ. തികച്ചും അനാവശ്യമായ, ഔചിത്യബോധമില്ലാത്ത നിരവധി ചോദ്യങ്ങൾ ജീവിതത്തിൽ ഉടനീളം നേരിടുന്ന എല്ലാ മനുഷ്യർക്കും കൂടി വേണ്ടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ആ ഉത്തരം പറഞ്ഞത്. മറ്റൊരു വ്യക്തിയുടെ ചോയ്സിനെ, അത് വിവാഹം ആയാലും, തൊഴിൽ ആയാലും, പ്രണയം ആയാലും അംഗീകരിക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ട്. അതാണ് ആ 'സൗകര്യമില്ല' എന്ന ഉത്തരം. പൊതുബോധത്തിന് പലപ്പോഴും സ്വീകാര്യമല്ലാത്ത തിരഞ്ഞെടുപ്പുകളെകുറിച്ചു ഇത്തരം ചോദ്യങ്ങൾ നേരിട്ടുള്ള ആർക്കും മനസിലാകും അദ്ദേഹത്തിന്റെ ആ ഒന്നൊന്നര ഉത്തരം.
ആ ആർജ്ജവത്തിനു അഭിനന്ദനങ്ങൾ
എഴുത്തുകാരൻ അശോകൻ ചരുവിലിന്റെ പ്രതികരണം ഇങ്ങനെ:
കവിയും സമൂഹവും
ഒരു സാഹിത്യചർച്ചയിൽ ഒരു പ്രേക്ഷകന്റെ ചോദ്യത്തോട് ബാലചന്ദ്രൻ ചുള്ളിക്കാട് രൂക്ഷമായി പ്രതികരിക്കുന്നത് ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ടല്ലോ.
ബാലചന്ദ്രന്റെ ആ സമയത്തെ പ്രതികരണം തികച്ചും ഉചിതവും സ്വാഭാവികവുമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ചോദ്യകർത്താവ് ഉൾപ്പടെയുള്ള വായിക്കാത്ത സമൂഹത്തിനെതിരെ ഒരു കവിയുടെ വൈകാരിക രോഷപ്രകടനമായിരുന്നു അത്.
കുറേ കാലമായി നമ്മുടെ സമൂഹത്തിന്റെ ഉപരിതലത്തിൽ, പ്രത്യേകിച്ചും സാഹിത്യം പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളിലും അക്കാദമിക്കുകളിലും സാഹിത്യ സാംസ്‌കാരിക നടത്തുപടിക്കാരിലും സാഹിത്യസദസ്സുകളിലും മറ്റ് സമൂഹനേതൃത്തങ്ങളിലും വായിക്കാത്തവരുടെ സാന്നിദ്ധ്യം ഏറി വരുന്നതായി കാണുന്നു. വായിക്കുന്നില്ല എന്നതു മാത്രമല്ല ഇവരുടെ കുഴപ്പം. ഇവർ എഴുത്തുകാരെയും സാഹിത്യത്തെ തന്നെയും വിലയിരുത്തുകയും വിധിക്കുകയും ചെയ്യുന്നു. പുരസ്‌കാരങ്ങളിലൂടെയാണ് ഇവരിൽ പലരും എഴുത്തുകാരെ തിരിച്ചറിയുന്നത്.
ബാലചന്ദ്രന് പുരസ്‌കാരമൊന്നും കിട്ടുന്നില്ലല്ലോ. അതുകൊണ്ട് അദ്ദേഹത്തെ എഴുത്തുകാരനായി ഇവർക്ക് കാണാനാവുന്നില്ല. പരിഗണിക്കാനാവുന്നില്ല. അതേസമയം അദ്ദേഹത്തെ ഇവർ സിനിമയിൽ കാണുന്നുണ്ട് താനും.
(വായിക്കുന്നവർ ഏറെയുണ്ട്. പക്ഷേ അവർ പലപ്പോഴും പുറത്തു വരാറില്ല. വന്നാലും മിണ്ടാതിരിക്കുകയാണ് പതിവ്. ഇതും ഒരു പ്രശ്നമാണ്.)
എന്തായാലും ബാലചന്ദ്രന്റെ പ്രതികരണം നന്നായി.
അശോകൻ ചരുവിൽ
22 08 2020
മറുനാടന് മലയാളി ബ്യൂറോ