- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളമണ്ണൂർ പാർക്കിൽ ധനമന്ത്രിയുടെ സഹോദരന്റെ ടാർ മിക്സിങ് പ്ലാന്റിന് 30 വർഷത്തെ പാട്ടത്തിന് നൽകിയിരിക്കുന്നത് 7.04 ഏക്കർ: പൊല്യൂഷൻ ബോർഡിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് കിൻഫ്ര: അനുമതി നൽകാതെ മലിനീകരണ നിയന്ത്രണ ബോർഡും
അടൂർ: ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സഹോദരനും സർക്കാർ കരാറുകാരനുമായ കലഞ്ഞൂർ മധു സ്ഥാപിക്കാനുദ്ദേശിക്കുന്ന ടാർ മിക്സിങ് പ്ലാന്റിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നിർബന്ധമാണെന്ന് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചറൽ ഡെവലപ്മെന്റ കോർപ്പറേഷൻ (കിൻഫ്ര) അധികൃതർ അറിയിച്ചു.
പ്ലാന്റ് അന്തരീക്ഷ മലിനീകരണവുമായ ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡ് ആണ്. അവരുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഈ യൂണിറ്റിന് കിൻഫ്ര പാർക്കിൽ പ്രവർത്തിക്കാൻ കഴിയൂവെന്നും ഇളമണ്ണൂർ കൈപ്പള്ളിൽ വീട്ടിൽ ടി. അനീഷ്‌കുമാറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു.
വ്യവസായം ആരംഭിക്കുന്നതിന് 7.04 ഏക്കർ ഭൂമിയാണ് കിൻഫ്ര പാർക്കിൽ അനുവദിച്ചിരിക്കുന്നത്. 30 വർഷത്തെ പാട്ടത്തിനാണ് ഭൂമി നൽകിയിരിക്കുന്നത്. ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോൺക്രീറ്റ്, റെഡിമിക്സ് കോൺക്രീറ്റ് എന്നിവയുടെ വ്യവസായ യൂണിറ്റാണ് ഇവിടെ ആരംഭിക്കാൻ അപേക്ഷ നൽകിയിട്ടുള്ളത്.
അതേ സമയം മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി യൂണിറ്റിന് ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണമാണ് ഉടമ കലഞ്ഞൂർ മധുവും അദ്ദേഹത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളും പടച്ചു വിട്ടത്. ആർഡിഓ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത സർവ കക്ഷി യോഗത്തിൽ പണി പാളി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുഴുവൻ അനുമതിയും പ്ലാന്റിന് ഉണ്ടായിരുന്നില്ലെന്ന് അവിടെ വച്ച് വ്യക്തമായി. ഏതൊക്കെ അനുമതിയാണ് വേണ്ടതെന്ന് അക്കമിട്ട് നിരത്തി മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസും നൽകിയിട്ടുണ്ട്.
വ്യവസായ പാർക്കിൽ ടാർ മിക്സിങ് യൂണിറ്റ് തുടങ്ങുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണത്തിനും ഇതോടെ അന്ത്യമായിരുന്നു. ഏനാദിമംഗലം പഞ്ചായത്തിന്റെ പ്രകൃതി രമണീയമായ പരിസ്ഥിതിക്ക് പ്ലാന്റ് ദോഷം വരുത്തുമെന്ന് കണ്ടാണ് ജാതി-മത-
രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ സംഘടിച്ച് സമരം തുടങ്ങിയത്.
സിപിഎം മന്ത്രിയുടെ സഹോദരനായതിനാൽ ജില്ലാ കമ്മറ്റിയും ഏരിയാ കമ്മറ്റിയും ഒത്താശ ചെയ്തു. എന്നാൽ, സിപിഎം-ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം സമരത്തിന്റെ മുൻനിരയിൽ ഇറങ്ങി. പിന്മാറിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് ജില്ലാ നേതൃത്വം ഭീഷണിപ്പെടുത്തി. ഇതിനിടെ സമരത്തിന്റെ നേതൃത്വം ബിജെപി ഏറ്റെടുത്തുവെന്ന് ആരോപിച്ച് സിപിഎമ്മും ഡിവൈഎഫ്ഐയും പതിയെ പിൻവലിയാൻ നോക്കി. ഈ വിവരം വാർത്തയായതോടെ പോയതിനേക്കാൾ വേഗത്തിൽ സിപിഎമ്മും ഡിവൈഎഫ്ഐയും സമരപ്പന്തലിൽ തിരിച്ചെത്തി.
തൊട്ടുപിന്നാലെ നടന്ന ആർഡിഓയുടെ സർവകക്ഷി യോഗത്തിൽ സിപിഎം നേതാവും പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗവുമായ ആർബി രാജീവ്കുമാർ അടക്കം കലഞ്ഞൂർ മധുവിന് അനുകൂലമമായ നിലപാട് സ്വീകരിച്ചു. സിപിഐയും ബിജെപിയും സമരം തുടരാൻ തീരുമാനിച്ചതോടെ സിപിഎം വെട്ടിലായി. ഇതിനിടെ സിപിഎം ജില്ലാ സെക്രട്ടറിക്ക് പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലം സന്ദർശിക്കേണ്ടി വന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്