കണ്ണൂർ: തളിപ്പറമ്പിലെ മുൻ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിൽ അഡ്വ. കെ.വി. ഷൈലജയ്ക്ക് കൂട്ടായി രണ്ട് അഭിഭാഷകർ കൂടി ഉണ്ടെന്ന് വിവരം. ബാലകൃഷ്ണന്റെ സ്ഥലത്തു നിന്നും തേക്ക് മരങ്ങളും മറ്റും മുറിച്ചെടുക്കുന്നതിന് വനം വകുപ്പിന്റെ കട്ടിങ് പെർമിഷൻ കരസ്ഥമാക്കിയത് ഈ അഭിഭാഷകരുടെ ഇടപെടൽ മൂലമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

അതിന് പ്രതിഫലമായി ഷൈലജ ഇവർക്ക് ലക്ഷങ്ങളുടെ തേക്കു തടികൾ പാരിതോഷികങ്ങളായി നൽകിയിട്ടുണ്ടെന്നും അറിവായിട്ടുണ്ട്. പയ്യന്നൂർ ബാറിലെ ഈ അഭിഭാഷകരെ അടുത്ത ദിവസം തന്നെ പൊലീസ് ചോദ്യം ചെയ്യും. സ്വത്ത് തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ അഡ്വ. ഷൈലജയും ഭർത്താവ് കൃഷ്ണകുമാറും ഒളിവിൽ കഴിയുന്നത് ഈ അഭിഭാഷകരുടെ തണലിലാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സ്വത്ത് തട്ടിയെടുക്കൽ കേസ് സജീവമായിരിക്കേ ബാലകൃഷ്ണന്റെ അടുത്ത ബന്ധുക്കൾ അടുത്ത ദിവസം തന്നെ തളിപ്പറമ്പിലെത്തിച്ചേരും. ഡോ. കുഞ്ഞമ്പു നായരുടെ മക്കളും പേരമക്കളുമാണ് നാട്ടിലേക്ക് തിരിക്കുന്നത്. ബാലകൃഷ്ണന്റെ സഹോദരിമാരായ ചെന്നൈയിലെ ഡോ. നാരായണി, വിജയലക്ഷ്മി, എന്നിവരും പരേതരായ കുഞ്ഞിരാമൻ, യശോദ, സുഭദ്ര എന്നിവരുടെ മക്കളുമാണ് നാട്ടിലേക്ക് തിരിക്കുന്നത്. മലേഷ്യ, സിങ്കപ്പൂർ, ഡൽഹി, എന്നിവിടങ്ങളിൽ ഉയർന്ന ഉദ്യോഗസ്ഥരായ മരുമക്കളും നാട്ടിലേക്കെത്തും. കുടുംബം ഒന്നിച്ചിരുന്ന് സ്വത്ത് തട്ടിയെടുക്കൽ കേസിനേയും ബാലകൃഷ്ണന്റെ ദുരൂഹമരണത്തെക്കുറിച്ചും ചർച്ച ചെയ്യും. നിയമത്തിന്റെ ഏതറ്റം വരേയും പോകാനാണ് അവരുടെ തീരുമാനമെന്ന് സൂചനയുണ്ട്. മാധ്യമങ്ങളിലൂടേയും മറ്റും തങ്ങളുടെ കുടുംബ സ്വത്ത് തട്ടിയെടുത്ത വിവരവും ബാലകൃഷ്ണന്റെ ദുരൂഹമരണവുമാണ് ബന്ധുക്കളെ കൂട്ടത്തോടെ തളിപ്പറമ്പിലെത്താൻ പ്രേരിപ്പിക്കുന്നത്.

അതേ സമയം കർമ്മസമിതി ഭാരവാഹികൾ പുതുതായി നൽകിയ പരാതിയിൽ മറ്റ് ചിലരുടെ പേര് വിവരങ്ങൾ കൂടി സൂചിപ്പിച്ചിട്ടുണ്ട്. അവരെക്കൂടി ചോദ്യം ചെയ്യാൻ ഉത്തരമേഖലാ ഐ.ജി. മഹിപാൽ യാദവിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സ്വത്ത് തട്ടിപ്പ് കേസിൽ അതോടെ പുതിയ വഴിത്തിരിവ് ഉണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. ബാലകൃഷ്ണന്റെ മരണശേഷം വ്യാജരേഖകളുണ്ടാക്കി സ്വത്തും ബാങ്ക് നിക്ഷേപങ്ങളും തട്ടിയെടുത്ത കേസിൽ അന്വേഷണം കൂട്ടു പ്രതികളിലും എത്തി നിൽക്കുകയാണ്. അതിന്റെ പ്രാഥമിക ഘട്ടം എന്ന നിലയിൽ അന്നത്തെ വില്ലേജ് ഓഫീസർ ദിലീപ്, തഹസിൽദാർ മുഹമ്മദ് അസ്ലം, എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

ആരുടേയും സ്വാധീനമില്ലാതെ സ്വാഭാവിക രീതിയിലാണ് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുന്ന രേഖകൾ നൽകിയതെന്ന് അവർ പൊലീസിന് മൊഴി നൽകി. കുടംബ പെൻഷൻ അപേക്ഷയ്ക്കു വേണ്ടിയുള്ള സർട്ടിഫിക്കറ്റുകൾ ആയതിനാൽ ഭാര്യയെക്കുറിച്ച് മാത്രമേ അന്വേഷിക്കേണ്ടതുള്ളൂ. വിവാഹ സർട്ടിഫിക്കറ്റും സാക്ഷി മൊഴികളും മരണ സർട്ടിഫിക്കറ്റും കൂടി പരിശോധിച്ചാണ് പിൻതുടർച്ചാവകാശ സർ്ടിഫിക്കറ്റുകൾ നൽകിയതെന്നും അവർ പൊലീസിനോട് പറഞ്ഞു. കേസിലെ മുഖ്യ പ്രതി കെ.വി. ജാനകി തന്നെയാണ് 2012 ഏപ്രിലിൽ പയ്യന്നൂർ വില്ലേജ് ഓഫീസിൽ പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതെന്നും അവർ പൊലീസിന് മൊഴി നൽകി.