കണ്ണൂർ: മുൻ സഹകരണ രജിസ്ട്രാർ തളിപ്പറമ്പിലെ ബാലകൃഷ്ണന്റെ സ്വത്തുക്കൾ തട്ടിയെടുത്ത കേസിലും ദുരൂഹമരണത്തിലും പ്രതിസ്ഥാനത്ത് നിൽക്കുന്ന അഡ്വ. കെ.വി. ഷൈലജയും ഭർത്താവ് പി.കൃഷ്ണകുമാറും ഒളിവിൽ. ഇവരെ പൊലീസിന് കണ്ടെത്താനായില്ലെന്ന് പറയുന്നു. ഇന്ന് രാവിലെ ഡി.വെ.എസ്‌പി,. മുമ്പാകെ ഹാജരാകണമെന്ന് ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. അതിനിടയിലാണ് ഇവർ ഒളിവിൽ പോയത്.

കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളിന്മേലുള്ള തട്ടിപ്പിന് ഷൈലജയുടെ സഹോദരി ജാനകിയെയാണ് കരുവാക്കിയതെങ്കിലും ജാനകിക്ക് ലഭിച്ചിരുന്നത് നഗരസഭാ പെൻഷനായ 1000 രൂപ മാത്രമാണ്. ബാലകൃഷ്ണന്റെ പിൻതുടർച്ചാവകാശി എന്ന നിലയിൽ മാസാമാസം ജാനകിയുടെ പേരിൽ വരുന്ന കുടുംബ പെൻഷൻ തട്ടിയെടുക്കുന്നതും മറ്റാരോ ആണ്. അതിന്റെ പിറകിലും വനിതാ വക്കീലും ഭർത്താവുമാണെന്നാണ് വിവരം. ജാനകി ഈ കേസിൽ പ്രതിയാണെങ്കിലും വെറും ആജ്ഞാനുവർത്തി മാത്രമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

അഡ്വ. ഷൈലജക്ക് തട്ടിപ്പിനുള്ള കളം ഒരുങ്ങിയത് ഇങ്ങിനെ. തളിപ്പറമ്പിലെ പരേതനായ ഡോ.കുഞ്ഞമ്പുവിന്റെ സ്വത്ത് ഭാഗം വെക്കണമെന്ന് ആവശ്യപ്പെട്ട് പയ്യന്നൂരിലെ സീനിയർ അഭിഭാഷകൻ രവീന്ദ്രൻ മുമ്പാകെ ഒരു പരാതി വന്നു. ബാലകൃഷ്ണന്റെ സഹോദരിയായിരുന്നു പരാതിക്കാരി. ഈ കേസിൽ കക്ഷി ചേരാൻ സഹോദരനായ രമേശനും വക്കീലിനെ സമീപിച്ചു. രമേശനെ സഹായിക്കാനായി ഷൈലജ ഒരുങ്ങി. സ്വത്തിന്റെ കഥകൾ മുഴുവനും രമേശൻ ഷൈലജയോട് പറഞ്ഞു. പരിശോധിക്കാം എന്ന് പറഞ്ഞ് ഷൈലജ എല്ലാ രേഖകളും രമേശനിൽ നിന്നും കൈവശപ്പെടുത്തുകയായിരുന്നു. ഈ ബന്ധം ഉപയോഗിച്ച് തിരുവനന്തപുരത്തെ ബാലകൃഷ്ണന്റെ വീട്ടിലും ഷൈലജ പോകാറുണ്ടായിരുന്നു. ആ ബന്ധം വളർന്നാണ് അവരുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ആസൂത്രണം ഭർത്താവുമൊത്ത് നടത്തിയത്.

വ്യാജ പ്രമാണമുണ്ടാക്കി സ്വത്തു തട്ടിയെടുത്ത കേസ് ഇപ്പോൾ നിർണ്ണായക ഘട്ടത്തിൽ എത്തിയിരിക്കയാണെന്ന് പൊലീസ് പറയുന്നു. ഒരു മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ട പയ്യന്നൂർ സ്വദേശിയും തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിൽ ജീവനക്കാരനുമായ ഒരാളും വക്കീലിനെ വ്യാജരേഖ നിർമ്മിക്കാൻ സഹായിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രസ്സ് ജീവനക്കാരൻ അഡ്വ. ഷൈലജയുടെ ബന്ധുവാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ബാലകൃഷ്ണന്റെ പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചു നൽകിയത് ഗവൺമെന്റ് പ്രസ്സ് ജീവനക്കാരനാണെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ബാലകൃഷ്ണന്റെ മരണാനന്തരമാണ് തട്ടിപ്പുകളെല്ലാം അരങ്ങേറിയത്. എന്നാൽ അതിനു മുമ്പ് തന്നെ വക്കീലും ഭർത്താവും കരുക്കളെല്ലാം നീക്കി വച്ചിരുന്നു.

ബാലകൃഷ്ണനെ തിരുവനന്തപുരത്ത് പേട്ടയിലെ വസതിയിൽ പരിചരിച്ച വയോധികയായ സ്ത്രീയെ പൊലീസ് കണ്ടെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അസുഖ ബാധിതനായ ബാലകൃഷ്ണനെ തിരുവനന്തപുരത്ത് നിന്നും ഇത്രയും ദൂരം കൊണ്ടു വന്നതിന്റെ ദുരൂഹത വിട്ടൊഴിയുന്നില്ല. മതിയായ ചികിത്സാ സൗകര്യങ്ങൾ അവിടെയുണ്ടായിട്ടും കോഴിക്കോട്ടെന്ന് പറഞ്ഞാണ് വക്കീലും ഭർത്താവും സംഘവും നിർബന്ധിച്ച് ഡിസ്ച്ചാർജ് വാങ്ങി ബാലകൃഷ്ണനെ കൊണ്ടു പോയത്.

കൊടുങ്ങല്ലൂരിലെത്തിയപ്പോൾ തന്നെ ബാലകൃഷ്ണൻ മരിച്ചെന്നാണ് തളിപ്പറമ്പിലെ ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചത്. എന്നാൽ മൃതദേഹം ബന്ധുക്കൾക്കോ നാട്ടുകാർക്കോ കാണാനുള്ള സമയം അനുവദിച്ചിരുന്നില്ല. ഷൊർണൂരിൽ കൊണ്ടു പോയി മറവു ചെയ്യുകയായിരുന്നു. ബാലകൃഷ്ണനെ ഈ സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നത്. അവർ അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു.