കണ്ണൂർ: ഇടത്തരം കുടുംബത്തിൽ ജനിച്ച അഡ്വ. ഷൈലജയുടെ സമ്പത്തിനോടുള്ള അത്യാർത്തിയാണ് അതിശയിപ്പിക്കുന്ന സ്വത്ത് തട്ടിപ്പ് കേസിലെ പ്രതിസ്ഥാനത്തേക്ക് അവരെ കൊണ്ടെത്തിച്ചത്. സ്വത്ത് ഭാഗം വെക്കുന്നതിന് ഹരജിയുമായി സീനിയർ അഭിഭാഷകന്റെ മുമ്പാകെ എത്തിയ ഫയലുകൾ തന്ത്ര പൂർവ്വം കൈക്കലാക്കി സ്വത്ത് തട്ടിയെടുക്കാനായിരുന്നു ഷൈലജയുടെ ശ്രമം.

അതിനു വേണ്ടി അവർ തിരുവനന്തപുരത്തെ ബാലകൃഷ്ണന്റെ വീട്ടിലേക്ക് ഇടക്കിടെ പോയി ബന്ധം സ്ഥാപിക്കാറുണ്ടായിരുന്നു. എന്നാൽ ഇവരുമായുള്ള ബന്ധം ബാലകൃഷ്ണൻ വിലക്കിയിരുന്നു. പലതവണ പേട്ടയിലുള്ള വസതിയിൽ നിന്നും കടക്ക് പുറത്ത് എന്നു പറഞ്ഞ് ഇവരെ ശാസിക്കാറുമുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് രോഗിയായ ബാലകൃഷ്ണന്റെ ബന്ധുവെന്ന് പറഞ്ഞ് പേട്ടയിലുള്ള അയൽവാസികളുമായും അടുക്കാൻ ഇവർ ശ്രമിച്ചിരുന്നു. ബാലകൃഷ്ണനെ പരിചരിച്ചിരുന്ന സ്ത്രീ പോലും ഇവരെ അന്നേ സംശയത്തോടെ വീക്ഷിച്ചിരുന്നു. എന്നാൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൈയിലെത്തുമെന്ന മോഹം അവരെ ഭ്രമിപ്പിച്ചിരുന്നു.

തളിപ്പറമ്പ് അമ്മന പാറയിലുള്ള ആറ് ഏക്കർ ഭൂമി ബാലകൃഷ്ണന്റെ ഭാര്യയെന്ന് അവതരിപ്പിച്ച് സഹോദരിയായ കെ.വി. ജാനകിയുടെ പേരിൽ എഴുതിപ്പിക്കുകയും അല്പ ദിവസം കഴിഞ്ഞ് അത് സ്വന്തം പേരിൽ എഴുതി വാങ്ങുകയും ചെയ്തു. സ്വന്തം സഹോദരിയെ പോലും അവർക്ക് വിശ്വാസം ഇല്ലായിരുന്നു. ആറ് ഏക്കർ ഭൂമി തന്റെ കയ്യിൽ വന്നപ്പോഴും അതിൽ നിന്ന് വീണ്ടും വരുമാനമുണ്ടാക്കാൻ ചെങ്കൽ വെട്ടുകാർക്ക് കരാറായി ഭൂമി നല്കുകയും ചെയ്തു. മാത്രമല്ല തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ച് വിറ്റ് വരുമാനമുണ്ടാക്കുകയും വ്യാജ രേഖകൾ ഉണ്ടാക്കാൻ സഹായിച്ചവർക്ക് പരിതോഷികങ്ങളായി അത് നൽകുകയും ചെയ്തു. എങ്ങിനെയെങ്കിലും അതി സമ്പന്നയാകുക എന്ന ലക്ഷ്യത്തിനാണ് ഷൈലജ ഇതെല്ലാം ചെയ്തത്. തട്ടിയെടുത്ത സ്വത്തിൽ നിന്നും മരം മുറിക്കുകയും ചെങ്കൽ വെട്ടുകയും ചെയ്തതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. അതോടെ പ്രശ്നം കർമ്മസമിതി ഏറ്റെടുക്കുകയായിരുന്നു.

റിട്ടയേർഡ് സഹകരണ ഡപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിൽ അഡ്വ. കെ.വി. ഷൈലജയ്ക്കും ഭർത്താവ് കൃഷ്ണകുമാറിനുമെതിരെ ഏതാണ്ട് തെളിവുകളെല്ലാം പൊലീസിന് ലഭിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനേയും മാധ്യമങ്ങളേയും രൂക്ഷമായി വിമർശിച്ച ഷൈലജ കുടുങ്ങുമെന്ന് ഉറപ്പായതോടെ ഇപ്പോൾ ഒതുങ്ങിയ നിലയിലാണ്.

ബാലകൃഷ്ണന്റെ സ്വത്തുക്കളും അദ്ദേഹത്തിന്റെ പെൻഷൻ ആനുകൂല്യങ്ങളും തട്ടിയെടുത്തതുൾപ്പെടെയുള്ള തെളിവുകളല്ലാം രേഖകൾ സഹിതം പൊലീസ് കാണിച്ചപ്പോൾ ഷൈലജ മൗനം പൂണ്ടു. അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ സിഐ എം. പി. ആസാദിന്റെ ചോദ്യം ചെയ്യലിൽ ഇപ്പോൾ ഷൈലജ മറിച്ചൊന്നും പറയുന്നില്ല. കുറ്റ കൃത്യത്തിന്റെ ഗൗരവം വനിതാ അഭിഭാഷക കൂടിയായ ഷൈലജയ്ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞ അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ ആദ്യ ഘട്ടത്തിലെ നിലപാടിൽ നിന്നും ഷൈലജ പിറകോട്ട് പോയി.

കർമ്മസമിതിയുടെ ഇടപെടലോടെയാണ് 150 കോടിയിലേറെ വരുന്ന കുഞ്ഞമ്പു ഡോക്ടറുടെ സ്വത്തുക്കൾ തട്ടിയെടുത്ത കേസ് പുറത്ത് വന്നത്. ഈ വസ്തുവകയിലെ മരങ്ങൾ മുറിക്കാൻ സഹായിച്ചവരുടേയും മരങ്ങൾ ലഭിച്ചവരുടേയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊലീസിന് ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനും എട്ട് ദിവസത്തേക്കാണ് ഷൈലജയേയും ഭർത്താവിനേയും കസ്റ്റഡിയിൽ നൽകിയത്.

ഈ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കുകയാണ്. അന്നേദിവസം അഞ്ച് മണിക്ക് മുമ്പായി ഇവരെ തിരിച്ച് കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. അടുത്ത അന്വേഷണം ബാലകൃഷ്ണന്റെ ദുരൂഹ മരണത്തെക്കുറിച്ചാണ്. മരണം കൊലപാതകമെന്ന നിലയിലേക്കാണ് പൊലീസ് എത്തിച്ചേരുന്നത്.