- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലരമ ഷെയർ ചെയ്താൽ ഇമ്മാതിരി തെറിയോ? ബാലരമയിലെ ലുട്ടാപ്പി റഹീമെന്ന് ഉറപ്പിച്ചു സൈബർ സഖാക്കൾ! വിനു വി ജോണിന്റെ ബാലരമാ ട്വീറ്റിന്റെ പേരിൽ സൈബറിടത്തിൽ തെറിവിളികൾ തുടരുന്നു
തിരുവനന്തപുരം: സൈബർ ഇടത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിന് തെറിവിളികളുടെ ബഹളമാണ്. കാരണം ഇന്നലെ രാജ്യസഭാ സ്ഥാനാർത്ഥിയായി എ എ റഹീയെ പ്രഖ്യാപിച്ചതിന് പിന്നാലെ വിനു ഒരു ബാലരമയുടെ ചിത്രം പങ്കുവെച്ചതാണ്. ഇതോടെ സൈബർ സഖാക്കൾ റഹീമിനെ വിനു വി ജോൺ അപമാനിച്ചു എന്നാരോപിച്ചു രംഗത്തുവന്നു. റഹീമിന്റെ പേര് പോലും പറയാത്ത ഒരു ട്വീറ്റിന്റെ പേരിലാണ് പിന്നീട് തെറിവിളികളുടെ പൂരം അരങ്ങേറിയത്.
ഇതോടെ സൈബറിടത്തിലും പലർക്കും സംശയമായി, ബാലരമ പങ്കുവച്ചാൽ എന്തിനാണ് ഇങ്ങനെ തെറി വിളിക്കുന്നതത്. ഇതേക്കുറിച്ച് കെ എ ഷാജി ഫേസ്‌ബുക്കിൽ എഴുതിത്ത് ഇങ്ങനെ:
ട്വിറ്ററിൽ ചെന്ന് നോക്കുമ്പോൾ പ്രശസ്ത ടെലിവിഷൻ വാർത്താ അവതാരകൻ പുതിയ ലക്കം ബാലരമയിലെ ഒരു ചിത്രകഥ ക്രോപ്പ് ചെയ്ത് ഇട്ടിരിക്കുന്നു. സാംഗത്യം മനസ്സിലാകാതെ അതിന് താഴെയുള്ള നിരവധിയായ കമന്റുകളിൽ ഊളിയിട്ടപ്പോൾ ചുരുളിയോട് ചുരുളി. തെറികൊണ്ടുള്ള ആറാട്ട്. പൂർവ്വപിതാക്കളൊക്കെ അനുസ്മരിക്കപ്പെടുന്നു. ബാലരമ ഷെയർ ചെയ്താൽ ഇമ്മാതിരി തെറിയോ. ഒന്നും മനസ്സിലാകാതെ ഇതികർത്തവ്യതാ മൂഡനായി കുറച്ച് നേരം ഇരുന്നു. ചോദിച്ച് വന്നപ്പോഴാണ് അറിഞ്ഞത്. അവതാരകനിഷ്ടമില്ലാത്ത പൊതുപ്രവർത്തകന്റെ ഇരട്ടപേര് ഒരു ബാലരമ കഥാപാത്രത്തിന്റെതാണ്. അത് വച്ച് വാർത്താ അവതാരകൻ ഒളിയമ്പുകൾ മാരീചനായതാണ്. പക്ഷെ നേതാവിന്റെ അനുയായികൾ വിടുമോ? ഇല്ല. അവർ പറഞ്ഞ തെറിയൊന്നും എസ് ഹരീഷും വിനോയ് തോമസും പോലും താങ്ങില്ല. എന്തായാലും തെറിമുരുകന്മാർക്ക് ഇരയായി സ്വയം സമർപ്പിതനായ വാർത്താ അവതാരകനെ സമ്മതിക്കണം
എ.എ. റഹീമിനെ സിപിഐ.എമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിന് പിന്നാലെയുള്ള ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോർഡിനേറ്റിങ് എഡിറ്റർ വിനു വി. ജോണിന്റെ ട്വീറ്റ്. 'ബാലരമ പുതിയ ലക്കം വായിച്ചു' എന്നു മാത്രമായിരുന്നു ട്വീറ്റ്. ഇത് റഹീമിനെ പരിഹസിക്കലാണെന്ന് സഖാക്കൾ തന്നെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നു.
ഇടതു അനുഭവിയായ മാധ്യമ പ്രവർത്തകൻ ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: 'ഇഷ്ടമില്ലാത്ത ആൾക്ക് ഒരു ഇരട്ടപ്പേര് ഇട്ട്, അത് വിളിച്ച് സങ്കടം തീർക്കുന്ന ഏർപ്പാട് നമ്മളൊക്കെ എൽ.പി സ്‌കൂൾ കാലത്തേ ഉപേക്ഷിച്ചതാണെന്ന് ഇത്തരുണത്തിൽ ഓർക്കുന്നു. എന്നാലോ, തടി വളർന്നിട്ടും ബാലരമ തന്നെ വായിക്കുന്നവർക്ക് അവരുടേതായ അവകാശങ്ങൾ ഉണ്ടല്ലോ എന്ന് ചിരിയോടെ വിചാരിക്കുകയും ചെയ്യുന്നു,' സനീഷ് ഫേസ്‌ബുക്കിൽ എഴുതി.
അതേസമയം, യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായ റഹീമിനെ സിപിഐ.എം സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുത്ത സിപിഐ.എം അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് റഹിമിനെ സ്ഥാനാർത്ഥിയാക്കുന്നത്.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എ. റഹീമിനെ ഒരു സീറ്റിലേക്കും പരിഗണിച്ചിരുന്നില്ല. 2011ൽ വർക്കലയിൽ നിന്ന് മത്സരിച്ചത് മാത്രമാണ് റഹീമിന് പാർലമെന്ററി രംഗത്ത് പാർട്ടി നൽകിയ പരിഗണന. അന്ന് യു.ഡി.എഫിലെ വർക്കല കഹാറിനോട് റഹീം പരാജയപ്പെട്ടിരുന്നു.
തുടർന്ന് സംഘടനാ രംഗത്താണ് റഹീം പ്രവർത്തിച്ചത്. മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയതോടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ പകരം ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായി തെരഞ്ഞെടുത്തത്.