തിരുവനന്തപുരം: 10ാം ക്ലാസ് വിദ്യാർത്ഥിനിയെ വശീകരിച്ചു പീഡിപ്പിച്ചത് പുറത്തുകൊണ്ടു വന്നത് അദ്ധ്യാപകരുടെ ഇടപെടൽ. കേസിൽ പ്രതിയെ പിടികൂടാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. സിപിഐ(എം) പ്രവർത്തകനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കേസിൽ ബാലരാമപുരം വഴിമുക്ക് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അസീമിനെയാണ് പൊലീസ് തിരയുന്നത്.

ബാലരാമപുരം സർക്കാർ സ്‌കൂളിലെ കുട്ടികളെ ഓട്ടോയിൽ അസീം കൊണ്ടു വിടാറുണ്ടായിരുന്നു. ഇവരെ തിരികെ കൊണ്ടു പോകാനുമെത്തി. ഇതിനിടെയാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പതിയേ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായി ചങ്ങാത്തതിലാവുകയും അടുക്കുകയുമായിരുന്നു. പിന്നീട് ഇയാൾ കുട്ടിയെ വശത്താക്കുകയായിരുന്നുവെന്ന് ബാലരാമപുരം പൊലീസ് പറയുന്നു. കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം മിക്കവാറും എല്ലാ വെള്ളിയാഴ്ചകളിലും ഇയാളുടെ ഓട്ടോറിക്ഷയിൽ ദീർഘനേരം കുട്ടിയുമായി കറങ്ങിയശേഷം സ്‌കൂളിൽ എത്തിക്കുന്നത് പതിവായി മാറുകയായിരുന്നു.

ആദ്യമൊന്നും വൈകി സ്‌കൂളിലെത്തുന്നതിൽ അദ്ധ്യാപകർക്ക് സംശയം തോന്നിയില്ല. വൈകിയെത്തുന്നത് പതിവായതോടെയാണ് അദ്ധ്യാപകർ ഇത് ശ്രദ്ധിച്ച് തുടങ്ങിയത്. വെള്ളിയാഴ്ച ദിവസങ്ങളിൽ സ്‌കൂളുകളിൽ ഉച്ചയിടവേള സമയം സാധാരണ ദിവസങ്ങളിലേക്കാൾ കൂടുതലാണ്. ഈ സമയത്തായിരുന്നു കറക്കം. സ്ഥിരമായി വെള്ളിയാഴ്ച ദിവസങ്ങളിൽ പെൺകുട്ടി സ്‌കൂളിന് പുറത്തേക്ക് പോകാറുണ്ടെന്ന് അദ്ധ്യാപകർക്ക് വിവരം കിട്ടി. ഇതേ തുടർന്നുള്ള അന്വേഷണമാണ് ഡ്രൈവറുടെ കള്ളി പുറത്താക്കിയത്.

കുട്ടി ഓട്ടോയിൽ കയറി പോകുന്നതിനെകുറിച്ച് ചിലർ അദ്ധ്യാപകർ മനസ്സിലാക്കി. തുടർന്ന് രക്ഷിതാക്കളെ വിവരമറിയിച്ചതനുസരിച്ച് ഇവർ സ്‌കൂളിലെത്തിയപ്പോൾ കുട്ടി സ്‌കൂളിലുണ്ടായിരുന്നില്ല. അൽപ്പസമയം കഴിഞ്ഞപ്പോൾ തിരിച്ചെത്തി. തന്നെ അസീം വീട്ടിൽ കൊണ്ട് പോയെന്നും ശരീര ഭാഗങ്ങളിൽ തലോടിയെന്നുമാണ് പെൺകുട്ടി പറഞ്ഞു. കുട്ടിയുമായി ഓട്ടോ ഡ്രൈവർ സ്ഥിരമായി വൈകിയെത്തുന്ന കാര്യം രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ചേർന്ന് ബാലരാമപുരം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. കേസെടുത്തതിന്റെ അടിസ്ഥാനത്തിൽ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അസീമിനെ അന്വേഷിച്ച് പൊലീസ് വഴിമുക്കിലെത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. പൊലീസ് എത്തിയെന്ന വിവരം ലഭിച്ച അസീം ഓട്ടോ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസ് അസിമിന്റെ ഓട്ടോ കസ്റ്റഡിയിലെടുത്തു.

പ്രതിക്കായി പൊലീസ് ഊർജിതമായി അന്വേഷണം നടത്തുന്നുവെങ്കിലും സ്ഥലത്തെ ഉന്നത സിപിഐ(എം) നേതാവ് പ്രതിയെ സംരക്ഷിക്കുന്നതായാണ് ആക്ഷേപം. പ്രായയപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് അസീമിനെതിരെ പോക്‌സോ ചുമത്താനാണ് സാധ്യത.