- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലഭാസ്‌കറിന്റെ സുഹൃത്തിന് മാവുങ്കലുമായി അടുത്ത ബന്ധം; അതു വെറും അപകടമരണമെന്ന് സിബിഐയും പറയുമ്പോൾ നിർണ്ണായക തെളിവുകൾ പോലും കേന്ദ്ര ഏജൻസി തള്ളിക്കളഞ്ഞുവെന്ന ആരോപണവും ശക്തം; വയലിനിസ്റ്റിന്റെ ദുരൂഹ മരണത്തിലും 'പുരാവസ്തു' സംശയങ്ങൾ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണം അമിതവേഗം കാരണമുള്ള വാഹനാപകടം കൊണ്ടെന്ന മുൻ നിലപാടിലുറച്ച് സിബിഐ നിലയുറപ്പിക്കുമ്പോഴും സംശയങ്ങളും വിവാദങ്ങളും തീരുന്നില്ല. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് സിബിഐ. ഉദ്യോഗസ്ഥനായ ടി.പി. അനന്തകൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബാലഭാസ്‌കറിന്റെ അപകടത്തിൽ കുടുംബം സംശയത്തിൽ നിർത്തിയവർക്ക് സ്വർണ്ണ കടത്തുമായി ബന്ധമുണ്ട്. ഇങ്ങനെ ആരോപണ വിധേയനായ ഒരാൾക്ക് മോൻസൺ മാവുങ്കലുമായും സൗഹൃദമുണ്ട്. ബാലഭാസ്‌കറും പുരാവസ്തു വഞ്ചനയുടെ ഇരയായിരുന്നോ എന്ന സംശയവും സജീവമാണ്. ഇതിനിടെയാണ് അപകടമെന്ന വാദത്തിൽ സിബിഐ ഉറച്ചു നിൽക്കുന്നത്.
ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തലിനെതിരേ ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണിയും ബി. ശാന്തകുമാരിയും ചേർന്ന് മുഖ്യമന്ത്രിക്കു നൽകിയ പരാതിയെത്തുടർന്നാണ് കേസ് സിബിഐ.യെ ഏൽപ്പിച്ചത്. തിരുവനന്തപുരത്തെ സ്വർണക്കടത്ത് സംഘത്തിന് മരണത്തിൽ പങ്കുണ്ടെന്നായിരുന്നു ഉണ്ണിയുടെ മുഖ്യ ആരോപണം. ഡ്രൈവർ അർജുന്റെ അതിവേഗവും അലക്ഷ്യമായ വാഹനമോടിക്കലുമാണ് അപകടത്തിന് ഇടയാക്കിയതെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ശരിവെച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് സിബിഐ. സംഘവും ഫയൽ ചെയ്തത്. ഇതിനെതിരേ ബാലഭാസ്‌കറിന്റെ മാതാപിതാക്കളും കേസിലെ സാക്ഷിയായിരുന്ന കലാഭവൻ സോബിയും കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇതിനെതിരേയാണ് ഇപ്പോൾ സിബിഐ. എതിർ സത്യവാങ്മൂലം ഫയൽചെയ്തത്. സോബി കേസ് വഴിതിരിച്ചുവിടാൻ ആദ്യംമുതൽ ശ്രമിച്ചതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
നിർണ്ണായക തെളിവുകൾക്ക് മേൽ സി ബി ഐ കണ്ണടച്ചതായി ഹർജിക്കാർ കോടതിയിൽ പറഞ്ഞു. കൊലപാതക തെളിവുകൾ ലഭിച്ചിട്ടും സിബിഐ ഇരുട്ടിൽ തപ്പുകയായിരുന്നു. കുറ്റകൃത്യം വെളിവാകുന്ന നിർണ്ണായക സാക്ഷികളെ ബോധപൂർവ്വം ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ല. സി ബി ഐ നടത്തിയ നുണപരിശോധന തട്ടിപ്പായിരുന്നു. നുണ പരിശോധനാ ഫലം തെളിവായി സ്വീകരിക്കുവാൻ പാടില്ലെന്ന് സുപ്രീം കോടതി വിധിയുള്ളതായും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ ധാരാളം വിടവുകൾ ഉണ്ട്. അവ നികത്താനും സത്യം പുറത്തു കൊണ്ടുവരാനും തുടരന്വേഷണം വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. വാഹന അപകട കേസിൽ ഡ്രൈവർ അർജുൻ. കെ. നാരായണനെന്ന അപ്പുവിനെ മാത്രം പ്രതിയാക്കി ഉപേക്ഷാ മരണത്തിനാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഏപ്രിൽ 7 ന് അർജുനെ ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്‌പിയോടാണ് അർജുനെ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയത്.
അതേ സമയം സിബിഐ വെള്ളം ചേർത്ത കുറ്റപത്രം സമർപ്പിച്ചതായ ആരോപണം ഉയർന്നിട്ടുണ്ട്. ഉപേക്ഷയാലുള്ള മരണം ചുമത്തി നിസ്സാര വകുപ്പായ 304 എ ആണ് ചുമത്തിയിട്ടുള്ളത്. കുറ്റ സ്ഥാപനത്തിൽ 2 വർഷം വരെ മാത്രം തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണിത്. കഴക്കൂട്ടം ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വഴിയേ തന്നെയാണ് സിബിഐയും സഞ്ചരിച്ചതെന്നാണ് ഇത് തെളിയിക്കുന്നത്. ബാലഭാസ്‌ക്കറിന്റെയും മകളുടെയും വാഹന അപകട മരണത്തിൽ കാറോടിച്ച ഡ്രൈവർ അർജുനെതിരെ കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ കുറ്റം 304 (2) സിബിഐ കുറ്റപത്രത്തിൽ ചേർത്തിട്ടില്ല. മരണം സംഭവിപ്പിച്ച ഡ്രൈവിങ് കൃത്യം മരണം സംഭവിപ്പിക്കാാൻ ഇടയുള്ളതാണെന്നുള്ള അറിവോടു കൂടിയും എന്നാൽ മരണം സംഭവിപ്പിക്കണമെന്നോ മരണമോ മരണം സംഭവിപ്പിക്കുവാൻ ഇടയുള്ള തരത്തിലുള്ള ശാരീരിക ക്ഷതിയോ ഉളവാക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടു കൂടാതെയും ചെയ്ത്ത്ത്ത് മരണം സംഭവിപ്പിക്കുന്നതാണ് വകുപ്പ് 304 (2).
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണം കൊലപാതകമല്ലെന്നും സാധാരണ റോഡപകട മരണം മാത്രമെന്നും സിബിഐ. റോഡ് ട്രാഫിക് ആക്‌സിഡന്റ് മരണത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്നും സി ബി ഐ പറയുന്നു. അതേ സമയം ഉപേക്ഷയാലുള്ള വാഹന അപകട മരണ കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായ ഡ്രൈവർ അർജുൻ. കെ.നാരായണൻ വ്യാഴാഴ്ച കോടതിയിൽ ഹാജരായില്ല. അർജുൻ നവംബർ 19 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു. തുമ്പുണ്ടാക്കാൻ സാധിക്കാത്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹന അപകട മരണത്തിൽ കാർ ഡ്രൈവർ അർജുനും കലാഭവൻ സോബി ജോർജും ബാലഭാസ്‌ക്കറിന്റെ സംഗീത ട്രൂപ്പ് മാനേജർ വിഷ്ണു സോമസുന്ദരവും സുഹൃത്ത് പ്രകാശ് തമ്പിയും നുണ പരിശോധനക്ക് ഹാജരാകാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.
2020 സെപ്റ്റംബറിൽ സി ബി ഐ യുടെ ഹർജി അനുവദിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്. നാലു പേരിൽ ഡ്രൈവർ അർജുൻ ആദ്യം വിസമ്മതം അറിയിക്കുകയും തുടർന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ സമ്മതം അറിയിച്ച് സമ്മതപത്രം ഒപ്പിട്ടു നൽകുകയുമായിരുന്നു. മറ്റു മൂന്നു പേർ കേസ് പരിഗണിക്കവേ നുണ പരിശോധനക്ക് സമ്മതമാണോയെന്ന മജിസ്‌ട്രേട്ട് ആർ. ജയകൃഷ്ണന്റെ ചോദ്യത്തിന് സമ്മതമാണെന്ന് അറിയിച്ചു. സമ്മതപത്രം സത്യവാങ്മൂലമായി കോടതിയിൽ സമർപ്പിച്ചു. തുടർന്ന് കോടതി നാലുപേരോടും എറണാകുളം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ഹാജരാകാൻ ഉത്തരവിട്ടു. നാലു പേരെയും ലൈഡിറ്റക്ടർ ടെസ്റ്റിനും ലെയേഴ്‌സ് വോയ്‌സ് അനാലിസിസ് ടെസ്റ്റിനും വിധേയരാക്കാൻ കോടതി ഉത്തരവിട്ടു.
ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ഓഗസ്റ്റ് 3 ന് സിബിഐ സമർപ്പിച്ച എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. സംഭവത്തിൽ തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. 2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ചാക്ക അനന്തപുരി ആശുപത്രിയിലും വച്ച് രണ്ടാം തീയതി അർദ്ധരാത്രി 12.56 ന് അന്ത്യശ്വാസം വലിച്ചു. ഐ സി യു വിൽ പ്രകാശൻ തമ്പിയും സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്യയും സുഹൃത്തായ അനന്തപുരി ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ച് രഹസ്യ സന്ദർശനം നടത്തിയിരുന്നു.
വാർഡിലേക്ക് മാറ്റാനിരിക്കവേയായിരുന്നു രഹസ്യ സന്ദർശനം. സ്റ്റീഫൻ ചുംബനം നൽകിയതിന് പിന്നാലെയാണ് ശ്വാസ തടസ്സമുണ്ടായി മരണപ്പെട്ടത്. ബാലുവിന്റെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റിൽ തലക്കുണ്ടായ പരിക്കും ഹൃദയത്തിനുണ്ടായ കാർഡിയാക് അറസ്റ്റുമാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. മകൾ തേജസ്വിനിയുടെ മരണ കാരണമായി പറയുന്നത് തലക്കേറ്റ ക്ഷതവുമാണ്.
മറുനാടന് മലയാളി ബ്യൂറോ