കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദന കേസിൽ വൻ വഴിത്തിരിവ്. മർദ്ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ നജാഫ് ഫാരിസാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാർത്ത റിപ്പോർട്ടു ചെയ്തത്. ഡിവൈഎഫ്‌ഐ പ്രവർത്തകൻ നജാഫ് ഫാരിസ് പൊലീസ് കസ്റ്റഡിയിലാണ്. നജാഫിന്റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്.

പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തിൽ പരാതി വന്നത്. അതേസമയം, ഡിവൈഎഫ്‌ഐ പ്രവർത്തകനെ കേസിൽ നിന്നൊഴിവാക്കാൻ പൊലീസിന് മേൽ സമ്മർദ്ദം നടക്കുന്നുണ്ട്. എന്നാൽ, നാജാഫ് ഡിവൈഎഫ്‌ഐ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് പറയുന്നു. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആൾക്കൂട്ട ആക്രമണമല്ല ബോധപൂർവം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് ആരോപിച്ചു.

അതേസമയം, കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ 29 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കസ്റ്റഡിയിലുള്ളവരുടെ രാഷ്ട്രീയ ബന്ധം തൽക്കാലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്.

സംഭവത്തെക്കുറിച്ച് ജിഷ്ണു പറഞ്ഞത്:''സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലെ സത്യവസ്ഥ എന്താണെന്ന് നിങ്ങൾ മനസിലാക്കണം. ഇന്നലെ 12 മണി മുതൽ മൂന്നര വരെ എസ്ഡിപിഐ-ലീഗ് പ്രവർത്തകർ മർദിച്ചു. ഇന്നലെ എന്റെ ബെർത്ത് ഡേയായിരുന്നു. കേക്ക് വാങ്ങി രാത്രി കട്ട് ചെയ്യണം. സുഹൃത്തിന്റെ വീട്ടിലേക്ക് പോയതാണ്. കൂട്ടാൻ വേണ്ടിയിട്ട്.''

''അവിടെ എത്തി ബൈക്ക് നിർത്തിയപ്പോൾ മൂന്ന് പേർ പാലോളി മുക്കിൽ നിന്ന് താഴേക്ക് വന്നു. എന്താ പരിപാടിയെന്ന് ചോദിച്ചു. ഫ്രണ്ടിനെ കാത്ത് നിൽക്കുകയാണെന്ന് പറഞ്ഞു. അപ്പോൾ നടുവിൽ നിന്ന ആൾ, പേര് അറിയില്ല, കണ്ടാൽ അറിയാം, അയാൾ ചാടി വീണ് വണ്ടിയുടെ കീ എടുത്ത് പോക്കറ്റിലിട്ടു. തരാൻ പറഞ്ഞപ്പോൾ സൗകര്യമില്ലെന്ന് പറഞ്ഞു. ചാവി വേണമെങ്കിൽ താഴേക്ക് വരണമെന്ന് പറഞ്ഞു. വീട്ടിലെ വണ്ടിയായതുകൊണ്ട് ന്യൂട്രലാക്കി താഴേക്ക് പോയി. അലേക എത്തിയപ്പോൾ ഉള്ളിൽ നിന്ന് അഞ്ച് ചെക്കന്മാർ, കണ്ടാൽ അറിയാം, രണ്ട് പേരുടെ പേരും അറിയാം. എല്ലാവരും കൂടി ചാടി വീണു, ആദ്യത്തെ മൂന്നു പേരും ഈ അഞ്ച് പേരും കൂടി വളഞ്ഞിട്ട് ചോദിച്ചു, പ്രദേശത്തെ എസ്ഡിപിഐയുടെയും ലീഗിന്റേയും കൊടിമരങ്ങൾ നശിപ്പിക്കുന്നത് ആരാണെന്ന്. അറിയില്ലെന്ന് പറഞ്ഞു. അപ്പോൾ അവർ തിരിച്ച് പറഞ്ഞു, അറിയില്ലെങ്കിൽ ഞങ്ങൾ പറഞ്ഞ് തരാം. ഞങ്ങൾ പറയുന്നത് പോലെ തന്നെ പറയണമെന്ന്. അല്ലെങ്കിൽ അനുഭവിക്കുമെന്ന് പറഞ്ഞു. ആദ്യം കാര്യമാക്കിയില്ല.''

''അറിയില്ലെങ്കിൽ പറഞ്ഞു തരാം, നിന്റെ പാർട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് കീറിയതെന്ന് പറയണം. വീഡിയോ ഓൺ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ പറയണമെന്നും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വയലിലെ ചളിയിലേക്ക് തല പിടിച്ച് താഴ്‌ത്തുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കഴുത്തിൽ കത്തി വച്ച് പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചു. വന്നവരിൽ ചിലർ എസ്ഡിപിഐ പ്രവർത്തകരാണ്. ലീഗ് നേതാവ് പറഞ്ഞപ്പോഴാണ് ഇക്കാര്യം മനസിലായത്. കയ്യിലും കാലിനും തലക്കും കല്ലുകൊണ്ട് അടിച്ചു. പൊലീസെത്തിയാണ് മോചിപ്പിച്ചത്. എന്നാൽ പൊലീസിനെയും അവർ ഭീഷണിപ്പെടുത്തി. മർദിച്ച ആളുകളെ കണ്ടാൽ തിരിച്ചറിയും. ചിലർ നാട്ടിലുള്ളവരാണ് മറ്റുചിലർ പുറത്ത് നിന്നും എത്തിയവരാണ്''.