ചണ്ഡിഗഢ്: കൃഷി ഭൂമി മകന്റെ പേരിൽ എഴുതികൊടുക്കാത്തതിന് മകൻ പിതാവിനെ കെട്ടിയിട്ടു മർദ്ദിച്ചു. 66കാരനായ കർഷകനെ പൊലീസ് രക്ഷപ്പെടുത്തി. മകനും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് മൂന്ന് ദിവസത്തോളമാണ് ബൽബീർ സിങിനെ മർദ്ദിച്ചത്. ഭക്ഷണം നൽകാതെ കട്ടിലിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം.

ഹരിയാനയിലെ ധലോരി ഗ്രാമത്തിലാണ് ആരുടേയും കണ്ണ് നയിപ്പിക്കുന്ന സംഭവം. ബൽബീർസിങിന്റെ കരച്ചിൽ കേട്ട അയൽവാസികളാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്നെത്തിയ പൊലീസ് വീട് റെയ്ഡ് ചെയ്ത് സിങിനെ മോചിപ്പിക്കുകയായിരുന്നു. ഭാര്യയും മകനും അടങ്ങുന്ന കുടുംബാംഗങ്ങൾക്കെതിരെ സിങ് പൊലീസിൽ പരാതി നൽകി. തന്റെ ഏക ഉപജീവനമാർഗ്ഗമായ കൃഷി ഭൂമി മകന്റെ പേരിൽ എഴുതികൊടുക്കാൻ താത്പര്യമില്ലെന്നാണ് സിങ് പൊലീസിനെ അറിയിച്ചത്.

'തന്റെ മാനസിക നില ശരിയല്ലെന്ന് തെളിയിച്ച് സ്വത്ത് കൈക്കലാക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാർ' - ബൽബീർ സിങ് പറയുന്നു. സിങിന്റെ പരാതിയിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസ് റജിസറ്റർ ചെയ്തു. മകൻ ഭൂപീന്ദർ സിങ് സഹോദരീപുത്രൻ അബയ് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.