ബലിയ: പൊലീസ് കോൺസ്റ്റബിളും ഗ്രാമമുഖ്യനും ഉൾപ്പെടെ എട്ടു പേർ മകളെ കൂട്ടമാനഭംഗം ചെയ്ത വാർത്ത താങ്ങാനാവാതെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ഗ്രാമവാസികൾക്കു മുൻപിൽ പ്രതികളെ കാട്ടിക്കൊടുക്കാൻ പെൺകുട്ടി ധൈര്യം കാട്ടി. സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺസ്റ്റബിളിനെ പിന്നീട് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി ഉത്തർപ്രദേശിലെ ഗോപാൽനഗർ ഗ്രാമത്തിലാണു സംഭവം. ഗ്രാമത്തിലെ പൊലീസ് ചൗക്കിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ധരം, ഗ്രാമമുഖ്യൻ, ഇവരുടെ ആറു സുഹൃത്തുക്കൾ എന്നിവർ ഉൾപ്പെട്ട സംഘം പെൺകുട്ടിയെ സർക്കാർ സ്‌കൂൾ കെട്ടിടത്തിന്റെ മറവിലേക്കു വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. അതിന് ശേഷമാണ് മാനഭംഗപ്പെടുത്തിയത്. പെൺകുട്ടിയുടെ നിലവിളി കേട്ടു ഗ്രാമവാസികൾ ഓടിയെത്തി. ഇതിനിടെയിൽ കോൺസ്റ്റബിൾ ഒഴികെയുള്ളവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

സംഘത്തിൽ എട്ടുപേർ ഉണ്ടെന്നാണു പെൺകുട്ടി മൊഴി നൽകിയതെങ്കിലും ഒരാൾക്കെതിരെ മാത്രമാണു കേസ്. പെൺകുട്ടിയെ ശല്യപ്പെടുത്തി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഗോപാൽനഗർ ഗ്രാമത്തിലെ പൊലീസ് ചൗക്കിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ധരം ആണ് പ്രതി. ഇയാളെ കഴിഞ്ഞദിവസം തന്നെ അറസ്റ്റ് ചെയ്തു. ബലിയയിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

ഗ്രാമമുഖ്യൻ പ്രതിയല്ല. തീർത്തും ദരിദ്ര കുടുംബമാണു പെൺകുട്ടിയുടേത്. സംഭവമറിഞ്ഞാണ് 60 വയസ്സുകാരനായ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.