റാൻ അടക്കമുള്ള ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാർ അമേരിക്കയിലേക്ക് വരുന്നത് നിരോധിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തോട് ശക്തമായി തിരിച്ചടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ഇറാൻ. അതായത് ട്രംപുമായി നേരിട്ട് മുട്ടാൻ തന്നെ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ് ഈ മുസ്ലീരാജ്യം. ഇതിന്റെ ഭാഗമായി ഇറാൻ അമേരിക്കയെ വെല്ലുവിളിച്ച് കൊണ്ട് ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുകയും ചെയ്തു. ട്രംപ് നടത്തുന്ന ഇസ്ലാമിക വേട്ടയെ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന വെല്ലുവിളിയും ഇറാൻ ഉയർത്തിയിട്ടുണ്ട്. ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായി താരതമ്യേന നല്ലൊരു ബന്ധം കെട്ടിപ്പടുക്കാൻ ശ്രമം നടത്തിയതിനെ തുടർന്ന് സമാധാനത്തിന്റെ നാളുകളായിരുന്നു നിലനിന്നിരുന്നത്. എന്നാൽ ട്രംപിന്റെ സ്ഥാനാരോഹണത്തോടെ ഈ സമാധാനം ഇല്ലാതാവുകയാണെന്ന ആശങ്ക ഇപ്പോൾ ശക്തമായിരിക്കുകയാണ്.

ട്രംപിനെ വെല്ലുവിളിച്ച് കൊണ്ട് ഇറാൻ ഞായറാഴ്ചയാണ് മീഡിയം റേഞ്ചിലുള്ള ബാലിസിറ്റിക് മിസൈൽ പരീക്ഷിച്ചിരിക്കുന്നത്. ഇതിന് 630 മൈലുകൾ വരെ സഞ്ചരിക്കാനാവുമെന്നാണ് യുഎസ് ഒഫീഷ്യൽ ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്. ടെഹ്റാന് ഏതാണ്ട് 140 മൈൽ അകലത്തുള്ള സെംനാന് സമീപത്തുള്ള സൈറ്റിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചിരിക്കുന്നതെന്നാണ് പേര് വെളിപ്പെടുത്താത്ത ഈ ഒഫീഷ്യൽ പറയുന്നത്.ഇതിന് മുമ്പ് ഇത്തരത്തിലുള്ള മിസൈൽ ഇറാൻ ലോഞ്ച് ചെയ്തിരുന്നത് കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു. ഇത്തരത്തിലുള്ള മിസൈലുകൾ രാജ്യത്ത് നിന്ന് തന്നെയാണ് ഉൽപാദിപ്പിക്കുന്നതെന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ഹൊസൈൻ ഡെഹ്ഖാൻ വെളിപ്പെടുത്തിയിരുന്നത്.

ഇറാൻ ഇത്തരത്തിൽ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നത് അണ്വായുധകരാറുകളുടെ ലംഘനമല്ലെന്നാണ് ഒബാമ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ താൻ ഇറാന്റെ മിസൈൽ പ്രോഗ്രാം നിർത്തലാക്കുമെന്നാണ് ട്രംപ് പറയുന്നത്. 2015ൽ നിലവിൽ വന്നതും യുഎന്നിന്റെ അംഗീകാരം നേടിയതുമായ ന്യൂക്ലിയർ ഡീൽ പ്രകാരം എട്ട് വർഷത്തേക്ക് ഇറാനോട് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോൾ പരീക്ഷിച്ചിരിക്കുന്ന മിസൈൽ ന്യൂക്ലിയർവാർഹെഡുകൾ വഹിക്കാൻ ഡിസൈൻ ചെയ്തതല്ലെന്നാണ് ഇറാൻ വിശദീകരിക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട ആണവക്കരാറിന്റെ ദല്ലാൾമാരായി വർത്തിച്ചിരുന്നത് യുഎസ്, റഷ്യ, ചൈന, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളായിരുന്നു.

ദീർഘദൂര മിസൈൽ പ്രോഗ്രാമുകൾക്കടക്കം സൈനികപരമായ ചെലവിടൽ വർധിപ്പിക്കാനുള്ള ഇറാന്റെ പദ്ധതിക്ക് ഇവിടുത്തെ ലോമേക്കർമാർ അംഗീകാരം നൽകിയിരുന്നു. മേഖലയിലെ സമാധാനം അസ്ഥിരപ്പെടുത്തുന്ന രീതിയിലുള്ള ഇറാന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സംയുക്ത പ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച് ഞായറാഴ്ച സൗദി രാജാവ് സൽമാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ട്രംപ് ചർച്ച ചെയ്തിരുന്നു. ഇറാന് മുകളിലുള്ള ഉപരോധം പുതുക്കാൻ താൻ ട്രംപിന് മേൽ സമ്മർദം ചെലുത്തുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്