കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നുള്ള മലയാളത്തിലെ ചൊല്ല് ശരിക്കും അന്വർഥമായിരിക്കുന്നത് പാക്കിസ്ഥാന്റെ കാര്യത്തിലാണ്. 'പത്തിഞ്ച് കത്തികൊണ്ട് കുത്തി വാങ്ങും പാക്കിസ്ഥാൻ' എന്ന പഴയ മുദ്രാവാക്യത്തെ ശരിവെച്ചുകൊണ്ട് ഇന്ത്യയെ വിഭജിച്ച് വാങ്ങിയ, ആ വിശുദ്ധനാട് 71ൽ അതുപോലെ വിഭജിക്കപ്പെട്ടു. ബംഗ്ലാദേശ് പാക്കിസ്ഥാനിൽനിന്ന് വേർപെട്ടുപോയപ്പോൾ, വിഭജനത്തിന്റെ വേദന ആ രാജ്യവും അറിഞ്ഞു.

കാശ്മീരിലെ ഭീകരവാദത്തെ കൃത്യമായി ആളും അർഥവും നൽകി പ്രോൽസാഹിപ്പിക്കുന്നത് നമ്മുടെ അയൽക്കാർ തന്നെയാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പക്ഷേ ഇപ്പോഴിതാ കാശ്മീരിന് സമാനമായ വിഘടനവാദം പാക്കിസ്ഥാനെയും തീ പിടിപ്പിക്കായാണ്. കഴിഞ്ഞ ആഴ്ച കറാച്ചിയിൽ മൂന്ന് ചൈനീസ് വംശജരെ ഉൾപ്പെടെ നാലുപേരെ, രണ്ടുകുട്ടികളുടെ അമ്മയായ ഒരു അദ്ധ്യാപിക, ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്കുവേണ്ടി ചാവേറായി കൊലപ്പെടുത്തിയത് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതോടെ പാക്കിസ്ഥാനും ചൈനയും ചേർന്ന് ബലൂചിസ്ഥാനിൽ തിരിച്ചടികൾ നടത്തുന്നു.

പാക്കിസ്ഥാനിൽനിന്ന് മോചനം ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിൽ ഇറങ്ങി. പാക്കിസ്ഥാനിലെ ജനങ്ങൾക്കിടയിൽ പൊതുവെ ഉയരുന്ന ചൈന വിരുദ്ധ വികാരം ഈ സമരത്തിന് ആക്കം കൂട്ടുന്നു. മറ്റുരാജ്യങ്ങളിലേക്ക് ഭീകരത കയറ്റുമതി ചെയ്യുന്ന പാക്കിസ്ഥാന് ഒരിക്കലും ആഭ്യന്തരമായ തീവ്രവാദത്തെ അമർച്ചചെയ്യാൻ കഴിഞ്ഞിരുന്നില്ല. പാക് താലിബാനും പഷ്തുൺ ഭീകരവാദവും, സുന്നി-ഷിയാ സംഘർഷവും അവിടെ ഇപ്പോഴും കൊടുമ്പിരിക്കൊണ്ടിരിക്കയാണ്. ഇതിനിടയിലാണ് പതിറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ബലൂചിസ്ഥാൻ പ്രശ്നം വീണ്ടുമെത്തുന്നത്.

സാമ്പത്തികമായി ആകെ തകർന്ന് ശ്രീലങ്കക്ക് സമാനമായ അവസ്ഥയിലാണ് പാക്കിസ്ഥാൻ. വിദേശ നാണയ കരുതൽ ശേഖരം കുറഞ്ഞ് കുറഞ്ഞ്, വെറും 5 ബില്യൻ ഡോളറിൽ എത്തിനിൽക്കുന്നു. സകല മേഖലയിലും വിലക്കയറ്റം. പാക്് രൂപയുടെ വിലയും കുത്തനെ ഇടിയുകയാണ്. പ്രശ്നം പരിഹരിക്കുന്നതിനായി ഐഎംഎഫിൽനിന്ന് ലോൺ എടുക്കാനുള്ള ശ്രമത്തിലാണ് രാജ്യം. പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നെ സമ്മതിക്കുന്നു, രാജ്യം കടുത്ത പ്രതിസന്ധിയിലാണെന്ന്. എല്ലാവരോടും കടം ചോദിച്ച് ചോദിച്ച് ആഗോള പിച്ചക്കാരൻ എന്നാണ് പാക്ക് പ്രധാനമന്ത്രിയെ പ്രതിപക്ഷം കളിയാക്കുന്നത്.

നേരത്തെ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ 'ഇന്റർ നാഷണൽ ബെഗ്ഗർ' എന്ന് കളിയാക്കിയവർ ആയിരുന്നു ഇപ്പോഴത്തേ ഭരണപക്ഷം. ഇപ്പോൾ അവർ തിരിച്ച് കളിയാക്കപ്പെടുന്നു. ഈ സാമ്പത്തിക പ്രതിസന്ധിക്ക് ഒപ്പമാണ് ബലൂചി പ്രശ്നവും ഉയർത്തുവരുന്നത്. ബംഗ്ലാദേശ് വിട്ടുപോയപോലെ ഭാവിയിൽ ബലൂചിസ്ഥാനും ഒരു സ്വതന്ത്രരാഷ്ട്രം ആവുമോ എന്നും ഇതോടെ ചർച്ചകൾ ഉയരുന്നു.

ആരാണ് ബലൂചികൾ; എന്താണ് പ്രശ്നം

പാക്കിസ്ഥാനിലും ഇറാനിലും അഫ്ഗാനിലുമൊക്കെയായി പടർന്ന് കിടക്കുന്ന പ്രത്യേക വംശീയ വിഭാഗമാണ് ബലൂചികൾ. ഈ മുന്ന് രാജ്യങ്ങളിലുമായി പരന്ന് കിടക്കുന്നതാണ് തങ്ങളുടെ വാഗ്ദത്ത രാജ്യം എന്നാണ് ബലൂചിസ്ഥാൻ സമരക്കാർ പറയുന്നത്.

പാക്കിസ്ഥാനിലെഏറ്റവും വലുതും, വിഭവ സമൃദ്ധമായ പ്രവിശ്യയുമാണിത്. പാക്കിസ്ഥാനിലെ 'സ്ഥാൻ' വിഭാവനം ചെയ്യുന്നതും ഇവരെ തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ അത്ര വലിപ്പം വരും ബലൂചിസ്ഥാൻ പ്രവിശ്യ. പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 44 ശതമാനം. അതേ സമയം, രാജസ്ഥാൻ ഇന്ത്യൻ ഭൂവിസ്തൃതിയുടെ 10 ശതമാനം മാത്രമേ വരൂ. പക്ഷേ ബലൂചിസ്ഥാനിൽ ജനസംഖ്യ കുറവാണ്. 22 കോടിവരുന്ന രാജ്യ ജനസംഖ്യയിൽ വെറും ഒരു കോടി 20 ലക്ഷം മാത്രമാണ് ബലൂചികൾ. അതുകൊണ്ടുതന്നെ വെറും 6 സീറ്റുകളാണ് പാക് പാർലിമെന്റിലേക്ക് ഇവിടെനിന്നുള്ളത്.

ഒരു സന്നി ഭൂരുപക്ഷ മേഖലയിയാണിത്. മലനിരകളും ഊഷരഭൂമിയുമാണ് ഏറെയും. പക്ഷേ കോപ്പർ, ഗോൾഡ്, മിനറൽസ് നാച്ച്വറൽ ഗ്യാസ് എന്നിവകൊണ്ട് സമ്പുഷ്ടമായ മേഖലയുമാണ്. ഭൂമി ശാസ്ത്രപരമായി ഏറെ പ്രത്യേകതകളും പ്രാധാന്യവുമുള്ള മേഖലയാണ് ബലൂചിസ്ഥാൻ. മിഡിൽ ഈസ്റ്റ്, സൗത്ത്വെസ്റ്റ് ഏഷ്യ, സെൻട്രൽ ഏഷ്യ, സൗത്തേഷ്യ എന്നിവിടങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശം. അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ഹോർമൂസ് ഉൾക്കടൽ കിടക്കുന്ന ഇവിടെയാണ് സെൻട്രൽ ഏഷ്യയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ തുറമുഖങ്ങൾ സ്ഥിതി ചെയ്യുന്നതും. അറേബ്യൻ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള ഇകണോമിക് കോറിഡോറും സ്ഥിതി ചെയ്യുന്നത് ബലൂചിസ്ഥാനിലെ മക്രാൻ തീരത്താണ്. അങ്ങനെ അതീവ തന്ത്ര പ്രധാനമായ മേഖലയാണ് ഇവിടം. 60 ബില്യൻ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി വരുന്നത് ഇവിടെയാണ്. എന്നിട്ടും ഏറ്റവും ദരിദ്രമായ പ്രവിശ്യയായി ഇത് മാറി.

ബലൂചികൾ 1947 മുതൽ ഒരു സ്വതന്ത്ര രാഷ്ട്രം ആവശ്യപ്പെടുന്നു. ബലൂച് ദേശീയത. മതം അടിസ്ഥാനമാക്കിയല്ല. വംശീയതയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രമാണ് അവർക്ക് വേണ്ടത്. നേരത്തെ തന്നെയും ബലൂചിസ്ഥാൻ മേഖല ഏറെ പ്രശ്‌നഭരിതമാണ്. അഫ്ഗാൻ സർക്കാരിനെതിരെ പൊരുതുന്ന അഫ്ഗാൻ താലിബാൻ താവളമടിച്ചിരിക്കുന്നത് ഇവിടെയാണ്. ഇറാനും പാക്കിസ്ഥാനുമായുള്ള നിരന്തര കലഹത്തിന്റെ കേന്ദ്രവും ഇവിടെത്തന്നെ. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പൊരുതുന്ന സുന്നി വിമത ഗ്രൂപ്പുകളുടെ താവളവുമാണ് ഇവിടം.

സ്വതന്ത്ര്യത്തിനായുള്ള ബലൂചികളുടെ സമരത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ''9 നൂറ്റാണ്ടായി ഞങ്ങൾ സ്വതന്ത്രരായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യവിട്ടുപോയപ്പോഴും ഞങ്ങൾ സ്വതന്ത്രരായിരുന്നു. എഴരമാസത്തോളം സ്വതന്ത്രമായി നിന്ന ഞങ്ങളെ പാക് സൈന്യം തോക്കിൻ മുനയിൽ നിർത്തിയാണ് പാക്കിസ്ഥാനോട് ചേർത്തത്. പാക്കിസ്ഥാൻ എന്നാൽ പാഞ്ചാബി ഫാസിസിമാണ്. പഞ്ചാബികളും സിന്ധികളും ഞങ്ങളെ പീഡിപ്പിക്കയാണ്. ഞങ്ങളുടെ നാട്ടിൽ വികസനമില്ല. എല്ലാം ചൈനക്ക് തീറെഴുതി കൊടുത്തിരിക്കയാണ്. അതിനെതിരിയാണ് ഞങ്ങളുടെ സമരം'' - ബലുചിസ്ഥാൻ ലിബറഷേൻ ഫ്രണ്ട് നേതാവ് ഖാദർ ഹോജ ബിബിസിക്ക് കൊടുത്ത അഭിമുഖത്തിൽ പറയുന്നു.

അതായത് ബലൂചികൾ പറയുന്നത് ഞങ്ങൾക്ക് പാക്കിസ്ഥാനി ദേശീയതയേക്കൾ വലുതാണ് സ്വന്തം വംശീയ ഐഡന്റിറ്റി എന്നതാണ്. പാക്കിസ്ഥാൻ നാഷണൽ അസംബ്ലയിലെ 70 ശതമാനം സീറ്റുകളും പഞ്ചാബ്- സിന്ധ് പ്രവിശ്യങ്ങൾ ചേർന്നാൽ അയി. പാക്കിസ്ഥാനിലെ ആദ്യക്ഷരമായ പി യുടെ നേർ അവകാശികളായ പഞ്ചാബ് ആണ് ആ രാജ്യത്ത്ൺ്ര മേൽക്കെ. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഉൾപ്പടെ. അങ്ങനെയുള്ള അവഗണനകളാണ് ബലൂചികളുടെ സ്വതന്ത്ര്യ പ്രക്ഷോഭത്തിന് പ്രധാന കാരണമായി പറയുന്നത്.

താലിബാനെവെച്ച് കൊന്നൊടുക്കുന്നു

പക്ഷേ ബലൂചികളുടെ പ്രശ്നത്തെ കൃത്യമായി അഭിസംബോധനചെയ്യാനോ, വികസനം കൊണ്ടുവരെോനാ ഒന്നും പാക്കിസ്ഥാനിൽ മാറിമാറി വന്ന സർക്കാറുകളോ, പട്ടാള ഭരണാധികാരികളോ ഒട്ടും ശ്രമിച്ചിരുന്നില്ല. പകരം പർവേസ് മുഷ്റഫിന്റെ കാലത്തൊക്കെ അവർ കടുത്ത രീതിയിൽ ആക്രമിക്കപ്പെട്ടു. പാക് താലിബാനെ വാടകയ്ക്ക് എടുത്താണ് ബലൂചികൾക്ക് നേരെ ആക്രമണം നടത്തിയത്. ഒപ്പം പാക്കിസ്ഥാൻ പട്ടാളവും. അക്കാലത്ത് ബലൂചി കുടുംബങ്ങളിൽനിന്ന് പൊടുന്നനെ കാണാതാവലുകൾ ഉണ്ടായി. നൂറുകണക്കിന് ചെറുപ്പക്കാരെ പട്ടാളം പിടിച്ചുകൊണ്ടുപോയി. ഇവർ എവിടെയാണെന്ന് ഇന്നും ഒരു വിവരവുമില്ല. ഇതിൽ പ്രതിഷേധിച്ച് ആയിരത്തോളം കിലോമീറ്ററുകൾ നടന്നുകൊണ്ട് ബലൂചികൾ നടത്തിയ ലോങ്ങ് മാർച്ച് വലിയ ശ്രദ്ധ നേടിയിരുന്നു.

പാക്ക് ഭരണാധികാരികൾ താലിബാന് പരോക്ഷ പിന്തുണ നൽകുന്നത് തന്നെ ബലൂചികളെ ഒതുക്കാൻ ആയിരുന്നു. പട്ടാളത്തിന്റെ പിന്തുണയോടെ താലിബാൻ നൂറുകണക്കിന് ബലൂലികളെ കൊന്നു തള്ളി. അപ്പോൾ വാർത്ത വരിക താലിബാനും എതിരാളികളും ഏറ്റുമുട്ടി എന്നായിരിക്കും. പക്ഷേ സംഭവത്തിന് പിന്നിൽ പാക്ക് ഭരണകൂടമാണെന്ന് വൈകിയാണ് ലോകം അറിഞ്ഞത്.

ഉയിഗൂർ മുസ്ലീങ്ങളെ രാജ്യത്തോട് അടുപ്പിക്കുന്നതിനായി ചൈന നടത്തിയ സാംസ്കാരിക സാഹസങ്ങൾ പോലെ പലതും ബലൂചികളെ പാക്കിസ്ഥാൻ ദേശീയതയിലേക്ക് അടുപ്പിക്കാൻ ചെയ്തിട്ടുണ്ട്. മദ്രസകളിലും മറ്റും പണം കൊടുത്ത് പ്രത്യേക ഉസ്താദുമാരെ നിയമിപ്പിച്ച് പാക്ക് ദേശീയത കുട്ടികളെ പഠിപ്പിക്കയായിരുന്നു അതിൽ പ്രധാനം. അതുപോലെ ഐ.എസ്, ലഷ്‌ക്കർ എന്നീ സംഘടനകൾക്കുമൊക്കെ ബലൂചിസ്ഥാനിൽ മതമൗലികാവാദം പ്രചരിപ്പിക്കാൻ മുഷറഫ് സർക്കാർ രഹസ്യമായ അനുമതി നൽകി. മത വികാരത്തിനുമുന്നിൽ വംശീയ വികാരം ഇല്ലാതാവുമെന്നാണ് അവർ കരുതിയിരുന്നത്. പാക്ക് ചാര സംഘടനയായ ഐസ്ഐക്ക് ഇതിനായി പ്രത്യേക പ്രൊജക്റ്റ് തന്നെ ഉണ്ടായിരുന്നു.

എന്നാൽ ബലൂചികളുടെ അടുത്ത് ഈ അടവുകൾ എല്ലാം ചീറ്റിപ്പോയി. 90 ശതമാനം ബലൂചികളും ഇന്നും പാക്കിസ്ഥാനിൽനിന്ന് പുറത്തുപോകണം എന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ബലൂചിസ്ഥാന്റെ മോചനത്തിനായി തോക്കെടുക്കുന്നവരെ തീവ്രവാദികൾ ആയിട്ടില്ല, പോരാളികൾ ആയിട്ടാണ് ആ നാട്ടുകാർ കരുതുന്നത്.

എല്ലാം ചൈന പിടിച്ചെടുക്കുന്നു

പാക്കിസ്ഥാൻ ഭരണകൂടത്തേക്കൾ ബലൂചികൾക്ക് വെറുപ്പുള്ള ഒരു രാജ്യമാണ് ചൈന. വിവിധ റോഡ് നിർമ്മാണത്തിനും തുറമുഖ നിർമ്മാണത്തിനും, ഒക്കെയായി ബലുചിസ്ഥാനിൽ എത്തിയ ചൈന ഇപ്പോൾ അവിടം അടക്കി ഭരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക. രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം എന്നപോലെ ചൈന തങ്ങളുടെ നിർമ്മാണ പ്രവർത്തനം നടത്തുന്ന സ്ഥലങ്ങളിൽ ഔട്ട്പോസ്റ്റുകളും ചെക്ക് പോസ്റ്റുകളും വെച്ചിരിക്കയാണ്. അവിടെ നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന ബലൂചികൾക്ക് ചൈനയുടെ പരിശോധന കൂടാതെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പോകാൻ കഴിയില്ല എന്ന അവസ്ഥ വന്നിരിക്കയാണ്. ചൈനയുടെ കടക്കെണിലായ പാക്കിസ്ഥാന് ആകട്ടെ ഇതിൽ ഒന്നും പ്രതികരിക്കാൻ കഴിയുന്നില്ല.

രാജ്യത്തെ ചൈനക്ക് വിൽക്കുന്നു, ഒരു സാമന്ത രാജ്യമാക്കി മാറ്റുന്നു, പാക്കിസ്ഥാന്റെ അത്മാഭിമാനം പണയും വെക്കുന്നു, തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഉന്നിയിക്കുന്നത്. മാത്രമല്ല 770 കിലോമീറ്റർ കടൽത്തീരമുള്ള പ്രദേശമാണ് ബലൂചിസ്ഥാൻ. ചൈനയുടെ ഇടപെടൽ മൂലം ഇവിടെ തദ്ദേശീയർക്ക് മീൻ പിടിക്കാൻ പോലും ആവുന്നില്ല. ചൈനയുടെ വൻകിട ട്രോളറുകൾ പിടിക്കുന്നതിനാൽ തങ്ങൾക്ക് ഒന്നും കിട്ടുന്നില്ല എന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. അതുപോലെ തുറമുഖ നവീകരണത്തിൽ ഒന്നും തദ്ദേശീയർക്ക് ജോലി കൊടുത്തിരുന്നില്ല. എല്ലാം ചൈനക്കാർ തന്നെ ആയിരുന്നു.

ഇവിടുത്തെ ഖ്വാദിർ തുറമുഖം പാക്കിസ്ഥാൻ ചൈനക്ക് 40 വർഷത്തേക്ക് പാട്ടത്തിന് കൊടുത്തിരിക്കയാണ്. ലങ്കയിലെ ഹബ്ബൻ തോട്ട തുറമുഖം പിടിച്ചതിന് സമാനമായാണ് ഇവിടെ ചൈന പ്രവർത്തിച്ചത്. കടം തിരിച്ചുകൊടുക്കാൻ പാക്കിസ്ഥാന് കഴിയാതെ ആയതോടെ പോർട്ട് ചൈന ഏറ്റെടുത്തു. അതോടെ തദ്ദേശീയർ പ്രതിസന്ധിയിലായി. ഇതിനെതിരെ രണ്ടുവർഷം മുമ്പ് നാട്ടുകാർ വലിയ പ്രക്ഷോഭം നടത്തിയിരുന്നു.  സിന്ധിലും ഇതേ പ്രശ്നംഉണ്ട്. ഇപ്പോൾ കറാച്ചിയിലെ രണ്ട് ദ്വീപികൾ ചൈനക്ക് വിട്ടുകൊടുക്കാൻ പോകയാണ്. അതിനെതിരെയും പ്രദേശവാസികൾ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. അതായത് പാക്കിസ്ഥാനിൽ മൊത്തമായി ഒരു ചൈന വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്

ബലൂചിസ്ഥാനിലെ വിഭവങ്ങൾ കൊള്ളയടിക്കുന്നതിൽനിന്ന് പിന്മാറണമെന്ന് ചൈനയ്ക്ക് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി ബിഎൽഎ പറയുന്നു. അതുപോലെ ബലൂചികളെ വംശഹത്യ നടത്താൻ പാക്കിസ്ഥാൻ സൈന്യത്തിന് സാമ്പത്തികമായും മറ്റും നൽകുന്ന സഹായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന അതൊക്കെ അവഗണിച്ചു. അതോടെയാണ് മേഖലയിൽ ചൈന വിരുദ്ധ വികാരം കരുത്താർജിച്ചത്. 2018ൽ ചൈനാക്കാരെ ലക്ഷ്യമിട്ട് ഒരു പയ്യൻ പൊട്ടിത്തെറിച്ചിരുന്നു. ഇപ്പോഴിതാ ദിവസങ്ങൾക്ക് മുമ്പ് ഒരു അദ്ധ്യാപകി കറാച്ചിയിൽ ചാവേറായി മൂന്ന്‌െൈ ചനക്കാരെ കൊന്നതിന്റെ ഞെട്ടലിൽ ആണ് ലോകം. ചൈനയെ തൊട്ടാലെ പാക്കിസഥാന് പൊള്ളു എന്ന് ബലൂചികൾക്ക് നന്നായി അറിയാം.

ചാവേർ രണ്ടുകുട്ടികളുടെ അമ്മയായ അദ്ധ്യാപിക

ദിവസങ്ങൾക്ക് മുമ്പ് കറാച്ചി സർവകലാശാലയിൽ മൂന്ന് ചൈനീസ് വംശജരെ ഉൾപ്പെടെ നാലുപേരെ ചാവേറാക്രമണത്തിലൂടെ ബലുചിസ്ഥാൻ ലിബറേഷൻ ആർമി കൊലപ്പെടുത്തിയതോടെയാണ് ബലൂചികളുടെ പ്രക്ഷോഭം വീണ്ടും സജീവമായി വാർത്തകളിൽ നിറയുന്നത്. ചാവേറായ സ്ത്രീയെക്കുറിച്ച് പുറത്തുവരുന്നത് വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു.

ഉന്നത വിദ്യാഭ്യാസം നേടിയ, അദ്ധ്യാപികയായ, ഡോക്ടറെ വിവാഹം കഴിച്ച, രണ്ടു കുട്ടികളുടെ അമ്മയുമായ മുപ്പതുകാരിയാണ് കറാച്ചിയിൽ സ്വയം പൊട്ടിത്തറിച്ചത്. ബലൂചിസ്ഥാനിലെ ടർബാത് മേഖലയിലുള്ള നിസാർ അബാദ് സ്വദേശി ഷാരി ബലോച് ആയിരുന്നു ആ ചാവേർ. ഭാര്യ ഇത്തരമൊരു ആക്രമണം നടത്തിയത് ഞെട്ടിച്ചെങ്കിലും അവർ ചെയ്ത കാര്യത്തിൽ അഭിമാനമുണ്ടെന്ന് ഷാരിയുടെ ഭർത്താവ് ഹബിതാൻ ബഷിർ ബലോച് പ്രതികരിച്ചു. ബഷിർ ബലോച് ദന്തഡോക്ടറാണെന്നും ഇവർക്ക് എട്ടും അഞ്ചും വയസുള്ള രണ്ടു മക്കളാണുള്ളതെന്നും രഹസ്യ സങ്കേതത്തിലുള്ള ഭർത്താവിനെ ഉദ്ധരിച്ച് അഫ്ഗാൻ മാധ്യമ പ്രവർത്തകനായ ബഷിർ അഹമ്മദ് ഗ്വാഖ് പറഞ്ഞു. എംഎസ്സി സുവോളജി പാസായ ശേഷം എംഫില്ലിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷാരിയെന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അഫ്ഗാനിസ്ഥാൻ കേന്ദ്രമായുള്ള ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) പ്രസ്താവനയിൽ അറിയിച്ചു.

ബിഎൽഎയുടെ മജീദ് ബ്രിഗേഡാണ് ആക്രമണം നടത്തിയതെന്ന് സംഘടന പറയുന്നു. രണ്ടു വർഷം മുൻപാണ് ഷാരി ഈ ചാവേർ സ്‌ക്വാഡിൽ അംഗത്വമെടുത്തത്. രണ്ട് കുട്ടികൾ ഉള്ള സാഹചര്യത്തിൽ സ്‌കാഡിൽനിന്നു പിന്മാറാൻ ഷാരിക്ക് അവസരം നൽകിയെങ്കിലും അവർ അതിനു തയാറായില്ലെന്ന് സംഘടന പറയുന്നു. ബലൂചിസ്ഥാനിലെയും പാക്കിസ്ഥാനിലെ മറ്റു സ്ഥലങ്ങളിലേയും ചൈനീസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നാണ് ബിഎൽഎ പറയുന്നത്.

വിദ്യാർത്ഥി ആയിരിക്കുമ്പോൾത്തന്നെ ഷാരി 'ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷ'ന്റെ ഭാഗമായിരുന്നെന്നും ബലൂചി വംശജർക്കെതിരെ നടക്കുന്ന വംശഹത്യയെക്കുറിച്ചും ബലൂചിസ്ഥാനിലെ കടന്നുകയറ്റത്തെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നുവെന്നും സംഘടന അവകാശപ്പെട്ടു. മജീദ് ബ്രിഗേഡിന്റെ നടപ്പുരീതികൾ അനുസരിച്ച് തന്റെ തീരുമാനം പുനഃപരിശോധിക്കാൻ ഷാരിക്ക് സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളിൽ അവർ 'സേവനമനുഷ്ഠിച്ചു'. ആറു മാസം മുൻപാണ് ചാവേറാകാനുള്ള തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് ഷാരി സംഘടനയെ അറിയിച്ചത്. അതിനുശേഷം ഇക്കാര്യം നടപ്പാക്കാനായി ശ്രമിക്കുകയായിരുന്നു അവരെന്ന് സംഘടന പറയുന്നു.

ഷാരിയുടെ പിതാവിനെയും സഹോദരനെയും പാക് സൈന്യം വധിച്ചതാണെന്നും ചില ചൈനീസ് പദ്ധതികൾക്ക് വേണ്ടി ഇവരുടെ ഭൂമി ബലമായി ഏറ്റെടുക്കുകയായിരുന്നുവെന്നും പാക് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പറയുന്നു.

കൊലവിളിയുമായി ചൈന

കറാച്ചി സർവകാലാശാലയിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഹുവാങ് ഗുയിപിങ്, വനിതാ അദ്ധ്യാപകരായ ഡിങ് മുപെങ്, ചെൻസാ എന്നിവരും പാക്കിസ്ഥാൻകാരനായ വാൻ ഡ്രൈവറുമാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്റ്റ് ഹൗസിൽനിന്ന് അദ്ധ്യാപകരെ കൊണ്ടുവന്ന വാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിൽ എത്തിയപ്പോഴായിരുന്നു സ്ഫോടനം. ഇതിന്റെ ലൈവ് ദൃശ്യങ്ങൾ കണ്ട് ലോകം നടുങ്ങിയിരുന്നു. ഈ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ട് തന്നെ ചൈനയുടെ പിആർ വർക്കിനായി സ്ഥാപിക്കപ്പെട്ട ഒന്നാണ്. ഇവിടെനിന്ന് ചാരപ്പണി വരെ നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. നേരത്തെ മാവോയുടെ കാലത്ത് ചൈന ഓടിച്ചതാണ് കൺഫ്യൂഷസിന്റെ ചിന്തകളെ. ഇപ്പോൾ അത് പൊടി തട്ടി ചൈന മാർക്കറ്റ് ചെയ്യുകയാണ്.

തങ്ങളുടെ മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടതോടെ ബലൂചികൾക്കെതിരെ കൊലവിളിയുമായാണ് ചൈന രംഗത്ത് എത്തിയത്. 'പാക്കിസ്ഥാനിൽ തൊഴിലെടുക്കുന്ന ചൈനീസ് പൗരന്മാർക്കുള്ള സുരക്ഷ ആ രാജ്യം വർധിപ്പിക്കണം. സംഭവത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ചൈനക്കാരുടെ രക്തം ചിന്തിയതു പാഴാകാൻ സമ്മതിക്കില്ല. ഈ ആക്രമണത്തിനു പിന്നിൽ ആരാണെങ്കിലും അവരതിനു വലിയ വില കൊടുക്കേണ്ടി വരും' ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടതോടെ പാക്കിസ്ഥാനും ഹാലിളകിയിരിക്കയാണ്. ബലൂചികൾക്കെതിരെ അവർ കടുത്ത നടപടി സ്വീകരിക്കയാണ്.

പക്ഷേ പിന്നോട്ടില്ല എന്ന നിലപാടിലാണ് ബലൂലിസ്ഥാൻ ലിബറേഷൻ ആർമിയും. ''
ചൈനയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യം ബലൂചിസ്ഥാനിൽ അനുവദിക്കാൻ പറ്റില്ല എന്നതാണ് കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറെയും മറ്റുള്ളവരെയും ലക്ഷ്യമിട്ടതു വഴി ഉദ്ദേശിച്ചത്. കാരണം, അത് ചൈനയുടെ സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വിപുലീകരണത്തിന്റെ പ്രതീകമാണ്'' - ബിഎൽഎ വക്താവ് ജീയാന്ത് ബലോച് പറഞ്ഞു.

ബലൂച് ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡിലെ പരിശീലനം സിദ്ധിച്ച നൂറുകണക്കിന് പേരാണ് ഇത്തരം ആക്രമണങ്ങൾ ബലൂചിസ്ഥാനിലും പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും നടത്താൻ തയ്യാറെടുത്തിരിക്കുന്നതെന്നും സമാധാനപരമായി പിന്മാറുകയാണ് പാക്കിസ്ഥാന് നല്ലതെന്നുമാണ് സംഘടന നൽകുന്ന മുന്നറിയിപ്പ്.

വിവേചനം ശീലമാക്കിയ പാക്കിസ്ഥാൻ

അതേസമയം വിവേചനം എന്നത് പാക്കിസ്ഥാന്റെ കൂടെപ്പിറപ്പാണെന്നണ് സാമൂഹിക നിരീക്ഷകർ പറയുന്നത്. മത-വംശീയമായ ഒരു ന്യുനപക്ഷത്തിനും പാക് മണ്ണിൽ നീതലി കിട്ടാറില്ല.

സ്വാതന്ത്ര്യാനന്തരം ഭാരതത്തിൽ നിന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ അവസ്ഥ നോക്കുക. മൊഹാജിർ എന്നാണ് അവരെ വിളിക്കുന്നത്. അവർ പ്രധാനമായും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്. ആദ്യ ദിവസം മുതൽ പഞ്ചാബി മുസ്ലീങ്ങൾ അവരോട് വിവേചനം കാണിച്ചുവെന്നാണ് അവരുടെ നേതാക്കൾ പറയുന്നത്. ഇത്രയും വർഷം പിന്നിട്ടിട്ടും അവരുടെ അവസ്ഥ ദയനീയമാണ്. പഞ്ചാബി മുസ്ലീങ്ങൾ ആധിപത്യം പുലർത്തുന്ന സർക്കാർ ജോലികളിൽ അവർക്ക് മതിയായ പ്രാതിനിധ്യമില്ല. ഇന്ത്യക്ക് പകരം പാക്കിസ്ഥാനെ ജന്മനാടായി തെരഞ്ഞെടുത്ത ജനതയോടുള്ള നഗ്‌നമായ വിവേചനം ഇന്നും തുടരുന്നു. ഇതാണ് മൊഹാജിർ ക്വാമി പ്രസ്ഥാനത്തിന്റെ (എംക്യുഎം) പിറവിയിലേക്ക് നയിച്ചത്. ഇപ്പോൾ ഇവരിൽ ചിലർ ബലൂചികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്.

ഗുരുതരമായ പ്രശ്നങ്ങളുള്ള പാക്കിസ്ഥാനിലെ മറ്റൊരു പ്രദേശമാണ് നോർത്ത് വസീറിസ്ഥാൻ. പ്രധാനമായും പഷ്തൂൺ വംശജരാണ് ഇവിടെയുള്ളത്. ഈ പ്രദേശം തികച്ചും യുദ്ധമേഖലയാണ്. പാക്കിസ്ഥാൻ സൈന്യത്തിൽ നിന്നും, വിവിധ തീവ്രവാദ സംഘടനകളിൽ നിന്നുമുള്ള ആക്രമണങ്ങളാണ് ഈ പ്രദേശത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ പീഡിപ്പിച്ചത്. പാക്കിസ്ഥാൻ സൈന്യം നിരപരാധികളായ നിരവധി ആളുകളെ കൊന്നിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പ്രത്യേക 'പഷ്തൂൺ ഭൂമി' വേണമെന്ന ആവശ്യം വളരെ ശക്തമാണ്. വടക്കൻ വസീറിസ്ഥാനിൽ, 'പഷ്തൂൺ തഹാഫിസ് മൂവ്മെന്റിന്റെ' (പിടിഎം) ബാനറിൽ പഷ്തൂണുകൾ സൈന്യത്തിനെതിരെ യുദ്ധം നടത്തുകയാണ്.

കൂടാതെ പാക്കിസ്ഥാനിൽ ധാരാളം വിഭാഗീയ അക്രമങ്ങൾ നടക്കുന്നുണ്ട്. ഷിയകൾ, ബറേൽവി സുന്നികൾ, അഹ്മദികൾ, ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, സിഖുകാർ എന്നിവരാണ് ഇത്തരം ആക്രമണത്തിന് ഇരകളാകുന്നത്. നിരോധിച്ച നിരവധി തീവ്രവാദ സംഘടനകൾ ഇന്നും പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നു. ഇന്ന് ലോക ഭീകരതയുടെ പ്രഭവകേന്ദ്രമെന്നാണ് പാക്കിസ്ഥാനെ വിളിക്കുന്നത്. പാക്കിസ്ഥാൻ തീവ്രവാദത്തെ ഒരു നയമായി ഉപയോഗിച്ചപ്പോൾ, ഒരു ദിവസം അതേ തീവ്രവാദം അവയെയും നശിപ്പിക്കുമെന്ന് കരുതിയില്ല. ഇപ്പോൾ പൊട്ടുന്ന ചാവേറുകൾ അതിന്റെ തെളിവാണ്.

ഇന്ത്യയുടെ നിലപാട് നിർണ്ണായകം

2016ൽ ഇന്ത്യാ- പാക്ക് ബന്ധം ഏറെ വഷളായിരിക്കെ, സ്വതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബലൂചികളുടെ പ്രശ്നം എടുത്തിട്ടതും അത് ലോക ശ്രദ്ധയിൽ കൊണ്ടുവന്നതും. 'ഇന്ന് ഇവിടെ ചെങ്കോട്ടയിൽ നിൽക്കുമ്പോൾ ചില മനുഷ്യരോട് എനിക്ക് നന്ദി പറയേണ്ടതുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ബലൂചിസ്ഥാൻ, ഗിൽഗിത്, പാക് അധീന കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങൾ എന്നോട് നന്ദി പറഞ്ഞു. അവർക്കുള്ള കൃതജ്ഞത അറിയിച്ചു. അവർ ഒരുപാട് അകലെ താമസിക്കുന്നവരാണ്, അവരെ ഒരിക്കലും കണ്ടിട്ടില്ല. ആ ജനങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയെ നന്ദി അറിയിക്കുമ്പോൾ അത് 125 കോടി ജനങ്ങൾക്കുമുള്ള ആദരാവാണ്'- പ്രധാനമന്ത്രി പറഞ്ഞു.

ഇത് വലിയ വാർത്തയാവുകയും ബലൂചിസ്ഥാൻ സമരത്തെ ഇന്ത്യ പിന്തുണക്കുന്നുവെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇതോടെ ഇന്ത്യൻ പതാക ഉയർത്തി ബലൂചികൾ പ്രകടനം നടത്തിയതും രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടുകൾ ആകർഷിച്ചിരുന്നു. പക്ഷേ പുതിയ സാഹചര്യങ്ങൾ നിരീക്ഷിക്കുകയല്ലാതെ ഇന്ത്യ പ്രത്യക്ഷ നിലപാടുകൾ ഒന്നും എടുത്തിട്ടില്ല. എന്നാൽ പാക്കിസ്ഥാൻ ബലൂചികൾക്ക് പിന്നിൽ ഇന്ത്യയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്.

സമാനകൾ ഇല്ലാത്ത പ്രശ്നങ്ങളിലൂടെയാണ് പാക്കിസ്ഥാൻ കടന്നുപോകുന്നത്. ഒരു ഭാഗത്ത് രുക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്, ജനകീയ പ്രക്ഷോഭം, മറുവശത്ത് ബലൂചിസ്ഥാൻ വിമോചന പോരാട്ടം, ഇടഞ്ഞു നിൽക്കുന്ന സൈന്യം. ഈ സാഹചര്യത്തിൽ ബലൂചിസ്ഥാൻ പാക്കിസ്ഥാനിൽനിന്ന് വിഘടിച്ചുപോയാലും അത്ഭുദ്മില്ല എന്ന് കരുതുന്നവർ ഏറെയുണ്ട്. പക്ഷേ ചൈനയുടെ സഹായത്തോടെ അടിച്ചമർത്താനാണ് സാധ്യതയെന്ന് കരുതുന്നവരും കുറവല്ല. എന്താായലും ചോരപ്പുഴകളും, പ്രതിസന്ധികളും തന്നെയാണ് ജിന്നയുടെ വിശുദ്ധ നാടിനെ ഇനിയുള്ള ദിവസങ്ങളിലും കാത്തിരിക്കുന്നത് എന്ന് ചുരുക്കം.

വാൽക്കഷ്ണം: ഏറ്റവും രസകരം പാക്കിസ്ഥാനും താലിബാനും തമ്മിൽ തെറ്റിയെന്നതാണ്. കഴിഞ്ഞമാസം പാക്കിസ്ഥാൻ അതിർത്തികയറി അഫ്ഗാനിലെ തീവ്രവാദ കേന്ദ്രത്തിൽ ആക്രമിച്ചു. അതിൽ അഫ്ഗാൻ പ്രതിഷേധിച്ച് അറിയിച്ച കത്തിന് മറുപടിയായി പാക്കിസ്ഥാൻ പറഞ്ഞ വാചകമാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി. ''നമുക്ക് ഭീകരതയെ ഒന്നിച്ച് തുരത്താമെന്ന്.''-ഭീകരവാദികളുടെ പിന്തുണയിൽ അധികാരത്തിൽ ഏറിയ ഒരു സർക്കാർ, ഭീകരവാദികൾ നേരിട്ട് നടത്തുന്ന ഒരു സർക്കാറിനോട്, ഭീകരതയെ ചെറുക്കാൻ യോജിക്കാമെന്ന് പറയുന്നു!