ബാലുശ്ശേരി: പ്രചാരണ ബോർഡുകൾ കീറിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ ആൾക്കൂട്ട വിചാരണ നടത്തി ക്രൂരമായി മർദിച്ച കേസിൽ സർവ്വത്ര ദുരൂഹത. കേസിൽ മുസ്ലിം ലീഗ്, ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉൾപ്പെടെ 5 പേർ അറസ്റ്റിലായതാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം രാത്രി കോട്ടൂർ പാലോളിയിൽ വച്ചാണ് ഡിവൈഎഫ്‌ഐ തൃക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി വാഴേന്റവളപ്പിൽ ജിഷ്ണുരാജിനു (22) നേരെ ആക്രമണം ഉണ്ടായത്.

എസ്ഡിപിഐ സംഘമാണ് പരസ്യ വിചാരണ നടത്തി വധിക്കാനുള്ള ശ്രമം നടത്തിയതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു മുഹമ്മദ് സാലി രായ്യത്ത് കുനിയിൽ, റിയാസ് കുനിയിൽ, മുഹമ്മദ് ഇജാസ് പേരൂളിപ്പൊയിൽ, ഷാലിദ് താഴെ കോട്ടയാത്ത്, നജാഫ് ഫാരിസ് ചോത്താരി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 9 പേർ ഒളിവിലാണ്. പ്രതികളിൽ 2 പേർ മുസ്ലിം ലീഗ് പ്രവർത്തകരാണ്. എന്നാൽ ഇവർ അക്രമം തടയാൻ എത്തിയതാണെന്നാണു ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.

പ്രതികളിൽ രണ്ടു പേർ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നും ലീഗ് ആരോപിക്കുന്നു. എന്നാൽ ജിഷ്ണുരാജിനെ ആക്രമിച്ചതിലും പരാതി നൽകിയതിലും ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു ബന്ധമില്ലെന്നു സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പറഞ്ഞു. അറസ്റ്റിലായവർ ഡിവൈഎഫ് ഐക്കാരാണെന്നതും നിഷേധിക്കുന്നു. എന്നാൽ പ്രാദേശികമായി ഇവർക്ക് ഇടതു ബന്ധമാണുള്ളതെന്നതാണ് വസ്തുത.

പരുക്കേറ്റ ജിഷ്ണു ചികിത്സയിലാണ്. പാർട്ടികളുടെ ബോർഡുകളും ബാനറുകളും രാത്രി നശിപ്പിക്കുന്നതായി ആരോപിച്ചാണ് ജിഷ്ണുരാജിനെ ആൾക്കൂട്ടം തടഞ്ഞ് നിർത്തി ആക്രമിച്ചത്. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ആക്രമിച്ചത് ലീഗ് - എസ്ഡിപിഐ പ്രവർത്തകരാണെന്ന ശക്തമായ പ്രചാരണം ഡിെൈവഎഫ്‌ഐ നടത്തുന്നതിനിടെയാണ് സ്വന്തം പ്രവർത്തകൻ അറസ്റ്റിലായത്. ഇതോടെ പ്രതിരോധത്തിലായ ഡിവൈഎഫ്‌ഐ അറസ്റ്റിലായ നജാഫ് ഫാരിസിന് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് പരസ്യനിലപാട് എടുത്തു.

കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 29 പേരെയാണ് പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. നജാഫിന്റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തിൽ പരാതി വന്നത്. എന്നാൽ, നാജാഫ് ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് വ്യക്തമാക്കി. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആൾക്കൂട്ട ആക്രമണമല്ല ബോധപൂർവം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് പ്രതികരിച്ചു.

എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ ചേർന്ന് വളഞ്ഞിട്ടാക്രമിച്ചത്.

എസ് ഡി പി ഐ ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. തന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്‌ളസ്‌ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാർട്ടി നേതാക്കൾ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആൾക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. രണ്ട് മണിക്കൂറോളമാണ് സംഘം ജിഷ്ണുവിനെ വളഞ്ഞിട്ട് മർദിച്ചവശനാക്കിയത്.