- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റ്യാടി ആക്രമണക്കേസിലെ രണ്ടാം പ്രതി; കേരളത്തിൽ പൊലീസ് വെടിവയ്പിലുണ്ടായ ആദ്യ നക്‌സൽ മരണത്തിനും സാക്ഷി; 22 വർഷത്തെ ജയിൽവാസത്തിന് ശേഷം സിപിഎമ്മിന്റെയും ഭാഗമായി; ബാലുശ്ശേരി അപ്പു ഇനി ഓർമ്മ
നടുവണ്ണൂർ: കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത അപ്പു ബാലുശ്ശേരി ഓർമയായി. ഒള്ളൂർ പൊയിലുങ്കൽ താഴെ താനോത്ത് നാരായണപുരി അപ്പുനായർ എന്ന ബാലുശ്ശേരി അപ്പു 76 മത്തെ വയസ്സിൽ വാർധക്യ സഹജമായ അസുഖത്തെത്തുടർന്നാണ് അന്തരിച്ചത്.കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ അവസാന കണ്ണിയായിരുന്നു അപ്പു ബാലുശ്ശേരി. കേസിലെ രണ്ടാംപ്രതിയായിരുന്നു.
നക്‌സൽ ബാരി പ്രസ്ഥാനത്തിൽ ആകൃഷ്ടരായി 1969 ഡിസംബർ 18ന് പുലർച്ചെ ബോംബ് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി പതിനഞ്ചോളം വരുന്ന നക്‌സൽ പ്രവർത്തകരാണ് അന്ന് സ്റ്റേഷൻ ആക്രമിച്ചത്. പൊലീസിന്റെ വെടിയേറ്റ് നക്‌സൽ പ്രവർത്തകൻ പെരുവണ്ണാമൂഴി കോഴിപ്പിള്ളി വേലായുധൻ (36) സ്റ്റേഷനു മുന്നിൽ മരിച്ചു. പൊലീസ് വെടിവയ്പിൽ മരിച്ച കേരളത്തിലെ ആദ്യ നക്‌സൽ പ്രവർത്തകനാണ് വേലായുധൻ. ഒന്നാം പ്രതി വയനാട്ടിലെ വേലപ്പനായിരുന്നു. മൂന്നാം പ്രതി പാലേരിയിലെ സി.എച്ച്. കടുങ്ങോനായിരുന്നു.
കുന്നിക്കൽ നാരായണന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് തലശ്ശേരി പുൽപള്ളി ആക്രമണത്തിന്റെ വാർഷികത്തിനു മുൻപ് മറ്റൊരു സ്റ്റേഷൻ ആക്രമിക്കണമെന്ന് നക്‌സൽ പ്രവർത്തകർ തീരുമാനിച്ചത്. ആയുധങ്ങളുമായി കുറ്റ്യാടി പുഴയോരത്ത് സംഘടിച്ച നക്‌സൽ പ്രവർത്തകർ 18നു പുലർച്ചെയാണ് സ്റ്റേഷൻ ആക്രമിച്ചത്. സ്റ്റേഷന്റെ വാതിൽ മഴുകൊണ്ട് വെട്ടിപ്പൊളിച്ച് കോഴിപ്പിള്ളി വേലായുധനും ബാലുശ്ശേരി അപ്പുവും ബോംബെറിഞ്ഞു. സ്റ്റേഷനകത്ത് ബോംബ് വീണതോടെ പൊലീസ് തിരിച്ചു വെടിവച്ചു. വാതിൽ വെട്ടിപ്പൊളിച്ചുണ്ടാക്കിയ ദ്വാരത്തിലൂടെയാണ് പൊലീസ് തിരിച്ചു വെടിവച്ചത്. എസ്‌ഐ പ്രഭാകരന്റെ കൈയ്ക്ക് ബോംബേറിൽ ഗുരുതര പരുക്കേറ്റു.
സ്റ്റേഷൻ ആക്രമണക്കേസിൽ പൊലീസ് ആദ്യം പിടികൂടിയത് സി.എച്ച്. കടുങ്ങോനെയാണ്. ഈ കേസിൽ 14 പേരെ കോടതി ഇരുപത്തി രണ്ടര വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. അപ്പു ബാലുശ്ശേരിയും സി.എച്ച്. കടുങ്ങോനും പിന്നീട് സിപിഎം പ്രവർത്തകരായി.എൽഐസി കൊയിലാണ്ടി ബ്രാഞ്ചിന്റെ കീഴിൽ ഏജന്റായും പ്രവർത്തിച്ചു. കുന്നത്തറ ക്ഷീരവികസന സംഘം സ്ഥാപക ഡയറക്ടറായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: സുരേഷ് (ഇന്ത്യൻ ആർമി), ഷാനിഷ്, ഷൈനി.