- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ളക്സ് കീറിയെന്ന് സമ്മതിപ്പിക്കാൻ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചു; ജിഷ്ണുവിന്റെ മൊഴി ശരിവച്ച് ദൃശ്യങ്ങളും; വധശ്രമം ഉൾപ്പെടുത്തി എഫ്‌ഐആർ; പിന്നാലെ മൂന്ന് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ; മുഖ്യപ്രതിയായ സഫീറിനായി തെരച്ചിൽ
കോഴിക്കോട്: ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസില് മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ് ജിഷ്ണു രാജിനെ മർദിച്ച സുൽഫി, ജുനൈദ്, റംഷാദ് എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. മർദ്ദനമേറ്റ ജിഷ്ണുവിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ എഫ്‌ഐആറിൽ മാറ്റം വരുത്തി. പ്രതികൾക്കെതിരെ വധശ്രമത്തിന് കൂടി കേസ്സെടുത്തു. പ്രതികൾക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് പൊലീസ്.
എസ്.ഡി.പി.ഐ.യുടെ ഫ്ളെക്സ് കീറിയെന്നാരോപിച്ച് വ്യാഴാഴ്ച അർധരാത്രി ഒരു മണിയോടെയാണ് അമ്പതോളം പേരടങ്ങിയ അക്രമിസംഘം ജിഷ്ണുരാജിനെ ക്രൂരമായി മർദിച്ചത്. പ്രദേശത്ത് മുൻപുനടന്ന സമാനസ്വഭാവമുള്ള സംഭവങ്ങൾക്കുപിന്നിലും താനാണെന്ന് ജിഷ്ണുരാജ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും അക്രമികൾ പ്രചരിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ജിഷ്ണുരാജിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. റോഡിൽവെച്ച് മർദിച്ച് അവശനാക്കിയശേഷമാണ് സമീപത്തെ തോട്ടിലേക്ക് കൊണ്ടുപോയത്. ചില സിപിഎം. നേതാക്കളുടെ പ്രേരണയാലാണ് താൻ ഇതൊക്കെ ചെയ്തതെന്നും അവരുടെ പേരുപറയാൻ തയ്യാറാണെന്നും ചെളിയിൽ മുക്കുന്നതിനിടെ ജിഷ്ണു സമ്മതിക്കുന്നതായി വീഡിയോയിലുണ്ട്. ഇതിനുശേഷമാണ് തിരികെ റോഡിലെത്തിച്ച് കുറ്റസമ്മതം നടത്തുന്ന വീഡിയോ പകർത്തിയത്.
ജിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്ത് വന്നത്. കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളായിരുന്ന നേരത്തെ എഫ്‌ഐആറിൽ ഉണ്ടായിരുന്നത്.
പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കൂടുതൽ ശക്തമായ വകുപ്പ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തി. മുന്നൂറ്റി ഏഴാം വകുപ്പ് പ്രകാരം വധശ്രമം കൂടി ഉൾപ്പെടുത്തി എഫ്‌ഐആർ പുതുക്കി. എസ്ഡിപിഐക്ക് സംഭവത്തിൽ പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ ജില്ലാ നേതാവ് സഫീർ ഉൾപ്പെടയുള്ളവർ ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്.
ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവംനടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും കേസിലെ പ്രധാന പ്രതികളായ എസ്.ഡി.പി.ഐ. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്യാത്തതിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഓടിക്കൂടിയ നാട്ടുകാരാണ് അക്രമത്തിനുപിന്നിലെന്നും എസ്.ഡി.പി.ഐ. നേതാക്കൾ ആവർത്തിക്കുമ്പോഴാണ് ജില്ലാനേതാവിന്റെതന്നെ ദൃശ്യങ്ങൾ പുറത്തുവന്നതും അറസ്റ്റ് നടന്നതും
മറുനാടന് മലയാളി ബ്യൂറോ