കോഴിക്കോട് : 20 വർഷം രാജ്യത്തിനു വേണ്ടി ജീവിതം മാറ്റി വെച്ച വിമുക്ത ഭടനു പോലും പൊലീസ് മുറയിൽ നിന്നും രക്ഷയില്ല. ബാലുശേരി എരമംഗലത്ത് ഒരാഴ്ച മുമ്പ് വിമുക്തഭടൻ ജീവനൊടുക്കിയത് പൊലീസ് മർദ്ദനത്തിൽ മനംനൊന്ത്. വിമുക്തഭടന്റെ ആത്മഹത്യാക്കുറിപ്പ് ബാഗിൽനിന്ന് കണ്ടെത്തി. സ്വകാര്യ ബസ് വിമുക്ത ഭടന്റെ ബൈക്കിൽ തട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചത്.

ബാലുശേരി എരമംഗലം സ്വദേശിയായ വിമുക്തഭടൻ രാജൻ നായർ (58) കഴിഞ്ഞ 25നാണ് അയൽപ്പക്കത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. തലേന്ന്, സെക്യൂരിറ്റി ജോലിക്കായി മകൻ അഭിലാഷിനോടൊപ്പം ബൈക്കിൽ പോകുമ്പോൾ സ്വകാര്യ ബസ് തട്ടിയിരുന്നു. ഈ സമയം, ബസ് ഉടമയും ജീവനക്കാരുമായുണ്ടായി വാക്കേറ്റമുണ്ടായി. ഇതേചൊല്ലി, ബാലുശേരി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടെ, സ്റ്റേഷന്റെ മുമ്പിൽ നിർത്തിയപ്പോൾ വീണ്ടും വാക്കേറ്റമുണ്ടായി. ബഹളം കേട്ട് ഓടിയെത്തിയ ബാലുശേരി പൊലീസ് രാജൻ നായരെ കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ബാലുശേരി പൊലീസിന്റെ മർദ്ദനത്തിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്ന് ആത്മഹത്യാക്കുറിപ്പിലും പറയുന്നുണ്ട്.

രാജൽ നായരെ കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പായി ബാലുശേരി സി.ഐ സുശീൽ കുമാറും മഹാരാജ ബസ് ഉടമയും ഡ്രൈവറുമായ അനീഷും സ്വകാര്യ സംഭാഷണം നടത്തിയിരുന്നു. പൊലീസിൽ സ്വാധീനമുള്ള വ്യക്തിയാണ് ഈ ബസ് ഉടമയെന്ന് നാട്ടുകാർ പറയുന്നു. ആളുകൾ നോക്കിനിൽക്കെ പൊലീസ് രാജൻ നായരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറയുന്നു. മർദിക്കുന്നതിന് മുമ്പ് ബസ് ഡ്രൈവർ പൊലീസിനെ കണ്ട് സംസാരിക്കുകയും എന്തോ കയ്യിൽ കൊടുക്കുകയും ചെയ്തതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

രാജൻ നായരുടെ മരണത്തിനു ശേഷം ഈ സംഭവം ബന്ധുക്കൾക്ക് അറിയാമെങ്കിലും പൊലീസിനെതിരെ തെളിവില്ലെന്നതും ബസ് ഉടമയുടെ സ്വാധീനവും നിയമ നടപടിയിൽ നിന്ന് പിന്നോട്ടടിപ്പിക്കുകയായിരുന്നു. എന്നാൽ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം ബാഗ് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തുന്നത്.

20 വർഷം സൈന്യത്തിൽ ജോലി ചെയ്ത രാജൻ നായർ കഴിഞ്ഞ 17 വർഷമായി സെക്യൂരിറ്റി ജോലി ചെയ്തു വരികയാണ്. ആദ്യമായാണ് പൊലീസ് സ്റ്റേഷനിൽ കയറുന്നതെന്നും ഈ അവസരത്തിൽ ക്രൂരമായ മർദ്ദനമാണ് തനിക്കുണ്ടായതെന്നും കുറിപ്പിൽ പറയുന്നു. രണ്ട് തവണ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു.ഇത് ആത്മാഭിമാനം മുറിപ്പെടുത്തിയെന്നും ഈ മാനസിക പ്രയാസത്തിൽ ജീവിതം അവസാനിപ്പിക്കുന്നതായും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ബാലുശേരി പൊലീസിനെതിരെയും ഈ സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെയും മുമ്പ് നിരവധി പരാതികൾ ഉയർന്നിരുന്നു. പരാതിയുമായെത്തുന്നവർക്ക് പൊലീസിൽ നിന്നും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിരുന്നു.ഈ സാഹചര്യങ്ങളിലെല്ലാം ജനങ്ങൾ സംഘടിച്ച് പ്രക്ഷോപങ്ങൾ നടത്തിയിരുന്നു.

മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം, ചൂണ്ടിക്കാട്ടി ഡി.ജി.പിക്കു പരാതി നൽകി. പൊലീസ് നടപടിക്കെതിരെ പ്രക്ഷോഭം തുടങ്ങാൻ നാട്ടുകാർ ആക്ഷൻകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതേ സമയം സി.ഐ സുശീൽ കുമാറിന്റെ നേതൃത്വത്തിൽ പരാതി ഒതുക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. എന്നാൽ ഇതിനു വഴങ്ങാൻ വീട്ടുകാർ തയ്യാറല്ല. നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് വീട്ടുകാരുടെയും ബന്ധുക്കളുടേയും തീരുമാനം.