അലാസ്‌ക്ക : തുടർച്ചയായി അലാസക്കാ എയർലൈൻസിന്റെ മാസ്‌ക്ക് പോളസി അനുസരിക്കാൻ വിസമ്മതിച്ച അലാസ്‌ക്കാ സ്റ്റേറ്റ് സെനറ്റർ ലോറാ റെയ്ൻ ബോൾഡിന് അലാസ്‌ക്കാ എയർലൈൻ വിമാനത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തി. വിമാന ജീവനക്കാരെ ധിക്കരിച്ച് മാസ്‌ക്ക് ധരിക്കാൻ വിസമ്മതിച്ച സെനറ്റർക്ക് ഉടൻ പ്രാബല്യത്തിൽ വരത്തക്കവിധം നിരോധനം ഏർപ്പെടുത്തിയതായി എയർലൈൻ വക്താവ് ടിം തോംപ്സൺ ഏപ്രിൽ 24 ശനിയാഴ്‌ച്ച പത്രകുറിപ്പിൽ അറിയിച്ചു.ഈഗിൾ റിവറിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്ററാണ് ലോറ.

കഴിഞ്ഞ ആഴ്ചയിൽ വിമാനത്തിൽ യാത്രക്കെത്തിയ സെനറ്ററോട് വിമാന ജീവനക്കാർ മുഖവും, മൂക്കം മറച്ചു മാസ്‌ക്ക് ധരിക്കണമെന്നാവശ്യപ്പെട്ടപ്പോൾ അവർ നിഷേധിക്കുകയും ജീവനക്കാരോട് തർക്കിക്കുകയും ചെയ്തതു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാസ്‌ക്ക് ധരിക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് വിമാന കൗണ്ടറിലുള്ള ജീവനക്കാരോടു അഭ്യർത്ഥിച്ചുവെങ്കിലും അതിനവർ തയാറായില്ല എന്ന് സെനറ്റർ മാധ്യമങ്ങളെ അറിയിച്ചു.

മാസ്‌ക്ക് ധരിക്കാത്തതിന്റെ പേരിൽ 500 ൽപരം യാത്രക്കാരെ ഇതിനകം തന്നെ അലാസ്‌ക്കാ എയർലൈൻസിൽ യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കിയിരുന്നു. സെനറ്റർക്ക് എത്രകാലത്തേക്കു നിരോധനം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വിമാന കമ്പനി വക്താവ് പറഞ്ഞു.