മാനിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാത്രികാല യാത്രാ വിലക്ക് പ്രാബല്യത്തിലായി.ഏപ്രിൽ എട്ട് വരെയുള്ള പത്ത് ദിവസ കാലയളവിലാണ് രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ച് വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവുക.വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾക്കു നിലവിലുള്ള രാത്രികാല വിലക്ക് തുടരും. നിയമലംഘകരുടെ പേരും ചിത്രവും വിവിധ മാധ്യമങ്ങൾ വഴി പരസ്യമാക്കുമെന്നും അധികൃതർ അഖിയിച്ചു.

ഒമാനിൽ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിന് ഒപ്പം വാഹന സഞ്ചാരത്തിനും ആളുകൾ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇളവുണ്ടാവുക. രാത്രിയാത്രാ വിലക്ക് കണക്കിലെടുത്ത് മുവാസലാത്ത് ബസ് സർവീസുകളുടെ സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങളിലേക്ക് പോകുന്നവരും വന്നിറങ്ങുന്നവരും യാത്രയ്ക്ക് ഇളവ് ലഭിക്കും. യാത്രക്കാരെ കൊണ്ടുവിടാനും സ്വീകരിക്കാൻ പോകുന്നതിനും ഒരാൾക്ക് ഒപ്പം പോകാനും അനുമതിയുണ്ടാകും.നിർദേശങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും പിഴ ചുമത്തും. 500 മുതൽ 2,000 റിയാൽ വരെയാണ് പിഴ.

ഇവർ ചെക്ക് പോയിന്റുകളിൽ വിമാനടിക്കറ്റ് തെളിവായി കാണിച്ചാൽ മതിയാകും. ലോക്ഡൗൺ മുൻനിർത്തി വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെല്ലാം പ്രവർത്തന സമയം ക്രമീകരിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് ഗവർണറ്റേുകൾക്ക് ഉള്ളിലടക്കം വിവിധ പ്രദേശങ്ങളിൽ റോയൽ ഒമാൻ പൊലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചെക്ക്‌പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, ആരോഗ്യ പ്രവർത്തകർ, സ്വകാര്യ ആശുപത്രികൾ, രാത്രിയിലും പ്രവർത്തിക്കുന്ന ഫാർമസികൾ, വിമാനത്താവളം-കരാതിർത്തികളിലെ പ്രവർത്തനങ്ങൾ, എമർജൻസി വാഹനങ്ങൾ, വൈദ്യുതി-വെള്ളം സർവീസ് വാഹനങ്ങൾ എന്നിവക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

മൂന്ന് ടണ്ണിലധികം ഭാരമുള്ള ട്രക്കുകൾ, വാട്ടർ വിതരണ ടാങ്കറുകൾ, സ്വീവേജ് വാട്ടർ ടാങ്കറുകൾ, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അധികൃതരുടെ അനുമതിയോടെ പ്രവർത്തിക്കുന്ന ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള പെട്രോൾ പമ്പുകൾ എന്നിവക്കും ഇളവ് ലഭിക്കും. പൊതു-സ്വകാര്യ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും യാത്രാ അനുമതിയുണ്ട്. ഫാക്ടറികളിലെയും വെയർഹൗസുകളിലെയും സാധനങ്ങളുടെ കയറ്റിറക്ക് അനുവദിക്കും. എന്നാൽ, ജീവനക്കാർ പുറത്തുപോകാൻ പാടില്ല.