തിരുവനന്തപുരം: പെട്രോൾ പമ്പിലും ആശുപത്രിയിലും മെഡിക്കൽ സ്റ്റോറിലും ശനിയാഴ്ച വരെ 500, 1000 നോട്ടുകൾ സ്വീകരിക്കും. എങ്കിലും അവരും വലിയ തോതിൽ ഇത്തരം നോട്ടുകളെ പ്രോത്സാഹിപ്പിക്കാൻ ഇടയില്ല. എടിഎമ്മുകൾ രണ്ട് ദിവസം അടഞ്ഞു കിടക്കും. അതുകൊണ്ട് തന്നെ പണം എടുക്കാനും കഴിയില്ല. ബാങ്കുകൾക്കും അവധി. ഇതുകൊണ്ട് തന്നെ ആവശ്യത്തിന് കാശെടുത്ത് സൂക്ഷിക്കാത്തവരാണ് നോട്ടുകളുടെ നിരോധന തീരുമാനത്തിൽ വെള്ളം കുടിക്കുക. അവർക്ക് നിത്യവൃത്തിക്കും യാത്ര ചെലവിനും പോലും കാശില്ലാത്ത അവസ്ഥയുണ്ടാകും. തീരുമാനം വരുന്നതിന് മുമ്പ് ബാങ്കുകളിൽ നിന്ന് കാശെടുക്കുമ്പോഴും 500, 1000 നോട്ടുകളാണ് ലഭിച്ചിരുന്നതെന്നതും പ്രശ്നം സങ്കീർണ്ണമാക്കി. തീരുമാനത്തിന്റെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കാനായിരുന്നു ഇത്. ഇതിനായി ബാങ്കുകളോട് പോലും ഇക്കാര്യം റിസർവ്വ് ബാങ്ക് അറിയിച്ചിരുന്നില്ല.

അതിനിടെ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകൾ കേന്ദ്രസർക്കാർ അസാധുവാക്കിയതിന് പിന്നാലെ പുതിയ രണ്ടായിരം രൂപ നോട്ടുകൾ വിപണിയിലിറക്കാൻ റിസർവ് ബാങ്ക് നടപടികളാരംഭിച്ചു. നോട്ടുകളുടെ നിരോധനം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് റിസർവ്വ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. പുതുതായി അച്ചടിച്ച 2000 രൂപ,500 രൂപ നോട്ടുകൾ ഇതിനോടകം തന്നെ അച്ചടിശാലകളിൽ നിന്നും റിസർവ്വ് ബാങ്കിന്റെ കറൻസി ചെസ്റ്റുകളിലെത്തിച്ച് തുടങ്ങിയിട്ടുണ്ട്.. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇവ രാജ്യത്തെ ബാങ്കുകളിലെത്തിക്കും. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകൾ തുറക്കുമ്പോൾ ജനങ്ങൾക്ക് നൽകാൻ ആവശ്യമായത്ര പുത്തൻ നോട്ടുകൾ ബാങ്കുകളിലെത്തിക്കാനാണ് റിസർവ്വ് ബാങ്കിന്റെ ശ്രമം. ഇതിന് വേണ്ടി കൂടിയാണ് രണ്ട് ദിവസം സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സഹാചര്യം സൃഷ്ടിക്കുന്നത്. കള്ളനോട്ടും കള്ളപ്പണവും ഇതോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.

തീർത്തും അപ്രതീക്ഷിതമായാണ് നോട്ടുകൾ അസാധുവാക്കിയ നടപടി കേന്ദ്രസർക്കാരിൽ നിന്നുണ്ടായതെങ്കിലും അടിയന്തരസാഹചര്യം നേരിടുവാനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തന്നെ റിസർവ്വ് ബാങ്ക് നടത്തിയിരുന്നുവെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന. നോട്ടുകൾ റദ്ദാക്കിയ തീരുമാനം പുറത്തു വന്ന് നിമിഷങ്ങൾക്കുള്ളിൽ എടിഎമ്മുകൾക്ക് മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ബാങ്കിങ് സമയം കഴിഞ്ഞ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നതിനാൽ കാഷ് ഡെപ്പോസിറ്റ് മെഷീനുകളിലൂടെ കൈവശമുള്ള അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകൾ അക്കൗണ്ടിലെത്തിക്കാനായിരുന്നു പലരുടേയും ശ്രമം.

എടിഎമ്മുകളിലെ നോട്ട് ശേഖരത്തിന്റെ പത്ത് ശതമാനം നൂറ് രൂപ നോട്ടുകളാക്കണമെന്ന നിർദ്ദേശം കഴിഞ്ഞ ദിവസങ്ങളിൽ റിസർവ്വ് ബാങ്ക് ബാങ്കുകൾക്ക് നൽകിയിരുന്നു. എന്നാൽ ഇത് ബാങ്കുകൾ ഗൗരവത്തോടെ എടുത്തില്ല. ഇത്തരമൊരു തീരുമാനം സർക്കാർ എടക്കുമെന്ന സൂചന പോലും ആർക്കും ലഭിച്ചിരുന്നില്ല. എടിഎമ്മുകളും ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും കഴിഞ്ഞാൽ പെട്രോൾ പമ്പുകൾക്ക് മുൻപിലായിരുന്നു വലിയ തിരക്ക് അനുഭവപ്പെട്ടത്. പമ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും നവംബർ പതിനൊന്ന് വരെ പുതിയ നോട്ടുകൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചതിനാൽ പെട്രോളടിച്ച് അഞ്ഞൂറും ആയിരവും ചില്ലറയ്ക്കാനായിരുന്നു ആളുകളുടെ ശ്രമം. എന്നാൽ കൂട്ടത്തോടെ വലിയ നോട്ടുകൾ വന്നതിനാൽ എല്ലാവർക്കും ചില്ലറ നൽകുവാൻ പെട്രോൾ പമ്പ് ജീവനക്കാർക്ക് സാധിക്കാതെ വന്നു ഇതോടെ പല പമ്പുകളിലും ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ തർക്കത്തിലേർപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് അടച്ചിട്ട ബാങ്കുകളും എടിഎമ്മുകളും ഇനി രണ്ട് ദിവസം കഴിഞ്ഞേ തുറക്കൂ. പൊതുജനങ്ങൾക്ക് നൽകാനുള്ള പുതിയ 2000,500 രൂപ നോട്ടുകളുമായാവും ബാങ്കുകളും എടിഎമ്മുകളും ഇനി പ്രവർത്തനം ആരംഭിക്കുക.