പത്തനംതിട്ട: കേരളത്തിനു മുഴുവൻ അനുകരിക്കാവുന്ന മാതൃകയുമായിട്ടാണ് ഹരിശങ്കർ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത്. നിയമപാലനരംഗത്തുള്ള പലരും എടുത്തു പരണത്തു വച്ചിരിക്കുന്ന മോട്ടോർ വാഹനനിയമത്തിന്റെ പിന്തുണയോടെ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയാണ് എസ്‌പി ആദ്യം ചെയ്തത്.

മീറ്റർ സ്ഥാപിച്ച്, അതു പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി മാത്രം ഓട്ടോറിക്ഷകൾ നിരത്തിൽ ഓടിയാൽ മതി. നിയമം ലംഘിക്കുന്നവർക്ക് പിഴ, പിന്നെ കർശന നടപടിയും.

ഇന്നലെത്തന്നെ ട്രയൽ റണ്ണുമാരംഭിച്ചു. മീറ്ററില്ലാത്ത ഓട്ടോറിക്ഷകൾ പൊലീസ് പിടികൂടി 100 രൂപ വീതം പിഴയീടാക്കി. ഉടൻ തന്നെ മീറ്റർ വയ്ക്കണമെന്ന് താക്കീതും നൽകി. അടൂരിലും തിരുവല്ലയിലും പ്രതിഷേധവുമായി ഓട്ടോത്തൊഴിലാളികൾ രംഗത്തിറങ്ങി. ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി തൊഴിലാളി നേതാക്കന്മാർ എസ്‌പിയെ സമീപിച്ചു. പിൻവലിക്കില്ല, സാവകാശം അനുവദിക്കാമെന്ന് എസ്‌പി ഉറപ്പു നൽകി. ഒരാഴ്ചയാണ് അനുവദിച്ചിരിക്കുന്ന സാവകാശം. അതിനു ശേഷം നടപടി തുടരുമെന്നും എസ്‌പി പറയുന്നു.

നിലവിൽ മെട്രോ നഗരങ്ങളിലും ചുരുക്കം ചില ടൗണുകളിലും മാത്രമാണ് മീറ്ററിട്ട് ഓടുന്ന ഓട്ടോറിക്ഷകളുള്ളത്. ബാക്കിയുള്ളിടത്തൊക്കെ ഓട്ടോക്കാർ പറയുന്ന കൂലി കൊടുക്കണം. ചോദ്യം ചെയ്താൽ അസഭ്യവും കൈയേറ്റശ്രമവും. പത്തനംതിട്ടയിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. രണ്ടു കിലോമീറ്ററിന് 60 രൂപ വരെ കൂലി വാങ്ങിക്കുന്നവർ ഇവിടെയുണ്ട്. ഇക്കാര്യം നേരിൽ മനസിലാക്കിയാണ് എസ്‌പിയുടെ തുടക്കം.

ചില ഓട്ടോകൾക്ക് മീറ്ററില്ല, മീറ്റർ ഉള്ളവയാകട്ടെ അത് പ്രവർത്തിപ്പിക്കുന്നുമില്ല. വാഹനത്തിൽ കയറുന്ന യാത്രികന് താൻ എത്ര കിലോമീറ്റർ യാത്ര ചെയ്തു? അതിന് എത്ര രൂപ കൂലി നൽകണം എന്നറിയാനുള്ള അവകാശമുണ്ട്. ഇതിന് മീറ്റർ നിർബന്ധമാണെന്ന് മോട്ടോർ വാഹന ചട്ടത്തിൽ പറയുന്നു. മീറ്റർ സ്ഥാപിക്കാത്തതു കാരണം യാത്രക്കാർ അമിത യാത്രാക്കൂലി നൽകേണ്ടിയും വരുന്നു. ഈ സാഹചര്യത്തിലാണ് മീറ്ററില്ലാത്ത ഓട്ടോറിക്ഷകൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതെന്ന് എസ്‌പി. പറഞ്ഞു.

ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകുമ്പോൾ തന്നെ മീറ്റർ സ്ഥാപിക്കണമെന്നും അത് പ്രവർത്തിപ്പിക്കണമെന്നും നിർദ്ദേശം നൽകുന്നുണ്ട്. ഇത് ലംഘിക്കുന്ന വാഹനങ്ങൾക്കെതിരേ 1000 രൂപ പിഴ ഈടാക്കാനാണ് ചട്ടത്തിൽ പറയുന്നത്. ഒരു സൂചനയെന്ന നിലയിലാണ് ഇപ്പോൾ 100 രൂപ വീതം പിഴ ഈടാക്കിയത്. നാളെ ഓട്ടോത്തൊഴിലാളികളുടെ യൂണിയൻ നേതാക്കളുമായി ചർച്ച വച്ചിട്ടുണ്ട്. മീറ്റർ സ്ഥാപിക്കാൻ അവർ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ച സമയം ഇതിന് നൽകാമെന്നാണ് കരുതുന്നത്. അതിന് ശേഷം മീറ്ററില്ലാതെയും ഉള്ളത് പ്രവർത്തിപ്പിക്കാതെയും നിരത്തിലിറങ്ങുന്ന ഓട്ടോറിക്ഷകൾക്കെതിരേ നിയമാനുസൃതമുള്ള പിഴ ചുമത്തും. കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നു ഹരിശങ്കർ പറഞ്ഞു.