ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിട്ടുള്ളത്. ലിംഗ പരിശോധന നിരോധന നിയമം കർശനമായി നടപ്പിലാക്കാൻ സുപ്രീംകോടതി മാർഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇതിന് വിരുദ്ധമാണ് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ വിലയിരുത്തലുകൾ. പെൺ ഭ്രൂണ ഹത്യ തടയാൻ ഉത്തമ മാർഗ്ഗമാണ് ലിംഗ പരിശോധനയെന്നാണ് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന കർശനമാക്കാനാണ് നീക്കം.

പെൺ ഭ്രൂണ ഹത്യ ഏറെയുകയാണ്. ലിംഗ പരിശോധനയിലൂടെ കുട്ടി പെണ്ണാണെന്ന് തിരിച്ചറിഞ്ഞാൽ ഇല്ലായ്മ ചെയ്യും. ഇതുകൊണ്ടാണ് ഗർഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന നിരോധന നിയമം രാജ്യത്തുകൊണ്ടുവന്നത്. എന്നാലും ലിംഗ പരിശോധന വ്യാപകമായി നടക്കുന്നു. ചികിൽസയുടെ പേരു പറഞ്ഞുള്ള പരിശോധനയാണ് ഇത്. ഇതിലൂടെ പെൺ കുട്ടികളെ ഗർഭത്തിലെ ഇല്ലായ്മ ചെയ്യാൻ കഴിയുന്നുമുണ്ട്. അതുകൊണ്ട് തന്നെ ലിംഗ പരിശോധനയെ മറ്റൊരു തരത്തിൽ ഉപയോഗിക്കാനാണ് നീക്കം.

അതായത് എല്ലാ ഗർഭിണികളിലും ഗർഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന നിർബന്ധമാക്കും. ഇതിലൂടെ ഗർഭത്തിലെ കുട്ടിയെ തിരിച്ചറിയാൻ കഴിയും. പെൺകുട്ടിയാണെങ്കിൽ ഒരു തരത്തിലും അബോർഷൻ അനുവദിക്കില്ല. ഇതിനെ നിയമം മൂലം തടയും. ഇങ്ങനെ പെൺ ഭ്രൂണ ഹത്യയെ ഇല്ലായ്മ ചെയ്യാമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക് കൂട്ടൽ. കേന്ദ്രമന്ത്രി മനേകാ ഗാന്ധിയാണ് ഈ നിർദ്ദേശത്തിന് പിന്നിൽ. ഇത് നടപ്പായാൽ ലിംഗ പരിശോധനാ നിരോധന നിയമം കേന്ദ്ര സർക്കാർ എടുത്തു കളയും. പകരം ലിംഗ പരിശോധന നിർബന്ധമാക്കുന്ന നിയമം വരികയും ചെയ്യും.

ലിംഗ പരിശോധന നിരോധനവുമായി ബന്ധപ്പെട്ട് ദേശീയ തലത്തിലും സംസ്ഥാന ജില്ലാ തലങ്ങളിലും പ്രവർത്തിക്കുന്ന സമിതികൾക്ക് പുതിയ ഉത്തരവാദിത്തവും വരും. ഇത്തരത്തിലൊരു നിയമം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണ് എന്ന് മേനകാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഭ്രൂണ ഹത്യ അനിവാര്യമായ കേസുകളിൽ മെഡിക്കൽ റിപ്പോർട്ടുകൾ നിർബന്ധമാക്കും. അല്ലാത്ത സാഹചര്യത്തിൽ ഭ്രൂണഹത്യ അനുവദിക്കില്ല. വീടുകളിലെ പ്രസവവും നിരോധിക്കും. ഗർഭിണികൾക്ക് വേണ്ട ചികിൽസ ആശുപത്രികളിൽ തന്നെ നൽകും. ഇതിലൂടെ ഭ്രൂണഹത്യ പൂർണ്ണമായും തടയാനുമാകും.

ആദിവാസി മേഖലയിലും മറ്റും ശിശു മരണ നിരക്ക് ഏറെ കൂടുതലാണ്. ഗർഭകാലത്ത് അമ്മയ്ക്ക് വേണ്ടത്ര ചികിൽസ കിട്ടാത്തതുകൊണ്ടാണ് ഇത്. ഇത് മനസ്സിലാക്കിയാണ് വീടുകളിലേയും മറ്റും ഗർഭകാല പരിചരണവും പ്രസവവും നിരോധിക്കുക. ഗർഭണിയായാൽ ആദ്യമാസം മുതൽ തന്നെ ആശുപത്രിയിൽ കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടാക്കും. ഇതിലൂടെ കൃത്യമായ ചികിൽസ അമ്മയ്ക്ക് ലഭിക്കും. പെൺകുട്ടിയായാൽ ഭ്രൂണ ഹത്യയിലൂടെ കുട്ടിയെ വേണ്ടെന്ന് വയ്ക്കാനുള്ള അവസരവും കുറയും.

എല്ലാ ആശുപത്രികളും ഗർഭിണിയായവരുടെ പട്ടിക സൂക്ഷിക്കുക. ചികിൽസാ വിവരങ്ങൾ വ്യക്തമാക്കി വയ്ക്കുക. ഗർഭസ്ഥ ശിശുവിന്റെ വിവരങ്ങൾ രേഖപ്പെടുത്തുക എന്നിവ നിർബന്ധമാകും. ഇതിലൂടെ പെൺ ഭ്രൂണ ഹത്യയെ തടയാനാകും. ഈ സംവിധാനങ്ങൾ നിരീക്ഷിക്കാനും പരിശോധിക്കാനും സംവിധാനം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.