ന്യൂഡൽഹി: പുലർച്ചെ ആറു മുതൽ രാത്രി പത്തു വരെയുള്ള സമയത്ത് ചാനലുകളിൽ ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾക്കു വിലക്കേർപ്പെടുത്തി സർക്കാർ. അശ്ലീലവും അനാവശ്യവുമായ വിവരങ്ങൾ കുട്ടികൾ കാണുന്നതും മനസിലാക്കുന്നതും ഒഴിവാക്കാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം രാജ്യത്തെ എല്ലാ ചാനലുകൾക്കുമായി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ഇതോടെ രാത്രി പത്തു മുതൽ പുലർച്ചെ ആറു വരെയുള്ള എട്ടു മണിക്കൂർ നേരത്തേക്കു മാത്രമാണു ചാനലുകളിൽ പരസ്യം പ്രദർശിപ്പിക്കാൻ കഴിയുന്നത്. ഗർഭനിരോധന ഉറകളുടെ പരസ്യം പൂർണമായും മുതിർന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അശ്ലീലം അമിതമാണെന്നു കാട്ടി അഡ്വർടൈസിങ് സ്റ്റാൻഡേർഡ്‌സ് കൗണ്‌സിൽ ഓഫ് ഇന്ത്യയ്ക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് അവർ കേന്ദ്രസർക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. ഇത് പരിഗണിച്ചാണ് കേന്ദ്രം പരസ്യങ്ങൾക്കു നിയന്ത്രിത നിരോധനം ഏർപ്പെടുത്തിയത്.

നേരത്തെ, ബോളിവുഡ് നടി സണ്ണി ലിയോണ് അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യ ഹോർഡിംഗുകൾ ഗുജറാത്തിൽ സ്ഥാപിച്ചതിനെതിരേ തീവ്ര ഹിന്ദു സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.