- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസിബിക്ക് പിന്നാലെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ; നടുറോഡിലൂടെ അപകടകരമായ റോഡ് ഷോയുമായി വിദ്യാർത്ഥികൾ; ചോദ്യം ചെയ്ത നാട്ടുകാരോട് ചെയ്യാൻ പറ്റുന്നത് ചെയ്തോയെന്ന് ഡ്രൈവറും; നടപടിയുമായി മോട്ടോർവാഹന വകുപ്പ്; വാഹനങ്ങൾ പിടിച്ചെടുത്തു; വിദ്യാർത്ഥികളുടെ ലൈസൻസ് റദ്ദാക്കി
കോഴിക്കോട്: കോളേജ് ദിനാഘോഷത്തിനിടെ മണ്ണുമാന്തിയന്ത്രത്തിലും രൂപമാറ്റം വരുത്തിയ വാഹനങ്ങളിലും പൊതുഗതാഗതത്തിനുള്ള പാതയിൽ റോഡ് ഷോ നടത്തി കോളേജ് വിദ്യാർത്ഥികൾ. മുക്കം കളൻതോട് എം.ഇ.എസ്. ആർട്സ് കോളേജിലെ വിദ്യാർത്ഥികളാണ് മണ്ണുമാന്തിയന്ത്രത്തിന്റെ കൈയിൽ ഉൾപ്പെടെ കയറിനിന്ന് അപകടകരമാംവിധം യാത്ര ചെയ്തത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ജില്ലയിൽ മറ്റു മൂന്ന് കോളേജുകളിൽക്കൂടി വ്യാഴാഴ്ച സമാനമായ രീതിയിൽ ആഘോഷപരിപടികൾ നടന്നിരുന്നു.
വിവാദമായതോടെ മോട്ടോർവാഹന വകുപ്പ് ഉൾപ്പെടെ സംഭവസ്ഥലത്തെത്തി നടപടി സ്വീകരിച്ചു. വിദ്യാർത്ഥികളെ കയറ്റി റോഡിലൂടെ ഓടിച്ച മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിൽ എടുത്തതായും രൂപമാറ്റം വരുത്തിയ ജീപ്പ് ഉൾപ്പെടെയുള്ള കണ്ടാലറിയാവുന്ന വാഹനങ്ങളുടെ പേരിൽ കേസെടുത്തതായും മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.
അതേ സമയം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് സ്കൂളിൽ പ്ലസ് ടു സെൻഡ് ഓഫിന്റെ പേരിൽ ഗ്രൗണ്ടിലായിരുന്നു വിദ്യാർത്ഥികളുടെ കാർ, ബൈക്ക് റേസിങ്. റേസിങ്ങിനിടെ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് നഗരത്തിലെ കാമ്പസിൽ ജീവന് ഭീഷണി ഉയർത്തി വിദ്യാർത്ഥികളുടെ വാഹനാഭ്യാസം അരങ്ങേറിയത്.
നഗരത്തിലും ഇവർ ചട്ടം ലംഘിച്ച് റേസിങ് നടത്തി. കണ്ണൂർ റോഡിൽനിന്നാണ് മലബാർ ക്രിസ്ത്യൻ കോളജ് സ്കൂൾ ഗ്രൗണ്ടിലേക്ക് ഡിക്കിയിലും ബോണറ്റിലും കയറിയിരുന്ന് കാറോടിച്ചത്. കൂടെ ബൈക്കുകളുമുണ്ടായിരുന്നു. ഗ്രൗണ്ടിൽ പൊടിപാറിച്ചായിരുന്നു റേസിങ്.
ഇതിനിടയിലൂടെ ഭീതി പരത്തി വിദ്യാർത്ഥികൾ വാഹനം പറപ്പിച്ചു. മൂന്ന് കാറുകളും രണ്ട് ബൈക്കുകളുമാണ് റേസിങ് നടത്തിയത്. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. കാർ ഓടിച്ച വിദ്യാർത്ഥികളുടെ ലൈസൻസ് റദ്ദാക്കി.
സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപകടകരമായ രീതിയിൽ ഓടിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു. ബൈക്കുകളുടെ നമ്പറുകൾ വ്യക്തമല്ലാത്തതിനാൽ കസ്റ്റഡിയിലെടുക്കാൻ സാധിച്ചിട്ടില്ലെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ പി.ആർ. സുമേഷ് പറഞ്ഞു.
സി.സി.ടി.വി, സോഷ്യൽ മീഡിയ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. അടുത്ത ദിവസം തന്നെ ഇത് കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചട്ടം ലംഘിച്ച് വാഹനമോടിച്ചതിന് പതിനായിരം രൂപ വീതം പിഴയീടാക്കും. രക്ഷിതാക്കളുടെ പേരിലുള്ളതുതന്നെയാണ് വാഹനങ്ങൾ. കാറുകൾ വർക്ക് ഷോപ്പിലാണുള്ളത്.
അടുത്ത ദിവസം മോട്ടോർ വാഹന വകുപ്പിന് മുന്നിൽ ഹാജരാക്കണം. വാഹനം ഓടിച്ച വിദ്യാർത്ഥികൾ ലൈസൻസുള്ളവരാണ്. അതുകൊണ്ടു തന്നെ മറ്റു നടപടികളില്ലാതെ ഇവരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അപകടത്തിൽപെട്ട ബൈക്കിലെ വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
പത്ത് വിദ്യാർത്ഥികളാണ് വാഹനങ്ങൾ കൊണ്ടുവന്നതെന്നും എല്ലാവരും പ്രായപൂർത്തിയായവരാണെന്നും അധികൃതർ പറഞ്ഞു. എം.ഇ.എസ് കോളജിൽ ജെ.സി.ബിയിലും തുറന്ന ജീപ്പിലുമാണ് വിദ്യാർത്ഥികൾ റോഡ് ഷോ നടത്തിയത്. ഇവിടെയും രണ്ട് വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു.
മണ്ണുമാന്തിയന്ത്രത്തിന് അകമ്പടിയേകി രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്രചെയ്തു. കാറുകളുടെ സൈഡ് ഗ്ലാസുകൾ താഴ്ത്തി ഡോറിൽ ഇരുന്ന് തലയും ഉടൽഭാഗവും പുറത്തേക്കിട്ടും യാത്രചെയ്തു.
സിനിമാനടൻ സുധീർ നായരാണ് കോളേജിലെ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത്. വാഹനങ്ങൾ മിക്കവയും രൂപമാറ്റം വരുത്തിയതും ഇതിലേറെയും വാടകയ്ക്കെടുത്തവയുമായിരുന്നു. അതുകൊണ്ടുതന്നെ ഉടമകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ അറിയിച്ചു.
മണ്ണുമാന്തിയന്ത്രത്തിന്റെ കൈകളിൽ കയറിനിന്ന് നടുറോഡിലൂടെ വിദ്യാർത്ഥികൾ യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാൽ, തന്നെക്കൊണ്ട് ചെയ്യാൻ പറ്റുംപോലെ ചെയ്തോ എന്നായിരുന്നു ജെ.സി.ബി. ഡ്രൈവറുടെ മറുപടി.
കോളേജ് ഡേ ദിനാഘോഷത്തിനിടെ നടുറോഡിലൂടെ മണ്ണുമാന്തി യന്ത്രത്തിലും രൂപമാറ്റം വരുത്തിയ വാഹനങ്ങളിലും വിദ്യാർത്ഥികൾ സാഹസികയാത്ര നടത്തിയ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആർടിഒ പി.ആർ. സുമേഷ് പറഞ്ഞു. അപകടകരമാംവിധത്തിൽ വാഹനമോടിച്ചവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പേരിൽ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചില കോളേജുകളിൽ അദ്ധ്യാപകരുടെ അനുമതിയോടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും കാമ്പസിൽ കയറി നടപടിയെടുക്കുന്നതിന് മോട്ടോർവാഹന വകുപ്പിന് പരിമിതികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനവുമായി സ്കൂളിൽ കയറിയുള്ള ആഘോഷത്തിന് വിലക്ക്
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾ വാഹനങ്ങളുമായി സ്കൂൾ കാമ്പസിൽ കയറി ആഹ്ലാദം പങ്കിടുന്നത് കർശനമായി വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. കോഴിക്കോട് സ്കൂളിൽ കോഴ്സ് കഴിഞ്ഞുപോകുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ വാഹനവുമായി എത്തി അപകടകരമായി ഓടിച്ചതും ഏതാനും പേർക്ക് പരിക്കേറ്റതും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
ഇത്തരം നടപടികൾ സ്കൂൾ മേലധികാരികൾ കർശനമായി തടയണമെന്നും കൂടിച്ചേരലുകളും ആഹ്ലാദം പങ്കിടലും ക്ലാസ് മുറികളിലും അസംബ്ലി ഹാളിലും ഒതുക്കി നിർത്തണമെന്നും ഡയറക്ടർ നിർദ്ദേശിച്ചു. ഇത്തരം പരിപാടികൾക്ക് അദ്ധ്യാപകരുടെ ശ്രദ്ധയും മേൽനോട്ടവും ഉണ്ടാകണം. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ സ്കൂൾ മേലധികാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ