ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ പ്രവേശന വിലക്കിന് ഇളവ് നൽകി കുവൈത്ത്. വാക്സിൻ സ്വീകരിച്ച കുവൈത്ത് താമസ വിസയുള്ള വിദേശികൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്. ഫൈസർ, ആസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്സിനുകൾ. ഈ വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യക്കാർക്ക് കഴിഞ്ഞ ഒന്നര വർഷമായി ഏർപ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് നിയന്ത്രണങ്ങളോടെ നീക്കുകയാണന്ന് മന്ത്രിസഭ അറിയിച്ചു. കുവൈത്ത് അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കാണ് ഉപാധികളോടെ രാജ്യത്തേക്ക് വരാൻ അനുമതിയുള്ളത്.

ഇന്ത്യയിൽ വിതരണം ചെയ്യുന്ന ആസ്ട്രാസെനക വാക്സിന് കുവൈത്ത് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നൽകുന്ന കൊവാക്സിന് കുവൈത്ത് അംഗീകാരം നൽകിയിട്ടില്ല. തീരുമാനം പതിനായിരക്കണക്കിന് പ്രവാസികൾക്ക് ഗുണകരമായേക്കുമെന്നാണ് വിലയിരുത്തൽ.