പ്രകൃതി മനുഷ്യന് കനിഞ്ഞുനൽകിയ വിറ്റാമിൻ ഗുളികകളാണ് വാഴപ്പഴങ്ങൾ. ഉത്തമമായ ആഹാരവും ഔഷധവുമാണിത്. വാഴപ്പഴത്തിന് ജലാംശം കുറവാണ്. പാചകം ചെയ്യാതെ തനി പഴമായി ഭക്ഷിക്കുന്നവ എന്നും പാചകം ചെയ്ത് പച്ചക്കറിയായിട്ടും പഴമായിട്ടും ഉപയോഗിക്കുന്നവയെന്നും രണ്ടായി തിരിക്കാം. രണ്ട് രീതിയിലും ഉപയോഗിക്കാൻ പറ്റുന്നതാണ് നേന്ത്രൻ അഥവാ ഏത്തയ്ക്ക. വടക്കുള്ളവർ'നേന്ത്രക്കായ എന്നും തെക്കുള്ളവർ 'ഏത്തക്കായ് എന്നുമാണ് പറയുന്നത്. വാഴകളിൽ ഏറ്റവും പ്രധാനപ്പെട്ടത് നേന്ത്രവാഴയാണ്. നല്ല പോഷകങ്ങൾ അടങ്ങിയ ഒരിനമാണ് നേന്ത്രപ്പഴം. പഴുത്തത് പുഴുങ്ങിയും അല്ലാതെയും തിന്നും. പച്ചക്കായ് കറിക്ക് നന്ന്.

ഓണത്തിന് ഉപ്പേരിക്കും തിരുവാതിരക്ക് പുഴുക്കുണ്ടാക്കാനും നേന്ത്രക്കായ് ആണ് ഉപയോഗിക്കുന്നത്. നേന്ത്രപ്പഴവും തേങ്ങാപ്പാലും പഞ്ചസാരയും ഏലക്കായും ചേർത്തുണ്ടാക്കുന്ന ആഹാരപദാർഥം വളരെ ഹൃദ്യമാണ്. രണ്ട് നേന്ത്രപ്പഴവും ഒരു ഗ്ലാസ് പാലും കഴിച്ചാൽ ഉത്തമമായ ഒരു സമീകൃത ആഹാരമായെന്ന് പറയാം. ദിവസേന നേന്ത്രപ്പഴം കഴിച്ചാൽ ഒരു ടോണിക്കിന്റെ ഫലം ലഭിക്കും. ദഹനശക്തി, ശരീരശക്തി, ലൈംഗികശക്തി എല്ലാം വർധിപ്പിക്കും. പഴങ്ങൾ തിന്നതിനുശേഷം വെള്ളമോ പാലോ കഴിക്കുന്നത് നന്നല്ല. കാലത്തുമുതൽ ഉച്ചവരെയും പിന്നെ പകൽ മൂന്നു മുതൽ നാലു വരെയുമാണ് പഴങ്ങൾ ഭക്ഷിക്കാൻ അനുയോജ്യമായ സമയം. എല്ലാ പ്രായത്തിലുള്ളവർക്കും വാഴപ്പഴം നല്ലതാണ്. വാഴപ്പഴംകൊണ്ട് ഫലം കിട്ടാത്ത ചർമപ്രശ്‌നങ്ങൾ കുറയും. ദിവസവും ഓരോ ആപ്പിൾ ഡോക്ടറെ അകറ്റുമെങ്കിൽ ദിവസവും ഓരോ വാഴപ്പഴം ചർമരോഗ വിദ്ഗനെ ഒഴിവാക്കുമെന്നും പറയുന്നു. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും ഓരോ വാഴപ്പഴം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ആഴ്ചയിൽ ഒരുദിവസം വാഴപ്പഴം മാത്രം ഉൾപ്പെടുന്ന പ്രഭാതഭക്ഷണവും ആരോഗ്യപ്രദമാണ്. ഏത്തവാഴ, കദളി, ചെങ്കദളി, രസകദളി, ചാരക്കദളി, പൂവൻ, ഞാലിപൂവൻ, മൈസൂർപൂവൻ, പാളയൻകോടൻ, തോറീസ്, റോബസ്റ്റ്, കണ്ണൻ, കൂമ്പില്ലാകണ്ണൻ, ചുണ്ടില്ലാകണ്ണൻ, ചമ്പ, ചിങ്ങൻ, കുന്ൻ, മൊന്തൻ, പടറ്റി, കപ്പക്കാളി എന്നിങ്ങനെ വിവിധയിനം വാഴകൾ കേരളത്തിലുണ്ട്. വിദേശഇനങ്ങൾ അനവധി വേറെയുണ്ട്. പഴങ്ങളിൽവച്ച് ഏറ്റവും മുന്തിയ ഇനം കദളിപ്പഴമാണ്. ഇതിന് നല്ല മണവും നിറവും ഉണ്ടാവും. ക്ഷേത്രങ്ങളിൽ നിവേദ്യത്തിന് ഉപയോഗിക്കുന്നു.

ശരീരത്തിന് വളരെ നല്ലതാണെങ്കിലും ദഹിക്കാൻ പ്രയാസമുള്ളതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, പഞ്ചസാര തുടങ്ങിയ ഘടകങ്ങൾ പഴങ്ങളിൽ സുലഭമായിട്ടുണ്ട്. പഴങ്ങളിൽ വിറ്റാമിനുകൾ അഥവാ ജീവകങ്ങൾക്കുപുറമെ മനുഷ്യശരീരത്തിന് അത്യാവശ്യമായ ധാതുലവണങ്ങളും പോഷകങ്ങളും നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ജീവന്റെ അതിപ്രധാനമായ പല പ്രക്രിയകൾക്കും രക്തം, എല്ലുകൾ, പല്ലുകൾ തുടങ്ങിയവയുടെ രൂപീകരണത്തിനും ശരീരത്തിന് ജീവകങ്ങളും ധാതുക്കളും അത്യാവശ്യമാണ്. ഓരോ സീസണിലും സമൃദ്ധിയായി ലഭിക്കുന്ന പഴങ്ങൾ ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ്. പഴങ്ങൾ പതിവാക്കുന്നതുമൂലം ശരീരാരോഗ്യം നിലനിർത്തുന്നതിനും വളർച്ചക്കും രോഗപ്രതിരോധത്തിനും സഹായിക്കും. പൊട്ടാസ്യത്തിന്റെ കലവറയാണ് വാഴപ്പഴം.

പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ബൈ കാർബണേറ്റ് നമ്മുടെ ശരീരത്തിലുള്ള വിഷാംശങ്ങളെ മലമായും മൂത്രമായും പുറത്തുകളഞ്ഞ് ആരോഗ്യവാന്മാരാക്കിത്തീർക്കുന്നു. പഴം കഴിക്കുന്നതുകൊണ്ട് അതിലടങ്ങിയിരിക്കുന്ന സ്റ്റാർച്ച് പെട്ടെന്ന് ശരീരത്തിൽ പിടിച്ച് നന്നാക്കുന്നതിന് ഇടവരുന്നു. പഴങ്ങളിൽ കൊഴുപ്പും മാംസ്യവും വളരെ കുറവാണ്. വാഴച്ചുണ്ടും പിണ്ടിയും നാരുകളാൽ സമൃദ്ധമാണ്. വയർ ശുദ്ധീകരിക്കുന്നതിനും മൂത്രാശയരോഗങ്ങൾ തടയുന്നതിനും പിണ്ടിനീരിന് കഴിവുണ്ട്. അർശസിന് നന്ന്. വാഴപ്പിണ്ടി ഏറ്റവും നല്ല ഭക്ഷ്യപദാർഥമാണ്. ശരീരശുദ്ധിക്ക് പിണ്ടി അത്യുത്തമമാണ്. പച്ച വാഴക്കായിൽ പോഷകാംശങ്ങൾ കുറവും അന്നാംശം കൂടുതലുമാണ്. പച്ചക്കായ് മലബന്ധമുണ്ടാക്കും. ശിശുക്കൾക്ക് ആദ്യത്തെ ആഹാരമായി നൽകുന്നത് വാഴക്കായ് ഉണക്കിപ്പൊടിച്ചതും വാഴപ്പഴവുമാണ്.