- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോളിവുഡിൽ അടക്കം ഹിറ്റ് പാട്ടുകൾ; ബൈക്ക് യാത്രകളോട് വല്ലാത്ത പ്രണയം; കേന്ദ്ര മന്ത്രിപദം പോയതോടെ നിരാശനായി; അവസാനം എത്തിയത് ദീദി ക്യാമ്പിൽ; മുകുൾ റോയിക്ക് പിന്നാലെ ബാബുൽ സുപ്രിയോയും; ഓപ്പറേഷൻ താമരയ്ക്ക് തിരിച്ചടി; ബംഗാളിൽ നേട്ടമുണ്ടാക്കി മമത
ന്യൂഡൽഹി: ബിജെപിക്ക് ബംഗാളിൽ മുകുൾ റോയിക്കു ശേഷം നഷ്ടപ്പെടുന്ന പ്രമുഖനാണ് ബാബുൽ സുപ്രിയോ. 2 തവണ അസൻസോൾ മണ്ഡലത്തിൽനിന്നു വൻ ഭൂരിപക്ഷത്തോടെ ജയിച്ച ബാബുൽ സുപ്രിയോ പാർട്ടി വിടുന്നത് ബിജെപിക്ക് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ തിരിച്ചടിയാണ്. രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നു പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞപ്പോഴാണ് ബാബുൽ സുപ്രീയോ തൃണമൂൽ കോൺഗ്രസിലെത്തുന്നത്. ദേശീയ രാഷ്ട്രീയത്തിൽ മോദിക്ക് ബദലാകാൻ ഒരുങ്ങുന്ന മമതയ്ക്ക് കരുത്താണ് ഈ മാറ്റവും.
ബംഗാളിൽ വീണ്ടും അധികാരത്തിലെത്തിയ മമതയെ വൈകാതെ പുറത്താക്കുമെന്നു ബംഗാൾ ചുമതലയുള്ള ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാബുൽ തൃണമൂലിലെത്തി. രാജ്യസഭാ എംപി ഡെറക് ഒബ്രയനാണു ബാബുലിന്റെ പ്രവേശത്തിനു ചുക്കാൻ പിടിച്ചത്. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ വികസനത്തിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതോടെയാണ് ബിജെപിയുമായി അകന്നത്. ഉള്ളിലുള്ളത് അപ്പടി പറയുകയും പിന്നീട് ഖേദിക്കുകയും ചെയ്യുന്നതായിരുന്നു സുപ്രീയോയുടെ രീതി.
മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിൽ അതീവ ദുഃഖമുണ്ടെന്ന് ഫേസ്‌ബുക്കിൽ കുറിപ്പിട്ട് ഉടനെ അതു പിൻവലിച്ചു. പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും എംപി സ്ഥാനം രാജിവയ്ക്കുകയാണെന്നും പറഞ്ഞു. അതിനു ശേഷം രാഷ്ട്രീയമേ വിടുന്നുള്ളൂ എംപി സ്ഥാനം ജനങ്ങളെ സേവിക്കാൻ കൈവശം വയ്ക്കുമെന്നും എതിർപാർട്ടികളിലേക്ക് പോകില്ലെന്നും പറഞ്ഞിരുന്നു. അന്നു തന്നെ തൃണമൂലിൽ സുപ്രീയോ എത്തുമെന്ന സൂചനയുണ്ടായിരുന്നു.
ബോളിവുഡിലടക്കം ഹിറ്റ് ഗാനങ്ങൾ പാടിയിരുന്ന ഗായകനാണ് ബാബുൽ. ബംഗാൾ ബിജെപിയും ദേശീയ നേതൃത്വവും സുപ്രിയോയുടെ പ്രവർത്തനങ്ങളിൽ അതൃപ്തരായിരുന്നു. ഒന്നാം മോദി മന്ത്രിസഭയിൽ നഗരവികസനം, ദാരിദ്ര്യനിർമ്മാർജനം, പൊതുമേഖലാ, ഘന വ്യവസായങ്ങൾ എന്നിവ കൈകാര്യം ചെയ്തിരുന്ന ബാബുൽ സുപ്രിയോ രണ്ടാം വട്ടം പ്രകാശ് ജാവഡേക്കറിന്റെ ജൂനിയറായി വനം പരിസ്ഥിതി വകുപ്പാണു കൈകാര്യം ചെയ്തിരുന്നത്. ബൈക്ക് യാത്രകളിലും പാട്ടുകളിലും രസം കണ്ടെത്തിയിരുന്ന അദ്ദേഹത്തിന് മന്ത്രിയായി ശോഭിക്കാനായില്ല.
ജാവഡേക്കറടക്കം 12 മന്ത്രിമാരെ ഒഴിവാക്കിയ പാർട്ടി ബംഗാളിൽനിന്ന് 4 പേരെ സഹമന്ത്രിമാരാക്കിയതോടെ മോദിയുമായി സുപ്രിയോ അകന്നു. ബംഗാളിലെ ബിജെപി മുഖമായിരുന്ന മുകുൾ റോയ് പാർട്ടിവിട്ടതിന് പിന്നാലെ മറ്റൊരു നേതാവും മമതയ്‌ക്കൊപ്പമായി. ഓപ്പറേഷൻ താമരയുടെ ഭാഗമായാണ് ഇവരെല്ലാം ബിജെപിയിൽ എത്തിയത്. ഇതുകൊണ്ട് ബംഗാളിൽ ബിജെപിക്ക് ഗുണമൊന്നും ഉണ്ടായില്ലെന്നതാണ് ഇപ്പോൾ ചർച്ചയാകുന്ന വസ്തുത.
മറുനാടന് മലയാളി ബ്യൂറോ