കൊൽക്കത്ത: പഞ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഫല സൂചനകൾ പുറത്തുവരവേ ബിജെപിയെയും സിപിഎമ്മിനെയും പിന്തള്ളി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് മുന്നേറുകയാണ്. വ്യാപകമായി ആക്രമണം നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ കുതിപ്പാണ് വ്യക്തമാകുന്നത്.

തൃണമൂൽ കോൺഗ്രസ് മത്സരിച്ച 31,814 സീറ്റുകളിൽ 110 സീറ്റുകളിൽ വിജയിച്ചു. 1,208 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിട്ടു നിൽകുകയാണ്. ബിജെപി നാല് സീറ്റുകളിലും സിപിഎം മൂന്ന് സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. 81 സീറ്റുകളിൽ ബിജെപിയും 58 സീറ്റുകളിൽ സിപിഎമ്മും ലീഡ് ചെയ്യുന്നുണ്ട്.

തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പിനെ തുടർന്നു സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ബോംബേറും തീവയ്പുമുൾപ്പെടെയുള്ള അക്രമങ്ങളിൽ അന്പതിലേറെപ്പേർക്കു പരിക്കേറ്റു. ഇതേതുടർന്നു 19 ജില്ലകളിലായി 568 ബൂത്തുകളിൽ ബുധനാഴ്ച റീപോളിങ് നടത്തിയിരുന്നു. റീപോളിംഗിൽ 68 ശതമാനം പേർ വോട്ടു ചെയ്തു.