- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് ശക്തം; ഇടുക്കിയും നിറയുന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ച് ഡാം തുറക്കുന്നതിനുള്ള നടപടികൾ സജീവം; മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസവും; ബാണാസുരസാഗർ അണക്കെട്ടും തുറക്കേണ്ടി വന്നേക്കും; 23 ഡാമുകൾ തുറന്നത് പുഴകളെ നിറയ്ക്കും; മലബാറിൽ ശക്തമായ മഴ തുടരും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത സജീവം
തൊടുപുഴ: ഇടുക്കിയിലും മുല്ലപ്പെരിയാറിലും ആശങ്ക ശക്തം. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കി ഡാം ഇന്നു വൈകിട്ടോടെ തുറന്നേക്കുമെന്നു സൂചന. മുല്ലപ്പെരിയാർ ഡാമിന്റെ 10 ഷട്ടറുകൾ ഇന്നലെ തുറക്കുകയും ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയും ചെയ്യുന്നതിനാൽ ചെറുതോണിയിൽ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിൽ നീരൊഴുക്ക് അശക്തമാണ്. അതും ആശങ്ക കൂട്ടുന്നു. ഈ സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമാണുള്ളത്. ഇത് പെരിയാറിൽ വെള്ളപ്പൊക്ക സാധ്യത കൂട്ടും.
ഇടുക്കിയിൽ കഴിഞ്ഞ വർഷത്തെക്കാൾ 10 അടിയിലേറെ വെള്ളമാണ് നിലവിൽ ഡാമിലുള്ളത്. കഴിഞ്ഞ വർഷം 3 തവണ അണക്കെട്ട് തുറന്നിരുന്നു. ഇന്നലെ രാത്രി 7നു ജലനിരപ്പ് 2381.54 അടിയിലെത്തി. ഒരടികൂടി ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ടിലെത്തും. തുടർന്നും നീരൊഴുക്ക് കുറയുന്നില്ലെങ്കിൽ ഷട്ടർ തുറക്കും. നീരൊഴുക്ക് ഇതേരീതിയിൽ തുടർന്നാൽ റെഡ് അലർട്ട് ആകുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെവന്നാൽ വൈകിട്ടോടെ ഡാം തുറക്കേണ്ടി വന്നേക്കും. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി ചർച്ച ചെയ്തു തുടങ്ങി.
ഇടുക്കിയിൽ വെള്ളം തുറന്നുവിട്ടാൽ ആലുവയിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമാകും. അത് മറികടക്കാനുള്ള നടപടികളെടുത്ത ശേഷമേ ഇടുക്കി തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തുന്നത് ഇടുക്കിയിൽ ജലനിരപ്പ് ഉയർത്തും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്. ജലനിരപ്പ് 2383.53 അടി എത്തിയാൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 10 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം തുറന്നിച്ചുണ്ച്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് വി1, വി5, വി6, വി10 എന്നീ നാല് ഷട്ടറുകൾ തുറന്നത്. ആകെ 1870 ഘനയടി ജലം പുറത്തുവിടുന്നുണ്ട്. 9066 ഘനയടിയാണ് നീരൊഴുക്ക്. പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ല. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഈ വെള്ളം ഇടുക്കി ഡാമിലെത്തുന്നുണ്ട്. ബാണാസുര സാഗറിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു.
പാലക്കാട് മലമ്പുഴ, കൊല്ലം തെന്മല ഡാമുകളുടെ ഷട്ടറുകളും ഉയർത്തി. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കിആനത്തോട് അണക്കെട്ടിലേക്കു അതിശക്തമായ നീരൊഴുക്കാണ്. ജലനിരപ്പ് റൂൾ ലെവലിലേക്കു അടുക്കുന്നു. ഞായറാഴ്ച ഉച്ചയോടെ ആനത്തോട് ഷട്ടറുകൾ ഉയർത്താനാണ് സാധ്യത. 981.456 മീറ്റർ ശേഷിയുള്ള കക്കി ആനത്തോട് അണക്കെട്ടിൽ 974.18 മീറ്ററും 986.332 മീറ്റർ ശേഷിയുള്ള പമ്പാ അണക്കെട്ടിൽ 981.7 മീറ്ററുമാണ് ജലനിരപ്പ്. കക്കിയിൽ 74.54 ശതമാനവും പമ്പയിൽ 71.85% ശതമാനവും വെള്ളമുണ്ട്.
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് നിയന്ത്രണ വിധേയമാണെന്ന് റവന്യുമന്ത്രി കെ.രാജൻ അറിയിച്ചു. രാത്രി കാര്യമായ മഴ പെയ്തില്ല. പെരിങ്ങൽകുത്തിൽനിന്ന് അധിക ജലം വന്നിട്ടും ജലനിരപ്പ് വലിയതോതിൽ ഉയർന്നില്ല. പരിഭ്രാന്തി വേണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ നേരിയ മഴ തുടരുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഇല്ല. കണ്ണൂർമാനന്തവാടി ചുരം റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് അപകടനിലയ്ക്ക് താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുന്നു. ആലപ്പുഴയിലെ പ്രളയസാധ്യതാ മേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കുട്ടനാട്ടിൽ വിവിധയിടങ്ങളിൽ സ്റ്റേ ബോട്ടുകൾ തയാറാക്കിയിട്ടുണ്ട്.
അതിതീവ്ര മഴയ്ക്ക് ശമനമായെങ്കിലും മുല്ലപ്പെരിയാർ, മലമ്പുഴ, തെന്മല പരപ്പാർ അടക്കമുള്ള 23 അണക്കെട്ട് തുറന്നതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. നദീതീരങ്ങളിൽ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് വെള്ളിയാഴ്ച കൂടുതൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 342 ക്യാമ്പിലായി 12,195 പേരുണ്ട്. 36 വീട് പൂർണമായും 282 വീട് ഭാഗികമായും തകർന്നു. ഭാരതപ്പുഴയിലും ജലം ഉയർന്നു. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയും ഞായറും മഞ്ഞ അലെർട്ടാണ്. ഓറഞ്ച് അലെർട്ടിന് സമാന ജാഗ്രത തുടരണം. ഞായറോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്ന മുന്നറിയിപ്പുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ല.
കഴിഞ്ഞ അഞ്ചു ദിവസത്തിൽ സംസ്ഥാനത്ത് കൂടുതൽ മഴ ഇടുക്കി ജില്ലയിൽ. 360 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 164 ശതമാനം അധികം. കുറവ് തിരുവനന്തപുരത്താണ്- 115 മില്ലിമീറ്റർ.
മറുനാടന് മലയാളി ബ്യൂറോ