കണ്ണൂർ: ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായ യുദ്ധത്തിൽ വിശിഷ്ട സേവനം നടത്തിയ കണ്ണൂർ സ്വദേശി റിയർ അഡ്‌മിറൽ കെ മോഹനന് ബംഗ്ലാദേശിൽ നിന്നും സ്‌നേഹാദരം. ഈ മാസം 15 മുതൽ 20 വരെ നടക്കുന്ന ബംഗ്ലാദേശ് വിജയദിനാഘോഷത്തടനുബന്ധിച്ചുള്ള ചടങ്ങുകളിൽ സംബന്ധിക്കാനാണ് ഇന്ത്യൻ നാവിക സേനയുടെ എക്കാലത്തെയും മികച്ച വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിന്റെ പൈലറ്റായിരുന്ന മോഹനന് ക്ഷണം ലഭിച്ചത്.

1971 ഡിസംബർ 16ന് ഇന്ത്യൻ സേനയും ഗറില്ലാ പോരാളികളും ചേർന്ന് പാക്കിസ്ഥാൻ പട്ടാളത്തെ തുരത്തിയാണ് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം നിലവിൽ വന്നത്. അന്ന് ഐ എൻ എസ് വിക്രാന്തിന്റെ വിമാനവാഹിനി കപ്പലിലെ പൈലറ്റായ കെ മോഹനന് 32 മണിക്കൂർ തുടർച്ചയായി വിമാനം പറത്തിക്കൊണ്ട് ബംഗ്ലാദേശിന്റെ 200 നാഴിക നിരീക്ഷിക്കാനുള്ള ചുമതലയായിരുന്നു.

മോഹനന്റെ നിരീക്ഷണത്തിലൂടെ പാക്കിസ്ഥാന്റെ യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും ഇന്ധനം ലഭിക്കാതെ അടിയറവ് പറയേണ്ടി വന്നു. ബംഗ്ലാദേശിൽ 16 മുതൽ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകളിൽ സാക്ഷ്യം വഹിക്കാൻ വിശിഷ്ട വ്യക്തികളെന്ന നിലയിൽ മലയാളിയായ മുൻ നാവിക ഉദ്യോഗസ്ഥൻ മോഹനനുമുണ്ടാവും.

ലോകത്തിലെ ഏറ്റവും വലിയ സൈനിക കീഴടങ്ങലിന് സാക്ഷ്യംവഹിച്ച യുദ്ധമാണ് 1971ലെ പാക്കിസ്ഥാൻ യുദ്ധമെന്ന് കെ മോഹനൻ മറുനാടൻ മലയാളിയോട് പറഞ്ഞു. 98,000 പാക് സൈനികരാണ് ഇന്ത്യൻ സേനക്ക് മുന്നിൽ കീഴടങ്ങിയത്. കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിനെ എല്ലാ അർത്ഥത്തിലും ഞെക്കിപിഴയുകയായിരുന്നു പാക്കിസ്ഥാൻ. അയൂബ് ഖാൻ, യഹ്യഖാൻ സൈനിക നേതാക്കരുടെ കീഴിൽ ബംഗ്ലാദേശ് ജനതയുടെ ജനാധിപത്യഅവകാശങ്ങൾ പാടെ നിഷേധിക്കപ്പെടുകയായിരുന്നു.

പാക്കിസ്ഥാന്റെ മൊത്തം ജനസംഖ്യയുടെ അമ്പത്തിനാല് ശതമാനത്തിലേറെ വരുന്ന ജനത ബംഗ്ലായിലായിരുന്നു. ബംഗാളിക്ക് പകരം ഉറുദു ഭാഷാ അടിച്ചേൽപ്പിക്കലും സൈനിക നടപടികളും രൂക്ഷമായപ്പോൾ 1970 ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള ആവശ്യം അംഗീകരിക്കേണ്ടി വന്നു. തെരഞ്ഞെടുപ്പിൽ അവാമിലീഗ് പ്രവിശ്യ അസംബ്ലിയിലെ 300ൽ 298 സീറ്റും ദേശീയ അസംബ്ലിയിൽ 313ൽ 167 സീറ്റുകളും നേടി. ഇതോടെ കേന്ദ്രഭരണം ബംഗ്ലാദേശികൾ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അത് അംഗീകരിക്കാതെ പാക്കിസ്ഥാനും പൂർവ്വ പാക്കിസ്ഥാനും സൈനിക ഭരണത്തിന് കീഴിൽ തന്നെ നില കൊണ്ടു.
ബംഗ്ലായിൽ പ്രക്ഷോഭം ശക്തമായി ചർച്ചയെന്ന പേരിൽ യഹ്യ ബൂട്ടോ സംഖ്യം ബംഗ്ലായിലെത്തി. ബംഗ്ലായിൽ സൈനികരെ എത്തിക്കലായിരുന്നു ഇതിന് പിറകിലെ തന്ത്രം.

റാവൽ പിണ്ടിൽ യഹ്യ എത്തിയതോടെ ബംഗ്ലാദേശിൽ പട്ടാള ഭരണം ഏർപ്പെടുത്തി. ഇതോടെ പാക്കിസ്ഥാനിനെതിരെ ബംഗ്ലാദേശികൾ കടുത്ത എതിർപ്പ് രൂപപ്പെടുത്തി. പൂർവ പാക്കിസ്ഥാന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബംഗ്ലാദേശികൾ വിമോചന സമരത്തിന് മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ അണിനിരന്നു. ഇതോടെ മുജീബിനെ പാക്കിസ്ഥാൻ തടവിലാക്കി കൊണ്ടു പോയി. ബംഗ്ലാദേശ് രക്തക്കളമായി.

ആയിരത്തോളം അദ്ധ്യാപകർ, 13 മാദ്ധ്യമപ്രവർത്തകർ, അമ്പതോളം ഡോക്ടർമാർ, ബുദ്ധിജീവികളും എഴുത്തുകാരും കലാകാരന്മാരും കൊലചെയ്യപ്പെട്ടു. നാനൂറോളം സ്ത്രീകൾ പാക് പട്ടാളക്കാരുടെ ബലാത്സംഗത്തിനിരയായി. നിരവധി പെൺകുട്ടികളെ പാക്കിസ്ഥാനിലേക്ക് കടത്തികൊണ്ടുപോകുകയും ചെയ്തു. ഇതോടെ ബംഗ്ലായിൽ നിന്നും പത്ത് ലക്ഷത്തോളം പേർ ഇന്ത്യയിലേക്ക് പ്രവഹിച്ചു.ഇതോടെയാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ യുദ്ധത്തിന് തയ്യാറായത്.

അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി പ്രശ്‌നത്തിലിടപെട്ടു. അങ്ങനെ ഇന്ത്യ യുദ്ധത്തിന് തയ്യാറായി. സോവിയറ്റ് യൂണിയനും പിന്തുണച്ചു. ഇതോടെ അമേരിക്കയുടെ ഏഴാംകപ്പൽപട ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കുതിക്കുന്നുവെന്ന പ്രചരണവും ശക്തമായി. ഈ കപ്പൽപടയെ നിരീക്ഷിക്കാൻ ഐ എൻ എസ് വിക്രാന്തിന്റെ പൈലറ്റായ കെ മോഹനനെ നാവിക സേന നിയോഗിക്കുകയായിരുന്നു. ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും 200 നാഴിക ബംഗ്ലാൾ ഉൾകടലിൽ നിരവധി തവണ യുദ്ധവിമാനം മോഹനൻ പറപ്പിച്ചു. 13 ദിവസം കൊണ്ട് 98000 പാക്കിസ്ഥാൻ പട്ടാളത്തെ അടിയറവ് പറയിച്ച ചരിത്രപ്രസിദ്ധമായ യുദ്ധത്തിൽ മോഹനനും പങ്കാളിയായി. അതിന് നേതൃത്വം നൽകിയ മോഹനൻ ബംഗ്ലാദേശിന്റെ ആദരത്തിന് പാത്രമാകുകയാണ്.