ന്യൂഡൽഹി: ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഇന്ത്യൻ സന്ദർശനത്തിനായി ഡിസംബർ 18നെത്തും. ആറു ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസദ് എന്നിവരുമായി ഹമീദ് കൂടിക്കാഴ്ച നടത്തും. ബംഗ്ലാദേശ് ഹൈക്കമ്മീഷണർ സെയിദ് മൊസം അലി ഉൾപ്പെടെയുള്ള സംഘം ഹമീദിനെ അനുഗമിക്കും. ഇന്ത്യ-ബംഗ്ലാദേശ് ഭൂമി കൈമാറ്റ കരാർ നടപ്പിലാകാൻ പോകുന്ന സാഹചര്യത്തിലാണ് സന്ദർശനം. അസം, പശ്ചിമ ബംഗാൾ, മേഖാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളാണ് കൈമാറ്റ കരാർ പരിധിയിൽ വരുക. ഈ പ്രദേശങ്ങളിൽ 51,000 ആളുകളാണ് വസിക്കുന്നത്. അതിർത്തിക്കപ്പുറമുള്ള പ്രദേശങ്ങൾ കൈമാറ്റം ചെയ്യുന്നതു സംബന്ധിച്ച കരാറിനു തയാറാണെന്ന സൂചനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ നൽകിയിരുന്നു.