കണ്ണൂർ: ഒരു വീട്ടിൽ നിന്നും രണ്ട് കൊടുംകുറ്റവാളികൾ. രണ്ട് പേരേയും രണ്ട് വർഷത്തെ ഇടവേളക്കിടയിൽ പിടിച്ചത് ഒരേ ഡി.വൈ. എസ്. പിയുടെ നേതൃത്വത്തിലുള്ള പൊലീസ്. ബംഗളൂരു സ്ഫോടന കേസിലെ പിടികിട്ടാ പുള്ളിയായ മമ്പറം കുഴിയിൽ പീടികയിലെ ഷക്കീന മൻസിലിൽ പി.എ. സലീമിനെ കഴിഞ്ഞ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് വർഷക്കാലമായി ഒളിവിൽ കഴിയുകയാണെങ്കിലും ഇയാൾ മമ്പറത്തെ വീട്ടിൽ ഇടക്കിടെ എത്താറുണ്ടായിരുന്നു. ഇക്കാലത്ത് ഇയാൾക്ക് നാല് മക്കളും ജനിച്ചു. 2016 ഡിസംബർ 19 ന് സലീമിന്റെ സഹോദരൻ റെയ്സൽ പിടിയിലായതും ഇതേ വീട്ടിൽ വെച്ചു തന്നെ. ലഷ്‌ക്കറി തൊയ്ബ കമാന്റർ തടിയന്റവിടെ നസീറിന്റെ കൂട്ടാളിയായ ഈ സഹോദരങ്ങൾ ബംഗളൂരു സ്ഫോടന കേസിലെ പിടികിട്ടാ പുള്ളികളായ പ്രതികളായിരുന്നു. ബോംബ് സ്ഫോടനത്തിലും തീവ്രവാദ പ്രവർത്തനത്തിലും കവർച്ചയിലും ഈ സഹോദരങ്ങൾ മത്സരിച്ച് പ്രവർത്തിക്കുന്നവരാണ്.

2006 ൽ മൊഫ്യൂസൽ ബസ്സ്റ്റാൻഡിലും കെ.എസ്. ആർ.ടി.സി. സ്റ്റാൻഡിലും ബോംബ് വെച്ച ഇരട്ട സ്ഫോടന കേസിലെ പ്രതി കണ്ണൂർ സിറ്റിയിലെ താഴകത്ത് അബ്ദുൾ ഹാലിമിന്റെ കൂട്ടു പ്രതികൾ കൂടിയാണ് പിടിയിലായ പി.എ. സലീമും റെയ്സലും. വിജിലൻസ് ചമഞ്ഞ് കവർച്ചയും ഭീഷണിപ്പെടുത്തി കൊള്ളയും നടത്തുന്ന ഹാലിമിന്റെ സംഘത്തിൽ ഇവർ രണ്ട് പേരുമുണ്ടായിരുന്നു. ഇത്തരം ഒരു ഡസൻ കേസുകൾ ഹാലിമിന് നേരെ ഉണ്ടെങ്കിലും തെളിവ് അവശേഷിപ്പിക്കാതെ രക്ഷപ്പെട്ട് നിയമ നടപടിയിൽ നിന്നും ഒഴിവാകാനുള്ള മിടുക്ക് അയാൾക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു കേസിലും ഹാലിം ശിക്ഷിക്കപ്പെട്ടില്ല. 2008 ജൂലായ് 25 ന് ബംഗളൂരുവിലെ പത്ത് കേന്ദ്രങ്ങളിൽ സ്ഫോടന പരമ്പര നടത്താൻ ശ്രമിച്ച കേസിലും ഹാലിമിനൊപ്പം പി.എ. സലീമും റെയ്സലും ഉണ്ടായിരുന്നു.

24 ന് ബംഗളൂരുവിലെത്തിയ സംഘം നഗരത്തിലെ പത്ത് കേന്ദ്രങ്ങളിൽ ബോംബുവെച്ചു. 28 ാം തീയ്യതി ഇവർ നാട്ടിലേക്ക് തിരിച്ചു. തുടർന്ന് മുങ്ങി നടക്കുകയായിരുന്നു. സാങ്കേതിക പിഴവുകാരണം 9 ബോംബുകളും പൊട്ടിയില്ല. ഇരുമ്പു പെട്ടിയിൽ അടക്കം ചെയ്ത പത്താമത്തെ ബോംബ് ബസ്സ് വെയ്റ്റിങ് ഷെൽട്ടറിൽ വെക്കുകയായിരുന്നു. ഈ ബോംബ് പൊട്ടി ബസ്സ് കാത്തിരിക്കുകയായിരുന്ന ഒരു സ്ത്രീ മരിച്ചു. ഈ സംഭവത്തിന് നേതൃത്വം നൽകിയ ഹാലിം ബോംബ് വെച്ച ശേഷം ബംഗളൂരു നഗരത്തിലെ ഹോട്ടലിൽ കഴിയുകയായിരുന്നു. പിന്നീടാണ് നാട്ടിലേക്ക് തിരിച്ചത്. ബോംബുകൾ നിർമ്മിക്കാൻ പെരുമ്പാവൂരിലെ ഒരു കെമിക്കൽ കടയുടെ പൂട്ട് പൊളിച്ച് 200 കി.ലോ ഗ്രാം അമോണിയം നൈട്രേറ്റും ജലാറ്റിൻ സ്റ്റിക്കും കവർച്ച ചെയ്തു. ഈ വസ്തുക്കൾ ഉപയോഗിച്ചാണ് ബംഗളൂരു സ്ഫോടനം നടത്തിയത്.

ഹാലിമിന്റെ നേതൃത്വത്തിൽ ഇക്കാലയളവിൽ വൻ തോതിൽ കവർച്ച നടന്നു. പെരുമ്പാവൂരിലെ ഒരു വൻ കച്ചവടക്കാരന്റെ വീട്ടിൽ വിജിലൻസ് ചമഞ്ഞെത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു. സി.സി. ടി.വി. ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നും ഇവരെ തിരിച്ചറിയുകയും ചെയ്തു. തുടർന്നും നിരന്തരം കൊള്ള നടത്തുകയായിരുന്നു ഈ സംഘം. റെയ്സലും സലീമും ഈ സംഘത്തിലുണ്ടായിരുന്നു. ഹവാലക്കാരെ വാഹനം തടഞ്ഞു നിർത്തി കൊള്ളയടിക്കുന്നത് ഇവരുടെ പതിവായിരുന്നു. എറണാകുളത്തെ പ്രാദേശിക ഗുണ്ടകളുമായി ചേർന്ന് വാഹനം തട്ടിയെടുത്തും കവർച്ച നടത്തുന്നത് ഹാലിമിന്റെ ഗ്യാങ്ങിന്റെ വരുമാനമാർഗ്ഗമായിരുന്നു.

ഇങ്ങിനെ തട്ടിയെടുക്കുന്ന വാഹനങ്ങൾ കൊണ്ടാണ് ഇവർ കവർച്ച നടത്തുന്നത്. കള്ള നോട്ട് , സ്വർണ്ണ കടത്ത് എന്നിവരുമായും ഇവർക്ക് ബന്ധമുണ്ടെന്ന ആരോപണവുമുണ്ട്. പ്രതികൾ പരമാവധി കരുതലോടെയാണ് എല്ലാ കൃത്യങ്ങളും നിർവ്വഹിച്ചു പോന്നത്. അതുകൊണ്ടു തന്നെ ഹാലിമിന്റെ എല്ലാ തീവ്രവാദ ഇടപെടലും തെളിവുകൾ അവശേഷിപ്പിക്കാത്തതിനാൽ അന്വേഷണ ഏജൻസികളും വഴി മുട്ടാറാണ് പതിവ്. ഇന്നലെ അറസ്റ്റ് ചെയ്ത പി.എ. സലീമിനെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടു പോയിരിക്കയാണ്. ബംഗളൂരു സ്ഫോടന കേസിൽ 31 ാം പ്രതിസ്ഥാനത്തുള്ളത് അബ്ദുൾ നാസർ മദനിയാണ്. സ്ഫോടന കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്.