ബ്രിട്ടണിലെ പണക്കാരായ റഷ്യക്കാർ നാറ്റ്‌വെസ്റ്റ് അടക്കമുള്ള പ്രമുഖ ബാങ്കുകളിലെ തങ്ങളുടെ പണം പിൻവലിക്കുന്ന തിരക്കിലാണിപ്പോൾ. ബ്രിട്ടണിലെ റഷ്യൻ ചാനലായ റഷ്യ ടുഡേയുടെ അക്കൗണ്ട് സർക്കാർ മരവിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് റഷ്യക്കാർ ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.യൂറോപ്പും റഷ്യയും തമ്മിൽ യുദ്ധസമാനമായ അന്തരീക്ഷം പൊതുവെ നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സൈബർ യുദ്ധത്തിന് പിന്നാലെ ഇത്തരം പ്രതിഷേധങ്ങളും വ്യാപകമാവുകയാണ്.ചാനലിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് തങ്ങൾ ബ്രിട്ടീഷ് അക്കൗണ്ടുകളിലെ പണം പിൻവലിക്കുകയാണെന്ന് അറിയിച്ച് കൊണ്ട് നിരവധി റഷ്യക്കാർ താനുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് റഷ്യ ടുഡേ നെറ്റ് വർക്കിന്റെ എഡിറ്ററായ മാർഗറിത സിമന്യാൻ വെളിപ്പെടുത്തുന്നത്. റഷ്യടുഡേയുടെ യുകെയിലെ ബാങ്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചുവെന്ന് അവർ കുറച്ച് ദിവസം മുമ്പ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

റഷ്യ സിറിയയിലെ ആലെപ്പോയിൽ ബോംബിങ് തുടർന്നാൽ തങ്ങൾ റഷ്യയുടെ മേൽ സാമ്പത്തിക ഉപരോധമേർപ്പെടുത്തുന്ന കാര്യം പരിഗണിച്ച് വരുകയാണെന്ന് യുഎസും ബ്രിട്ടനും പ്രസ്താവിച്ചതിന് തൊട്ടുപിറകെയാണ് റഷ്യ ടുഡേയുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാൽ ചാനലിന്റെ അക്കൗണ്ട് മരവിപ്പിച്ചതിൽ പങ്കില്ലെന്നാണ് ബ്രിട്ടീഷ് ഗവൺമെന്റ് പറയുന്നത്. ഇത് മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് റഷ്യൻ എംപിമാർ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ റഷ്യ ടുഡേയുടെ ബാങ്ക് അക്കൗണ്ട് ഇപ്പോഴും നിലവിലുണ്ടെന്നാണ് ബാങ്ക് ഓഫ് സ്‌കോട്ട്ലൻഡ് ഗ്രൂപ്പിന്റെ ഭാഗമായ നാറ്റ് വെസ്റ്റ് ഇന്നലെ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പം തങ്ങൾ അവലോകനം ചെയ്ത് വരുകയാണെന്നും ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ റഷ്യ ടുഡേയുമായി ബന്ധപ്പെട്ടുവെന്നും ബാങ്ക് പറയുന്നു.

എന്നാൽ ചാനലിന്റെ ബാങ്ക് അക്കൗണ്ട് അധികകാലം നിലനിൽത്താൻ സാധിക്കില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് ബാങ്കിൽ നിന്നും തങ്ങൾക്ക് ഒരു കത്ത് ലഭിച്ചിരുന്നുവെന്നാണ് റഷ്യ ടുഡേ വെളിപ്പെടുത്തുന്നത്. വെസ്റ്റ്മിൻസ്റ്ററിലെ മിൽബാങ്ക് ടവറിൽ സ്ഥിതി ചെയ്യുന്ന ചാനലിന്റെ ഓഫീസിലേക്കാണീ കത്ത് എത്തിയിരിക്കുന്നത്. സിറിയയെക്കുറിച്ചും ഉക്രയിനെ കുറിച്ചും തെറ്റായ വിവരങ്ങൾ റഷ്യ ടുഡേ യുകെയിൽ പ്രക്ഷേപണം ചെയ്യുന്നതിനെ കുറ്റപ്പെടുത്തി വാച്ച്ഡോഗായ ഓഫ്കോം നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് പ്രക്ഷേപണനിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു ഓഫ്കോം ആരോപിച്ചിരുന്നത്. എന്നാൽ ചാനലിനെതിരെയുള്ള ഈ പകപോക്കൽ നീക്കം മാദ്ധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണെന്ന് വെളിപ്പെടുത്തി സോഷ്യൽ മീഡിയ യൂസർമാരടക്കമുള്ള നിരവധി പേർ രംഗത്തെത്തിയിരുന്നു.

റഷ്യ ടുഡേയുടെ അക്കൗണ്ട് ബ്രിട്ടനിൽ മരവിപ്പിച്ചതിന്റെ പ്രതികാരമായി റഷ്യ ബിബിസിയുടെ അക്കൗണ്ടും മരവിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് മൻ എംപി ജോർജ് ഗലോവേ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി തങ്ങൾക്ക് നാറ്റ് വെസ്റ്റിൽ അക്കൗണ്ടുണ്ടെന്നും എന്നിട്ടും തികച്ചും പ്രതികാരപരമായിട്ടാണ് ബാങ്ക് പെരുമാറിയിരിക്കുന്നതെന്നും റഷ്യ ടുഡേ ആരോപിക്കുന്നു.യൂറോപ്പിലെയും യുഎസിലെയും ഓഡിയൻസിനെ ലക്ഷ്യമിട്ടാണ് റഷ്യ ടുഡേ 24 മണിക്കൂർ പ്രക്ഷേപണം നടത്തുന്നത്. ഇംഗ്ലീഷിലും സ്പാനിഷിലും അറബിക്കിലും ഇതിൽ പ്രോഗ്രാമുകളുണ്ട്. ആർടി യുകെ എന്ന പേരിലാണ് ഇതിന്റെ ബ്രിട്ടീഷ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.ലണ്ടനിൽ നിന്നാണിതിന്റെ പ്രക്ഷേപണം. ലേബർ നേതാവ് ജെറമി കോർബിന് ഈ നെറ്റ് വർക്കുമായി അടുത്ത ബന്ധമാണുള്ളത്. റഷ്യയുമായി അടുത്ത ബന്ധം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോർബിൽ ഇതിലെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സംസാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണിതെന്നാണ് റഷ്യയുടെ വിദേകാര്യമന്ത്രാലയത്തിന്റെ വക്താവായ മരിയ സഖറോവ പ്രതികരിച്ചിരിക്കുന്നത്.