ന്യൂഡൽഹി: വീണ്ടും രാജ്യത്ത് ബാങ്ക് ലയനം. എസ്.ബി.ടി. ഉൾപ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐ. ഏറ്റെടുത്തതിനുപിന്നാലെയാണ് രണ്ടാംഘട്ട ബാങ്ക്ലയനം. കാനറാബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി.) എന്നിവയെക്കൊണ്ട് താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളെ ഏറ്റെടുപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.

ദേനാ ബാങ്ക്, വിജയ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണ് നീങ്ങുന്നത്. ബാങ്കുകളുമായി സർക്കാർ ചർച്ച ആരംഭിച്ചിട്ടുണ്ട്. നഷ്ടം നേരിടുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്യം പിന്നീട് പരിഗണിക്കും. പഞ്ചാബ് നാഷണൽ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയും പരിഗണനാ പട്ടികയിലുണ്ട്. ഇവയുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഇതിന്റെ സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നീതി ആയോഗിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

ഒരു മാസത്തിനകം ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാനാണ് നീതി ആയോഗിനോട് ആവശ്യപ്പെട്ടത്. പൊതുമേഖലാബാങ്കുകളുടെ കിട്ടാക്കടത്തിന്റെ പ്രശ്നം ഉന്നയിച്ചാണ് ലയന പദ്ധതിയുമായി നീങ്ങുന്നത്. രാജ്യത്തെ ബാങ്കുകൾക്ക് ഏഴുലക്ഷം കോടിയിലേറെ കിട്ടാക്കടമുള്ളതിൽ ആറുലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകൾക്കാണ്. എന്നാൽ ഇടപാടുകാർക്കും ജീവനക്കാർക്കും ബാങ്കുകൾക്കും ഇത് ഗുണംചെയ്യില്ലെന്ന് ലയനത്തെ എതിർക്കുന്നവർ പറയുന്നു.

കനറാ ബാങ്ക് 2016-17 സാമ്പത്തികവർഷം 1122 കോടിയുടെ അറ്റാദായം നേടിയിരുന്നു. മുൻവർഷം 2813 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 8.1 ശതമാനം വർധിച്ച്, കഴിഞ്ഞ മാർച്ച് 31 വരെ 34,202 കോടിയായിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ 1383 കോടിയുടെ അറ്റാദായം നേടി. മുൻവർഷം 5396 കോടിയുടെ നഷ്ടം നേരിട്ടിരുന്നു. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 5.4 ശതമാനം വർധിച്ച് 42,719 കോടിയായി.