ലോകത്തെ ഇതരരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് വലിയ സാധ്യതകൾ ശേഷിക്കുന്നുവെന്ന് ലോകബാങ്ക്. പുരോഗമനത്തിന്റെ പാതയിൽ കുതിക്കുന്ന സർക്കാരിന്റെ സാന്നിധ്യം ഇന്ത്യക്ക് കൂടുതൽ വളർച്ച സമ്മാനിക്കുമെന്നും വിലയിരുത്തിയ ലോകബാങ്ക്, 2018-ൽ ഇന്ത്യ 7.3 ശതമാനം വളർച്ച കൈവരിക്കുമെന്നും സൂചിപ്പിച്ചു. അടുത്ത രണ്ടുവർഷംകൊണ്ട് 7.5 ശതമാനമായി ഉയരുമെന്നും ലോകബാങ്കിന്റെ ഡവലപ്‌മെന്റ്് പ്രോസ്‌പെക്ട്‌സ് ഗ്രൂപ്പിന്റെ ഡയറക്ടർ അയ്ഹാൻ കോസെ പറഞ്ഞു.

നോട്ടസാധുവാക്കലും ചരക്ക് സേവന നികുതി നടപ്പാക്കലും മൂലം സാമ്പത്തിക വളർച്ചയിൽ ഉണ്ടായിട്ടുള്ള മുരടിപ്പ് താൽക്കാലികം മാത്രമാണെന്ന് കോയ്‌സെ വിലയിരുത്തുന്നു. ഇക്കൊല്ലം ഇന്ത്യയുടെ വളർച്ചാനിരക്ക് 6.7 ശതമാനം മാത്രമായിരിക്കും. എന്നാൽ, അടുത്തവർഷം കുതിപ്പ് വീണ്ടെടുക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മറ്റ് രാജ്യങ്ങളെയെല്ലാം പിന്നിലാക്കി മുന്നേറുമെന്നും ലോകബാങ്ക് പുറത്തിറക്കിയ ഗ്ലോബൽ ഇക്കണോമിക്‌സ് പ്രോസ്‌പെക്ടിൽ പറയുന്നു.

ലോകത്തെ മറ്റ് പ്രധാന രാജ്യങ്ങളെക്കാളും വളർച്ച അടുത്ത പത്തുവർഷത്തിനുള്ളിൽ കൈവരിക്കാൻ ഇന്ത്യക്കാവും. താൽക്കാലികമായ പ്രതിസന്ധികളെ കാര്യമാക്കേണ്ടതില്ല. ഇന്ത്യക്ക് ഒട്ടേറെ സാധ്യതകളുണ്ട്. മികച്ച ഭാവിയും കാണുന്നുണ്ടെന്ന് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ കോയ്‌സെ പറഞ്ഞു.

ചൈനീസ് സമ്പദ്‌വ്യവസ്ഥ ഇപ്പോൾ മെല്ലെപ്പോക്കിന്റെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്ത്യയുടെ വളർച്ച അതിവേഗം കൈവരിക്കാൻ പോകുന്നതേയുള്‌ലൂ. കഴിഞ്ഞ മൂന്നുവർഷത്തെ കണക്കുകൾ വളരെ സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. അതാണ് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതീക്ഷ നൽകുന്ന ഘടകവുമെന്ന് ഗ്ലോബൽ പ്രോസ്‌പെക്ട്‌സ് റിപ്പോർട്ട് തയ്യാറാക്കിയ കോയ്‌സെ പറയുന്നു.

2017-ൽ 6.8 ശതമാനമാണ് ചൈനയുടെ വളർച്ചാനിരക്ക്. ഇന്ത്യയെക്കാൾ 0.1 ശതമാനം കൂടുതൽ. എന്നാൽ, ഇപ്പോഴത്തെ മെല്ലെപ്പോക്ക് ചൈനീസ് സമ്പദ്‌വ്യവസ്ഥയിൽ വരുംവർഷങ്ങളിലും പ്രകടമാകുമെന്ന് കോയ്‌സെ പറയുന്നു. 2018-ൽ 6.4 ശതമാനം ആയിരിക്കും ചൈനയുടെ വളർച്ചാനിരക്ക്. അടുത്ത രണ്ടുവർഷങ്ങളിൽ അത് താഴേക്കുതന്നെയാകും പോവുക. യഥാക്രമം 6.3 ശതമാനം, 6.2 എന്നിങ്ങനെ വളർച്ച കുറയുമെന്നും, ഇതേ സമയം ഇന്ത്യ ഏറെ മുന്നിലെത്തുമെന്നും കോയ്‌സെ വിലയിരുത്തുന്നു.