കണ്ണൂർ:തളിപ്പറമ്പ് പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന കോടിയിലധികം രൂപയുടെ സ്വർണ്ണ പണയ തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റ് ചരടുവലിച്ചതായി പൊലിസ് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചു.

ആരോപണ വിധേയനായ അപ്രൈസർ തൃച്ചംബരത്തെ തെക്കു വീട്ടിൽ രമേശൻ (55) ആത്മഹത്യ ചെയ്തതോടെയാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പിനിരയായ ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബുധനാഴ്ചയാണ് ബാങ്ക് അധികൃതർ തട്ടിപ്പ് കണ്ടെത്തിയത്. ശനിയാഴ്ചയോടെ രമേശൻ അപ്രത്യക്ഷനാവുകയായിരുന്നു.

കഴിഞ്ഞ രാത്രിയാണ് അഴുകിയ നിലയിൽ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് കണ്ടെത്തിയത്. മുക്കുപണ്ട തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിച്ചുവെന്ന സംശയം രമേശന്റെ ബന്ധുക്കൾ ഉയർത്തിയിട്ടുണ്ട്. ഇതു വരെ വന്ന കണക്കുകളനുസരിച്ച് ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. എന്നാൽ രമേശന് വലിയ സാമ്പത്തിക ശേഷിയില്ല. സ്വന്തമായി ഒരു വീടു പോലുമില്ല. മറ്റ് ചെലവുകളുള്ളതായും ആർക്കുമറിയില്ല. തട്ടിയെടുത്തുവെന്ന് പറയുന്ന തുക എവിടെയെന്ന സംശയമാണ് ഇതോടെ ഉയരുന്നത്.

മുക്കുപണ്ടം പണയം വെച്ച് ചിലരുടെ പേരിൽ അഞ്ച് ലക്ഷവും പത്തു ലക്ഷവും വായ്പയെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞയുടൻ ഇവരിൽ പലരും ഈ തുകകൾ തിരിച്ചടച്ചിട്ടുണ്ട്. ഇത്തരക്കാരിൽ ആർക്കെങ്കിലും തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന സംശയം ഉയർന്നിട്ടുണ്ട്. പണയം വെക്കാനുള്ള വ്യാജ സ്വർണ്ണാഭരണങ്ങൾ ജൂവലറികളിൽ നിന്നാണ് എത്തിച്ചിരുന്നുവെന്ന കാര്യവും ഈ സംശയം ബലപ്പെടുത്തുന്നു.

ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ടേസ്റ്റി ഹോട്ടൽ ഉടമ മൊട്ടമ്മൽ ലക്ഷ്മണൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 2017 ൽ രമേശൻ തന്റെ പേരിൽ സ്വർണം പണയം വെച്ചിരുന്നുവെന്നും ഇത്രയും കാലമായിട്ടും ഒരു നോട്ടീസു പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും, ബാങ്ക് ജീവനക്കാർക്കടക്കം തട്ടിപ്പിൽ പങ്കുണ്ടോയെന്ന സംശയം ഉയർത്തുന്നതാണിതെന്നും പരാതിയിൽ പറയുന്നു. അതിനിടെ, രമേശന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. രമേശന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ കർമ്മസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്