തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബാങ്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ. എന്നാൽ ഇതിനെ എസ്‌ബിഐയുമായി ലയിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതോടെ എസ്‌ബിറ്റി അപ്രത്യക്ഷമാകും. എല്ലാം എസ് ബി ഐയായി മാറും. ഇതോടെ കേരളത്തിന് സ്വന്തം ബാങ്ക് ഇല്ലാതാകും. ഇതിന് പരിഹാരം നിയുക്ത ധനമന്ത്രി തോമസ് ഐസക്കിന്റെ കൈയിലുണ്ട്. പുതിയ സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം ആദ്യം കൈക്കൊള്ളുന്ന തീരുമാനങ്ങളിലൊന്ന് സർക്കാർ ഉടമസ്ഥതയിലുള്ള പുതിയ ബാങ്കിന്റെ രൂപീകരണമായിരിക്കും.

പുതിയ ബാങ്കിന്റെ പ്രവർത്തനം ഒന്നര വർഷത്തിനുള്ളിൽ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എസ്.ബി.ഐയിൽ ലയിക്കാൻ ഒന്നര വർഷമെങ്കിലുമെടുത്തേക്കും. അതായത് എസ്‌ബിറ്റി അപ്രത്യക്ഷമാകുമ്പോൾ ബാങ്ക് കേരളം എത്തുമെന്ന് ചുരുക്കം

സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സർക്കാർ ബാങ്ക് രൂപീകരിക്കുമെന്ന് ഇടതുമുന്നണി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. നബാർഡ് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ബാങ്ക് രൂപീകരണം. 80,000 കോടി രൂപയാണ് പ്രവാസി കേരളീയർ പ്രതിവർഷം കേരളത്തിലേക്കയയ്ക്കുന്നത്. ഇത് പുതിയ ബാങ്കിന് കൈകാര്യം ചെയ്യാനായാൽ വൻ വിജയമാവും. സംസ്ഥാനത്തെ ബാങ്കിങ് രംഗത്ത് സഹകരണ മേഖല ശക്തമാണ്. കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും സഹകരണമുണ്ടെങ്കിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ പുതിയ ബാങ്കിന്റെ കീഴിലാക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പുതിയ ബാങ്ക് പൂർണ്ണമായി സംസ്ഥാന സർക്കാർ നിയന്ത്രണത്തിലാവണോ, കേന്ദ്ര സർക്കാരിനും നബാർഡ് തുടങ്ങിയ സ്ഥാപനങ്ങൾക്കും പങ്കാളിത്തം വേണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. സംസ്ഥാന സർക്കാരിന് കേരള ഗ്രാമീണ ബാങ്കിൽ ഇപ്പോൾ 15 ശതമാനം പങ്കാളിത്തമാണുള്ളത്. 50 ശതമാനം പങ്കാളിത്തം കേന്ദ്ര സർക്കാരിനും 35 ശതമാനം പങ്കാളിത്തം കാനറാ ബാങ്കിനുമാണ്. വിദേശത്തു നിന്ന് നേരിട്ടുള്ള നിക്ഷേപവും വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള നിക്ഷേപവും സ്വീകരിച്ചാൽ ബാങ്കിന് സ്ഥിരത കൈവരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

വിദേശ നിക്ഷേപത്തെച്ചൊല്ലി ബഹളമുണ്ടാക്കുന്നതിൽ അർത്ഥമില്ലെന്നാണ് നിയുക്ത ധനകാര്യമന്ത്രി തോമസ് ഐസക് പറയുന്നത്. ഐസക്കിന്റെ നേതൃത്വത്തിൽ പുതിയ ബാങ്കിനുള്ള രൂപരേഖ തയ്യാറാവുകയാണ്.