കൊല്ലം : റദ്ദായ മൊബൈൽ നമ്പർ ഉപയോഗിച്ച് വിരമിച്ച ഉദ്യോഗസ്ഥയുടെ അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ പിടികൂടി. എറണാകുളം കരിമാല്ലൂർ തടിക്കകടവ് കുട്ടുങ്ങപ്പറമ്പിൽ ഹൗസിൽ ഇബ്രാഹിം (ഉമ്പായി-34), മൂവാറ്റുപുഴ മുളവൂർ വി എം വട്ടക്കാട്ട് കുടിയിൽ ഹൗസിൽ മൊയ്തീൻഷാ (32), പെരുമ്പാവൂർ റയോൺപുരം കാഞ്ഞിരക്കാട് പുതുക്കാടൻ വീട്ടിൽ ഷാമോൻ (31) എന്നിവരാണ് കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. 8.16 ലക്ഷം രൂപയാണ് ഇവർ വിരമിച്ച ഉദ്യോഗസ്ഥയുടെ ബാക്ക് അക്കൗണ്ടിൽ നിന്ന് കൈക്കലാക്കിയത്.

ഇതിൽ ഇബ്രാഹിം നിരവധി കേസുകളിൽ പ്രതിയാണ്. കേസിലെ മറ്റൊരു പ്രതി പെരുമ്പാവൂർ റയോൺപുരം കാഞ്ഞിരക്കാട് പുതുക്കാടൻവീട്ടിൽ ഷാനവാസി(29)നെ പെരുമ്പാവൂരിൽനിന്ന് കഴിഞ്ഞ ഏഴിന് പൊലീസ് പിടികൂടിയിരുന്നു.

ആശ്രാമം സ്വദേശിയും തിരുമുല്ലവാരത്ത് താമസക്കാരിയുമായ ഐക്യനഗർ-185, അനുഗ്രഹയിൽ ശോഭനകുമാരിയുടെ അക്കൗണ്ടിൽനിന്നാണ് 8.16 ലക്ഷം രൂപ പ്രതികൾ നെറ്റ് ബാങ്കിങ് ദുരുപയോഗം ചെയ്ത് അപഹരിച്ചത്. 2009ലാണ് ശോഭനകുമാരി അക്കൗണ്ട് എടുത്തത്. അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ നമ്പർ തുടർച്ചയായി ഉപയോഗിക്കാതിരുന്നതിനാൽ റദ്ദായി. ഈ നമ്പർ പിന്നീട് ലഭിച്ചത് ഈ സംഘത്തിനാണ്.

ഇതിലേക്ക് ബാങ്കിൽനിന്നുള്ള അറിയിപ്പുകൾ വന്നുകൊണ്ടിരുന്നു. മെസേജുകളിൽനിന്നു ലഭിച്ച ലിങ്ക് ഉപയോഗിച്ച് മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ പ്രതികളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു. അതുവഴി പണം സംഘത്തിൽപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് മാറ്റി. മൂന്നുനാലു തവണയായി മുഴുവൻ തുകയും പിൻവലിച്ചു. അതിൽ രണ്ടുലക്ഷം ഷാനവാസിന്റെ അക്കൗണ്ടിലും ബാക്കി മറ്റുള്ളവരുടെ അക്കൗണ്ടിലുമാണെന്ന് പൊലീസ് കണ്ടെത്തി.പ്രതികളെ ആലുവയിൽനിന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.