മുംബൈ: രാജ്യത്തെ ബാങ്ക് തട്ടിപ്പുകൾക്ക് ഒരറുതിയുമില്ലെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ( ആർബിഐ) . കഴിഞ്ഞ വർഷം മാത്രം അറുപതിനായിരം കോടിയിലധികം രൂപയുടെ തട്ടിപ്പുകളാണ് ബാങ്കുകളിൽ നടന്നിരിക്കുന്നതെന്ന് ആർബിഐ രേഖകൾ. 2020-21നേക്കാൾ ഏതാണ്ട് 56.28 ശതമാനം തട്ടിപ്പുകൾ കുറവുണ്ടെന്നാണ് വിവരാവകാശ രേഖ സൂചിപ്പിക്കുന്നത്.

സ്വകാര്യ ബാങ്കുകളിലാണ് ഏറെയും തട്ടിപ്പുകൾ നടക്കുന്നത്. എന്നാൽ, പണം നഷ്ടം ഏറ്റവും കൂടുതൽ സംഭവിച്ചിരിക്കുന്നത് പൊതുമേഖലാ ബാങ്കുകളിലാണ്. സ്വകാര്യ ബാങ്കുകളിൽ ചെറിയ തുകകളുടെ തട്ടിപ്പുകളാണ് ഏറെയും നടന്നിരിക്കുന്നത്. പൊതുമേഖല ബാങ്കുകളിൽ വായ്പ തട്ടിപ്പുകളാണ് എറെയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊത്തം തട്ടിപ്പുകളുടെ കണക്കെടുക്കുമ്പോൾ 58.328 കോടി രൂപയാണ് വായ്പ തട്ടിപ്പിലൂടെ ബാങ്കുകൾക്ക് നഷ്ടമായിരിക്കുന്നത്.

തട്ടിപ്പുകൾ നടന്നിരിക്കുന്നത് പ്രധാനമായും ദേശസാൽകൃത- ഷെഡ്യൂൾ ബാങ്കുകളിലാണ് ഇത്രയേറെ തട്ടിപ്പുകൾ നടന്നിരിക്കുന്നത്. 78,000 തട്ടിപ്പുകളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ 60,530 കോടി രൂപയാണ് ബാങ്കുകൾക്ക് നഷ്ടമായിരിക്കുന്നതെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. 2800-ലധികം തട്ടിപ്പ് കേസുകൾ ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാണ് നടന്നിരിക്കുന്നത്. ഇന്റർനെറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വലിയ തോതിൽ തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച പൂർണ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. വേഗത്തിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് തട്ടിപ്പുകൾ ഏറെയും നടക്കുന്നത്.

പ്രതിദിനം 750-ലധികം ബാങ്ക് തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും ബാങ്കിങ് ഓംബുഡ്‌സ് മാന്റെ പക്കലാണ് പരാതികളെത്തുന്നത്. ബാങ്കിങ് ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ച് പരിശോധിക്കുന്നതിനും അവയ്ക്ക് പരിഹാരം തേടുന്നതിനുമാണ് 2006-ൽ ബാങ്കിങ് ഓംബുഡ്‌സ്മാൻ സംവിധാനം ആർബിഐ ഏർപ്പെടുത്തിയത്.

സമീപകാലത്ത് നടന്ന ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിലൊന്നാണ് മുംബൈ ആസ്ഥാനമായ എബിജി ഷിപ്പയാർഡ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയ തട്ടിപ്പ്. രാജ്യം കണ്ടതിൽവെച്ച് ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുൾപ്പെടെ 27 ബാങ്കുകളിൽ നിന്നായി 22,842 കോടി രൂപയാണ് തട്ടിയെടുത്തത്. കപ്പൽ നിർമ്മാണത്തിനും, അറ്റകുറ്റപ്പണിക്കുമായി സ്ഥാപിച്ച കമ്പനിയെന്ന പേരിലാണ് ബാങ്കുകളിൽ നിന്ന് കോടികണക്കിന് രൂപ വായ്പയെടുത്തത്.

ഗുജറാത്തിലെ ദഹേജിലും, സൂററ്റിലുമാണ് ഇവരുടെ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. തട്ടിപ്പിന്റെ പേരിൽ കമ്പനി ചെയർമാൻ റിഷി കമലേഷ് അഗർവാളിനെയും, മുതിർന്ന ഉദ്യോഗസ്ഥരെയും കഴിഞ്ഞ മാസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.