പത്തനംതിട്ട: പണം പോയ നിരവധി പാവങ്ങൾ നെഞ്ചത്തടിച്ച് വിലപിച്ചിട്ടും തുറക്കാതിരുന്ന പൊലീസിന്റെ കണ്ണ് ഒടുവിൽ തുറന്നു. നിക്ഷേപകരിൽ നിന്ന് കോടികൾ വെട്ടിച്ച് ഒളിവിൽ സുഖജീവിതം നയിച്ച ചെറുകോൽ തേവർവേലിൽ ബാങ്കേഴ്സ് ഉടമ കെവി മാത്യുവിനെ പൊലീസ്

മണിക്കൂറുകൾക്കുള്ളിൽ പൊക്കി. ഇയാളുടെ അറസ്റ്റോടെ കേസ് ചുരുട്ടിക്കെട്ടാനാണ് അടുത്ത നീക്കം. ഒളിവിൽ കഴിയുന്ന മാത്യുവിന്റെ ഭാര്യ ആനിയെ ഉടനെയെങ്ങും അറസ്റ്റ് ചെയ്യില്ലെന്നാണ് ആരോപണം. 10000 മുതൽ 10 ലക്ഷം വരെ നഷ്ടമായവർ ചേർന്നാണ് ബാങ്ക്
ഉടമയ്ക്കും ഭാര്യയ്ക്കും എതിരേ പരാതി നൽകിയിരുന്നത്. ഒത്തു തീർപ്പ് ചർച്ച നടത്തിയ പൊലീസ് ഇയാൾ ഒളിവിൽ പോയപ്പോൾ നിക്ഷേപർക്ക് മുന്നിൽ കൈമലർത്തി.

വികലാംഗർ, വിധവകൾ, കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ എന്നിവർ കണ്ണിലെ കൃഷ്ണമണി പോലെ സ്വരൂപിച്ച് സൂക്ഷിച്ചിരുന്ന വലുതും ചെറുതുമായ തുകകളാണ് മാത്യുവും കുടുംബവും ചേർന്ന് അടിച്ചു മാറ്റി മുങ്ങിയത്. ചെറുകോൽ വാഴക്കുന്നം ജങ്ഷന് സമീപം പ്രവർത്തിച്ചിരുന്ന തേവർവേലിൽ ബാങ്കേഴ്സ് ഉടമ മാത്യുവിനെ(52)തിരുവല്ലയിലെ സ്വന്തം ഫ്ളാറ്റിൽ നിന്നുമാണ് ആറന്മുള പൊലീസ് പിടികൂടിയത്. ഇയാളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നിക്ഷേപകർ ആരോപിച്ചിരുന്നു. നെടുമ്പാശേരിയിലും തിരുവല്ലയിലും ഫ്ളാറ്റുകൾ ഉള്ള ഇയാൾ ഈ രണ്ടു സ്ഥലങ്ങളിലും മാറി മാറി താമസിക്കുകയാണെന്നായിരുന്നു നിക്ഷേപകർ
പറഞ്ഞിരുന്നത്.

മാത്യുവിന്റെ പിതാവ്, ഫെഡറൽ ബാങ്ക് മുൻ ഉദ്യോഗസ്ഥനായ ടി.എം.വർഗീസും (പാപ്പച്ചൻ) ഭാര്യ മേരിക്കുട്ടിയും ചേർന്നാണ് 25 വർഷം മുമ്പ് ബാങ്ക് ആരംഭിച്ചത്. തുടക്കത്തിൽ തന്നെ നിക്ഷേപകരുടെ വിശ്വാസമാർജിക്കാൻ വർഗീസിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ
മരണശേഷം മാത്യുവും ഭാര്യയും സാരഥ്യം ഏറ്റതോടെയാണ് നിക്ഷേപകർ വഞ്ചിതരാകാൻ തുടങ്ങിയത്. സ്ഥാപനത്തോടുള്ള വിശ്വാസ്യത മുതലാക്കിയായിരുന്നു തട്ടിപ്പ്. അയിരൂർ, ചെറുകോൽ, വാഴക്കുന്നം, കാട്ടൂർപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നൂറുകണക്കിന്
സാധാരണക്കാരാണ് ഒരായുസ് മുഴുവൻ സമ്പാദിച്ച സ്വത്ത് ബാങ്കിൽ നിക്ഷേപിച്ചത്. വിധവകളും വികലാംഗരുമുൾപ്പെടെ നിത്യവരുമാനക്കാർ കൂട്ടി വച്ചതൊക്കെയുമാണ് ബാങ്കുടമകൾ തട്ടിയെടുത്തത്. ഉയർന്ന പലിശ, കുറഞ്ഞ നിക്ഷേപ കാലാവധി എന്നീ മോഹനസുന്ദര വാഗ്ദാനങ്ങളിൽ ആകൃഷ്ടരായിട്ടാണ് പലരും ഇവിടെ പണം നിക്ഷേപിച്ചത്.

മക്കളുടെ വിവാഹം, വിദ്യാഭ്യാസം എന്നിവയ്ക്ക് വേണ്ടി നിക്ഷേപിച്ച പണമാണ് തിരിമറി നടത്തി ഉടമ മുങ്ങിയത്. ഇതിനു പിന്നിൽ ഇദ്ദേഹത്തിന്റെ ഭാര്യ ആനിക്കും അവരുടെ സഹോദരൻ ജേക്കബ് മനു മാത്യുവിനും വ്യക്തമായ പങ്കുണ്ടെന്നും നിക്ഷേപകർ പറയുന്നു. ആദ്യം കാനഡയിലേക്ക് കുടിയേറിയ ജേക്കബ് മനു മാത്യു സഹോദരിയേയും ഭർത്താവിനെയും അവിടേക്ക് കൊണ്ടു പോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി നാട്ടുകാർ അറിയാതെ മാത്യു നാട്ടിലെ സ്വത്തുക്കൾ രഹസ്യമായി വിറ്റു. മൂന്നുമാസം മുമ്പ ് ബാങ്ക്
നിന്നിരുന്ന സ്ഥലവും കെട്ടിടവും രഹസ്യമായി വിറ്റ് കാശാക്കി. ഇതിനിടെ വിവിധ ആവശ്യങ്ങൾക്കായി നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടവരെ ഒഴിവു കഴിവുകൾ പറഞ്ഞ് തിരിച്ചയക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർക്ക് സംശയം ബലപ്പെട്ടത്.

പല തവണ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിട്ടും ഫലമുണ്ടാകാഞ്ഞതിനെ തുടർന്ന് കോഴഞ്ചേരി സിഐയ്ക്ക് നാട്ടുകാർ പരാതി നൽകി. സിഐയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിന് മാത്യുവും ആനിയും തയാറായി. ഇതനുസരിച്ച് കഴിഞ്ഞ 15 ന് മുമ്പ് പണം മുഴുവൻ കൊടുത്തു തീർക്കാമെന്ന് സമ്മതിച്ചു. 13 ന് പണം ആവശ്യപ്പെട്ട് ചെന്നവരോട് ധൈര്യമായി ഇരിക്കാനും 15 ന് തീർച്ചയായും നൽകാമെന്നുമാണ് ഇവർ പറഞ്ഞത്. എല്ലാവരെയും കബളിപ്പിച്ചു കൊണ്ട് 13ന് രാത്രി ഇവർ വീടുപൂട്ടി സ്ഥലം വിടുകയായിരുന്നു.

നിക്ഷേപകർ പിന്നാലെ കൂടി. ഇവർ തിരുവല്ലയിലെ ഫ്ളാറ്റിലും നെടുമ്പാശേരിയിലെ വില്ലയിലും മാറി മാറി താമസിക്കുകയാണെന്ന് നിക്ഷേപകർ കണ്ടെത്തി. ഈ വിവരം പൊലീസിന് കൈമാറി. എന്നാൽ, പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ ഇവർ മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഇതോടെയാണ് അറസ്റ്റിന് ചുരുളഴിഞ്ഞത്. തട്ടിപ്പിലെ മുഖ്യകണ്ണിയായ ആനിയെ കൂടി അറസ്റ്റ് ചെയ്ത് തങ്ങളുടെ നഷ്ടപ്പെട്ട തുക തിരികെ വാങ്ങി നൽകണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.