കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിസ ലഭിക്കുന്നതിന് തൊഴിലുടമ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കണം എന്ന നിബന്ധന കുവൈത്ത് പിൻവലിച്ചു.കുവൈത്ത് തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹിന്റെ നിർദ്ദേശ പ്രകാരമാണ് തീരുമാനം.

തൊഴിൽ വിസ ലഭിക്കുന്നതിന് ഓരോ വിസയ്ക്കും 250 ദിനാർ വീതം കെട്ടിവക്കണമെന്ന നിയമം ഈ വർഷം ഏപ്രിലോടെയാണ് നിലവിൽ വന്നത്.എന്നാൽ സർക്കാർ കരാർ ഏറ്റെടുക്കുന്ന കമ്പനികൾ, ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ തുടങ്ങിയ സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് പുതിയ വിസ ലഭിക്കുന്നതിന് പഴയത് പോലെ 250 ദിനാർ വീതം കെട്ടിവക്കണമെന്നും മാൻപവർ അഥോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ അറിയിച്ചു.

പുതിയ തീരുമാനപ്രകാരം നേരത്തെ കെട്ടിവച്ച കമ്പനികൾക്ക് തുക തിരികെ നൽകാൻ നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.സർക്കാർ കരാർ പദ്ധതികൾക്കായി വിദേശരാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ട് വരുന്നവർക്കും ക്ലീനിങ് കമ്പനികൾക്കും ബാങ്ക് ഗ്യാരണ്ടി നിബന്ധന തുടരും. രാജ്യത്ത് ഏകീകൃത തൊഴിൽ കരാർ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗ്യാരണ്ടി നിബന്ധന പിൻവലിക്കുന്നതെന്നാണ് സൂചന. ബാങ്ക് ഗ്യാരന്റിക്കായി തൊഴിൽ ദാതാക്കൾ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം എന്നും തൊഴിലാളി സേവനം മതിയാക്കി സ്വന്തം രാജ്യത്തേക്ക് മടങ്ങുകയോ മറ്റൊരു കമ്പനിയിലേക് മാറുകയോ ചെയ്യുന്നത് വരെ അക്കൗണ്ടിൽ 250 ദിനാർ ഉണ്ടായിരിക്കണം എന്നും അഥോറിറ്റി വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം നിബന്ധന പിൻവലിച്ചു.