കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളെ രാജ്യത്തുകൊണ്ടുവരുന്നതിനെ കമ്പനികൾ 250 കുവൈത്തി ദിനാർ കെട്ടിവയ്ക്കണമെന്നുള്ള നിയമം ബുധനാഴ്‌ച്ച മുതൽ പ്രാബല്യത്തിലാകും. ഇത് സംബന്ധിച്ച് തൊഴിൽ, സാമുഹ്യ വകുപ്പ് നിർദ്ദേശം നൽകി. ബാങ്ക് ഗാരന്റി കെട്ടിവച്ചാൽ മാത്രമേ പുതിയ വിസയിൽ വർക് പെർമിറ്റ് അനുവദിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. 250 ദീനാർ ബാങ്ക് ഗാരന്റി കെട്ടിവെക്കാൻ തൊഴിലുടമകൾ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് അദ്ദൂസരി ആവശ്യപ്പെട്ടു.

രാജ്യത്തേക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരാനുള്ള നിയന്ത്രണം എടുത്തുകളയുന്നതിന്റെ ഭാഗമായാണ് ബാങ്ക് ഗാരന്റി ഏർപ്പെടുത്തുന്നത്. വിസക്കച്ചവടവും അതുവഴിയുള്ള മനുഷ്യക്കടത്തും തടയുകയാണ് ലക്ഷ്യം. വിദേശ തൊഴിലാളികൾ ഒളിച്ചോടുന്ന കേസുകൾ കൈകാര്യംചെയ്യാൻ പ്രത്യേക ഇലേക്ട്രാണിക് സംവിധാനം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും തൊഴിലാളി ഒളിച്ചോടി എന്ന കേസ് തൊഴിലുടമ രജിസ്റ്റർ ചെയ്താൽ ഇതുവഴി തൊഴിലാളികൾക്ക് അറിയാനാവും.ചില തൊഴിലുടമകൾ തൊഴിലാളികൾ ഒളിച്ചോടി എന്ന വ്യാജ പരാതികൾ നൽകുന്നതായി തൊഴിൽ മന്ത്രാലയം കണ്ടത്തെിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഒളിച്ചോടിയ വിവരം തൊഴിലുടമകൾ രജിസ്റ്റർ ചെയ്താൽ തൊഴിൽ മന്ത്രാലയം തൊഴിലാളികളെ പുതിയ സംവിധാനം വഴി അറിയിക്കും.പ്രശ്‌നപരിഹാരത്തിന് തൊഴിലാളിക്ക് തൊഴിൽ മന്ത്രാലയത്തെ സമീപിക്കാം. എന്നാൽ, ഒളിച്ചോടിയ കേസ് ഇലക്ട്രോണിക് സംവിധാനം വഴി പരസ്യംചെയ്ത് മൂന്നു മാസത്തിനു മുമ്പ് തൊഴിലാളി തൊഴിൽ മന്ത്രാലയത്തെ സമീപിച്ചില്ലെങ്കിൽ
തൊഴിലാളിക്കെതിരെ നടപടിയെടുക്കാൻ തൊഴിലുടമക്ക്ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കാം.

കൂടാതെ കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി രാജ്യത്ത് വിവിധ കാരണങ്ങളാൽ ഭാഗികമായി നിർത്തിവച്ചിരുന്ന വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റാണ് ബുധനാഴ്ച മുതൽ പുനരാരംഭിക്കാനും തീരുമാനമായിട്ടുണ്ട്.