കൊച്ചി : ഓണത്തോടനുബന്ധിച്ചു ബാങ്കുകൾക്കു തുടർച്ചയായി ഏഴു ദിവസം അവധി പ്രഖ്യാപിച്ചത് ഇടപാടുകാർക്ക് പ്രശ്‌നമാകും. എടിഎമ്മുകളിൽ പണം ഇടാൻ ഉദ്യോഗസ്ഥരുണ്ടാകില്ല. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളിൽ പണം എടുക്കാനും ആളുകൾ വലയും. ബക്രീദ് (സെപ്റ്റംബർ 12തിങ്കൾ), ഒന്നാം ഓണം (സെപ്റ്റംബർ 13ചൊവ്വ), തിരുവോണം (സെപ്റ്റംബർ 14 ബുധൻ), മൂന്നാം ഓണം (സെപ്റ്റംബർ 15വ്യാഴം), നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി (സെപ്റ്റംബർ 16വെള്ളി) ദിവസങ്ങളിൽ അവധിയാണ്. സെപ്റ്റംബർ 10 രണ്ടാം ശനിയാണ്. അന്നും ബാങ്കില്ല. തൊട്ടടുത്ത ദിവസവും ഞായറാഴ്ച ആയതിനാൽ പ്രവർത്തിക്കില്ല. അതായത് പത്തിന് ബാങ്ക് അടച്ചാൽ പിന്നെ 17ന് മാത്രമേ ബാങ്ക് ഉണ്ടാവുകയുള്ളൂ. അസാധാരണ സാഹചര്യമായി ഇതിനെ വിലയിരുത്തുന്നുവരുണ്ട്.

ഇതിൽ ഏറ്റവും പ്രതിസന്ധിയിലാകുന്നത് ബിവറേജസ് കോർപ്പറേഷനാണ്. ഓണക്കാലം സർക്കാർ മദ്യവിൽപനശാലകൾക്കു ചാകരക്കാലമാണ്. ഓരോ ദിവസവും ശരാശരി 15 ലക്ഷം മുതൽ മേലോട്ടാണ് ഓരോ കടയിലെയും വരുമാനം. കഴിഞ്ഞ ഉത്രാടത്തിനും തിരുവോണത്തിനുമായി വൈറ്റില ബവ്‌കോ ഷോപ്പിൽ നടന്നത് ഒരു കോടിയുടെ കച്ചവടം. എന്നാൽ പിരിഞ്ഞു കിട്ടുന്ന തുക ഏവിടെ സൂക്ഷിക്കുമെന്നതാണ് പ്രശ്‌നം. ഓണത്തോടനുബന്ധിച്ചു ബാങ്കുകൾക്കു തുടർച്ചയായി ഏഴു ദിവസം അവധി പ്രഖ്യാപിച്ചത് കടുത്ത വെല്ലുവിളിയാണ്. ലക്ഷക്കണക്കിനു രൂപ ഓരോ ദിവസവും കടയിൽ സൂക്ഷിക്കണമെന്ന പ്രശ്‌നത്തിന് ബവ്‌റിജസ് കോർപറേഷൻ തന്നെ പരിഹാരവും നിർദ്ദേശിച്ചു. ബാങ്ക് അവധിയെങ്കി!ൽ പെട്ടിയിൽനിറച്ചു പണം തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചാൽ മതിയെന്നാണു പുതിയ നിർദ്ദേശം.

ക്രമസമാധാന പ്രശ്‌നം രൂക്ഷമായ ചില തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബാങ്കുകൾ പൂട്ടി എല്ലാ ദിവസവും വൈകിട്ടു താക്കോൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിൽപോകുന്ന രീതിയുണ്ട്. ഈ മാതൃക ബിവറേജസ് ഔട് ലെറ്റുകളും സ്വീകരിക്കാനാണ് ഒരുങ്ങുന്നത്. എന്നാൽ, ബവ്‌കോയുടെ നിർദ്ദേശത്തോട് ആഭ്യന്തര വകുപ്പ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇത്രയും പണത്തിനു സ്റ്റേഷനിൽ കാവലൊരുക്കാ!ൻ കഴിയില്ലെന്ന നിലപാടിലാണു പൊലീസ്. അങ്ങനെ തർക്കം മുറുകുകയാണ്. അതേസമയം, കുറച്ചുകൂടി കടന്ന നിർദ്ദേശമാണു കൺസ്യൂമർഫെഡ് മാനേജ്‌മെന്റ് ജീവനക്കാർക്കു നൽകിയിരിക്കുന്നത്. ഓണക്കാലത്ത് കടയിലെ കലക്ഷൻ ബാങ്കിലടയ്ക്കാൻ കഴിയില്ലെന്നതിനാൽ രണ്ടു ജീവനക്കാർ എല്ലാ ദിവസവും രാത്രിയിൽ കടയിൽ തങ്ങണമെന്നാണു കൺസ്യൂമർഫെഡിന്റെ നിർദ്ദേശം.

എന്നാൽ, ജീവനക്കാരാരും ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയാറായിട്ടില്ല. എറണാകുളം, തിരുവനന്തപുരം എന്നിവയൊഴിച്ചുള്ള ജില്ലകളിൽ ബാങ്കുകൾ നേരിട്ടാണ് ഓരോ ദിവസത്തെയും തുക ബവ്‌കോ ഔട്‌ലെറ്റിൽ എത്തി ശേഖരിക്കുന്നത്. എറണാകുളത്തും തിരുവനന്തപുരത്തും ബാങ്കുകൾ ഇതിൽനിന്നു പിന്മാറിയതോടെ പണം സൂക്ഷിക്കുകയും ബാങ്കിലടയ്ക്കുകയും ചെയ്യേണ്ട ചുമതല എല്ലാ ദിവസവും ജീവനക്കാരുടെ ചുമലിലാണ്.