തിരുവനന്തപുരം: ഓണത്തിന് എടിഎമ്മിൽ നിന്ന് പണം എടുക്കാനാവാതെ മലയാളി കുടുങ്ങിയതാണ്. ആറ് ദിവസത്തെ അവധിയായിരുന്നു ഇതിന് കാരണം. ഇപ്പോഴിതാ വീണ്ടും ബാങ്കിന് നാല് ദിവസത്തെ തുടർച്ചയായ അവധി. ബാങ്കുകൾക്ക് ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ നാലുദിവസം അവധി. ഈ ദിവസങ്ങളിൽ എ.ടി.എമ്മുകളിൽ പണം ഒഴിയാതിരിക്കാനുള്ള നടപടിയെടുക്കാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ബാങ്കുകൾക്ക് നിർേദശം നൽകി. എടിഎമ്മുകളിൽ പണം ഉണ്ടാകുമെന്ന് ഉറപ്പു പറയുകയാണ് ബാങ്കേഴ്‌സ് സമിതി.

എന്നാൽ ഇടപാടുകാർ ആശങ്കയിലാണ്. ഓണത്തിനും ഇത്തരം വാഗ്ദാനങ്ങൾ ബാങ്കുകൾ നൽകിയിരുന്നു. എന്നാൽ അവധി തുടങ്ങിയതോടെ ബാങ്കുകളിൽ പണവും തീർന്നു. എടിഎമ്മുകളെല്ലാം നിശ്ചലമായി. അത് വീണ്ടും ആവർത്തിക്കാൻ തന്നെയാണ് സാധ്യത. അതിനാൽ ആളുകൾ പരമാവധി തുക ഇന്നു തന്നെ പിൻവലിച്ച് സൂക്ഷിക്കാനാണ് സാധ്യത.

ഒമ്പതിന് രണ്ടാം ശനിയാഴ്ചയാണ്. പത്ത് ഞായറാഴ്ചയും. തിങ്കളും ചൊവ്വയും നവരാത്രിപൂജ പ്രമാണിച്ചുള്ള അവധിയാണ്. ഇനി ബുധനാഴ്ചയാണ് ബാങ്കുകൾ പ്രവർത്തിക്കുക. ഓണത്തിന് നീണ്ട അവധിക്കാലത്ത് പല എ.ടി.എമ്മുകളിലും പണമില്ലാതായത് ജനങ്ങളെ വലച്ചിരുന്നു. ഇതു കണക്കിലെടുത്ത് ഇത്തവണ നേരത്തെന്നെ ബാങ്കുകൾക്കു നിർേദശം നൽകി. അവധിദിവസങ്ങളിലും സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മുകളിൽ പണം ഉറപ്പാക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രാദേശികാസ്ഥാനം അറിയിച്ചു.

എസ്.ബി.െഎ. ചീഫ് ജനറൽ മാനേജർ എസ്.വെങ്കിട്ടരാമനും എസ്.ബി.ടി. മാനേജിങ് ഡയറക്ടർ സി.ആർ.ശശികുമാറും വെള്ളിയാഴ്ച ഇതേപ്പറ്റി ചർച്ചചെയ്ത് ബദൽമാർഗങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.